ലീഡ്‌സ്: ഇംഗ്ലണ്ടിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ആദ്യ ഇന്നിംഗ്‌സില്‍ ഇന്ത്യ 471ന് പുറത്ത്. 430ന് മൂന്ന് എന്ന ശക്തമായ നിലയില്‍ നിന്ന ഇന്ത്യ വെറും 41 റണ്‍സ് കൂടി കൂട്ടിച്ചേര്‍ക്കുന്നതിനിടെയാണ് അവസാനത്തെ ഏഴ് വിക്കറ്റുകള്‍ നഷ്ടപ്പെടുത്തിയത്. നാല് വിക്കറ്റുകള്‍ വീതം വീഴ്ത്തിയ ജോഷ് ടംഗ്, ബെന്‍ സ്റ്റോക്‌സ് എന്നിവരാണ് ഇന്ത്യന്‍ മദ്ധ്യനിരയേയും വാലറ്റത്തേയും എറിഞ്ഞിട്ടത്. ആദ്യ ഇന്നിംഗ്‌സില്‍ യശസ്വി ജയ്‌സ്‌വാള്‍ (101), ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്‍ (147) എന്നിവര്‍ക്ക് പുറമേ വിക്കറ്റ് കീപ്പര്‍ റിഷഭ് പന്തും (134) ഇന്ത്യക്ക് വേണ്ടി സെഞ്ച്വറി നേടി.
ഗില്‍ - പന്ത് സഖ്യം നാലാം വിക്കറ്റില്‍ 209 റണ്‍സാണ് അടിച്ചെടുത്തത്. ഷൊയ്ബ് ബഷീറിന്റെ പന്തില്‍ ഡീപ് മിഡ് വിക്കറ്റില്‍ ജോഷ് ടംഗിന് ക്യാച്ച് നല്‍കി നായകന്‍ മടങ്ങിയതോടെയാണ് ഈ സഖ്യം പിരിഞ്ഞത്. പിന്നാലെ വന്ന മലയാളി താരം കരുണ്‍ നായര്‍ പൂജ്യത്തിന് പുറത്തായത് ആരാധകരെ നിരാശയിലാഴ്ത്തി. ഇതിനിടെയാണ് പന്ത് മൂന്നക്കം കടന്നത്. 178 പന്തുകള്‍ നേരിട്ട റിഷഭ് പന്ത് 12 ബൗണ്ടറിയും ആറ് സിക്‌സറുകളും പറത്തി.
രവീന്ദ്ര ജഡേജ (11), ഷാര്‍ദുല്‍ താക്കൂര്‍ (1), ജസ്പ്രീത് ബുംറ (0), മുഹമ്മദ് സിറാജ് (3*), പ്രസീദ്ധ് കൃഷ്ണ (1) എന്നിങ്ങനെയാണ് മറ്റ് ബാറ്റര്‍മാരുടെ സംഭാവന. ഇംഗ്ലണ്ടിനായി സ്‌റ്റോക്‌സ്, ടംഗ് എന്നിവര്‍ക്ക് പുറമേ ഷൊയ്ബ് ബഷീര്‍, ബ്രൈഡന്‍ കാഴ്‌സ് എന്നിവര്‍ ഓരോ വിക്കറ്റ് വീതം നേടി. അതേസമയം ദേശീയ ടീമിലേക്ക് തിരികെയെത്തിയ ക്രിസ് വോക്‌സിന് വിക്കറ്റൊന്നും നേടാന്‍ കഴിഞ്ഞില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |