കൊച്ചി: രണ്ടോ മൂന്നോ വർഷം കഴിഞ്ഞാൽ ക്ളിഫ് ഹൗസിൽവരെ ഭാരതാംബയെ വയ്ക്കുമെന്ന് ബിജെപി നേതാവ് കെ സുരേന്ദ്രൻ. യോഗയെ പരിഹസിച്ചവരാണ് ഇപ്പോൾ ഭാരതാംബയെ എതിർക്കുന്നത്. അതിനാൽ യോഗയെ ഏറ്റെടുത്തതുപോലെ ഭാരതാംബയെയും ഏറ്റെടുക്കുമെന്നും ബിജെപി മുൻ സംസ്ഥാന അദ്ധ്യക്ഷൻ പറഞ്ഞു. കൊച്ചിയിൽ മാദ്ധ്യമങ്ങളോട് സംസാരിക്കവേയാണ് അദ്ദേഹത്തിന്റെ പ്രതികരണം.
'അന്താരാഷ്‌ട്ര യോഗാദിനം ആചരിക്കാൻ പ്രധാനമന്ത്രി തീരുമാനിച്ചപ്പോൾ അത് സംഘപരിവാർ അജണ്ടയാണെന്നും അപരിഷ്‌കൃതമാണെന്നും പറഞ്ഞവരാണ് മുഖ്യമന്ത്രിയും മന്ത്രിമാരും. എന്നാൽ അവർ ഇന്ന് യോഗാദിനം കൊണ്ടാടുകയാണ്. ഭാരതാംബ സങ്കൽപ്പം ആദ്യകാലം മുതൽ ഇവിടെയുണ്ട്. കാവിക്കൊടിയും ഭാരതാംബയും രാജ്‌ഭവനിൽ വയ്ക്കാൻ പാടില്ലെന്ന നിലപാടെടുക്കാനുള്ള അധികാരം സംസ്ഥാന മന്ത്രിമാർക്കില്ല. അക്രമത്തിന്റെ ചിഹ്നമായ അരിവാളും ചുറ്റികയും കൊണ്ടുനടക്കുന്നവർക്ക് ഭാരതാംബയെ അംഗീകരിക്കാനാവില്ല. കാവിയോടുള്ള അലർജി പച്ചയെ കൂടുതൽ കൂട്ടുപിടിക്കാൻ വേണ്ടിയാണ്. മുസ്ലീം വർഗീയവാദികളെ പ്രീണിപ്പിക്കാനാണ് കോൺഗ്രസും ഇടതുപക്ഷവും കാവിയെ എതിർക്കുന്നത്. കാവിക്കൊടി രാജ്യത്തിന്റെ പൈതൃകത്തിന്റെ ഭാഗമാണ്'- കെ സുരേന്ദ്രൻ വ്യക്തമാക്കി.
അതേസമയം, രാജ്ഭവനിലെ ചടങ്ങുകളിൽ കാവിക്കൊടിയേന്തിയ ഭാരതാംബയുടെ ചിത്രം വയ്ക്കുന്നതിനെതിരെ സർക്കാർ നിയമനടപടികളിലേക്ക് കടക്കുകയാണെന്നാണ് വിവരം. നിയമ സെക്രട്ടറിയോടും അഡ്വക്കേറ്റ് ജനറലിനോടും ഇതുസംബന്ധിച്ച് ഉപദേശം തേടി. ചിത്രം ഭരണഘടനാ വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി കേസുകൊടുക്കാനും നീക്കമുണ്ട്. എന്നാൽ രാജ്ഭവനിൽ എന്തൊക്കെ ഉപയോഗിക്കണമെന്ന് താനാണ് നിശ്ചയിക്കേണ്ടതെന്നും സർക്കാർ കോടതിയെ സമീപിച്ചാൽ നിയമപരമായി നേരിടുമെന്ന നിലപാടിലാണ് ഗവർണർ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |