ന്യൂഡല്‍ഹി: ട്രെയിന്‍ യാത്രകള്‍ക്ക് ടിക്കറ്റ് ബുക്ക് ചെയ്യുമ്പോള്‍ വെയ്റ്റിംഗ് ലിസ്റ്റില്‍ ഉള്‍പ്പെട്ടാലും ടിക്കറ്റ് കണ്‍ഫോം ആകുമെന്നതാണ് അവസാന നിമിഷം വരേയും യാത്രക്കാരുടെ പ്രതീക്ഷ. എന്നാല്‍ വെയ്റ്റിംഗ് ലിസ്റ്റ് ടിക്കറ്റുകളുടെ കാര്യത്തില്‍ സുപ്രധാനമായ മാറ്റത്തിന് തയ്യാറെടുക്കുകയാണ് ഇന്ത്യന്‍ റെയില്‍വേ. ട്രെയിനിലെ ലഭ്യമായ ടിക്കറ്റുകള്‍ വിറ്റ് പോയതിന് ശേഷം വെയ്റ്റിംഗ് ലിസ്റ്റിലേക്ക് ബുക്ക് ചെയ്യാവുന്ന ടിക്കറ്റുകളുടെ എണ്ണം വെട്ടിക്കുറയ്ക്കാനാണ് തീരുമാനം.
നേരത്തെ 300 ടിക്കറ്റ് വരെ വെയ്റ്റിംഗ് ലിസ്റ്റില്‍ അനുവദിച്ചിരുന്നു. എന്നാല്‍ ഇനി മുതല്‍ ഒരു ട്രെയിനിലെ ആകെ ലഭ്യമായ ടിക്കറ്റുകളുടെ 25 ശതമാനം മാത്രമേ ഇനിമുതല്‍ വെയ്റ്റിംഗ് ലിസ്റ്റില്‍ ഉള്‍പ്പെടുത്തുകയുള്ളൂ. ഇൗ പരിധി കഴിഞ്ഞാല്‍ പിന്നീട് ടിക്കറ്റ് ബുക്ക് ചെയ്യാന്‍ കഴിയില്ലെന്നതാണ് പുതിയ മാറ്റം. വെയിറ്റിംഗ് ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ ബെര്‍ത്ത് പ്രതീക്ഷിച്ച് യാത്ര തുടരുന്നത് തിരക്ക് വര്‍ദ്ധിക്കാനും പലപ്പോഴും തര്‍ക്കങ്ങള്‍ക്കും കാരണമാവുകയും ചെയ്തിരുന്നു. ഇതൊഴിവാക്കാനാണ് റെയില്‍വേയുടെ പുതിയ നടപടി.
എന്നാല്‍ വെയ്റ്റിംഗ് ലിസ്റ്റിലെ ടിക്കറ്റുകളുടെ എണ്ണം പരിമിധപ്പെടുത്തുമ്പോള്‍ പട്ടികയില്‍ ഉള്‍പ്പെട്ടിരിക്കുന്നവര്‍ക്ക് ടിക്കറ്റ് കണ്‍ഫര്‍മേഷന്‍ ആകാന്‍ സാദ്ധ്യത കൂടുതലാണെന്ന നേട്ടവും ഇതിനൊപ്പമുണ്ട്. മാറ്റം എപ്പോള്‍ മുതല്‍ പ്രാബല്യത്തില്‍ വരുമെന്ന് പറയുന്നില്ലെങ്കിലും അധികം വൈകില്ലെന്നാണ് റെയില്‍വേ വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
ഭിന്നശേഷിക്കാര്‍, പട്ടാളക്കാര്‍, പ്രത്യേക ഇളവുള്ള ക്വാട്ടകള്‍ എന്നിവര്‍ക്ക് ഈ നിയന്ത്രണം ബാധകമാവില്ല. നേരത്തേ, ദീര്‍ഘദൂര വണ്ടികളില്‍ വെയിറ്റിംഗ് ലിസ്റ്റ് ടിക്കറ്റുകള്‍ അനുവദിക്കുന്നതിന് മറ്റു മാനദണ്ഡങ്ങളായിരുന്നു നടപ്പാക്കിയിരുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |