ബംഗളൂരു: ജീവനക്കാരുമായും സഹയാത്രികരുമായും പ്രശ്‌നങ്ങളുണ്ടാക്കിയ വനിതാ ഡോക്ടര്‍ കാരണം എയര്‍ ഇന്ത്യ വിമാനം വൈകിയത് രണ്ട് മണിക്കൂര്‍. ഒടുവില്‍ ഈ യാത്രക്കാരിയെ പുറത്തിറക്കിയ ശേഷമാണ് വിമാനം പുറപ്പെട്ടത്.
ബംഗളൂരുവില്‍ നിന്ന് സൂറത്തിലേക്ക് പുറപ്പെടാനൊരുങ്ങിയ ഐ.എക്‌സ് 2749 വിമാനത്തിലായിരുന്നു നാടകീയ സംഭവം. യെലഹങ്ക സ്വദേശി ആയൂര്‍വേദ ഡോക്ടര്‍ വ്യാസ് ഹിരല്‍ മോഹന്‍ഭായ് (36) രണ്ട് ബാഗുകളുമായാണെത്തിയത്. ചെക്ക് ഇന്‍ കൗണ്ടറില്‍ ഇവ നല്‍കാതെ രണ്ട് ബാഗുകളും കൈയില്‍ പിടിച്ച് വിമാനത്തില്‍ കയറി. ഒരു ബാഗ് തന്റെ 20എഫ് സീറ്റിന് മുകളിലുള്ള കാരിയറില്‍ വച്ചു. രണ്ടാമത്തേത്ജീവനക്കാരുടെ ക്യാബിന്റെ അടുത്ത് കൊണ്ടുവച്ചു.
അവിടെ വയ്ക്കാനാവില്ലെന്നും സീറ്റിന് മുകളിലുള്ള കാരിയറില്‍ വയ്ക്കണമെന്നും ജീവനക്കാര്‍ അറിയിച്ചെങ്കിലും വ്യാസ് സമ്മതിച്ചില്ല. പല തവണ ജീവനക്കാര്‍ ആവശ്യപ്പെട്ടിട്ടും കേള്‍ക്കാതെ വന്നതോടെ ക്യാപ്റ്റനും വന്നുപറഞ്ഞു. ഇതോടെ വ്യാസ് എല്ലാവരെയും അസഭ്യം പറഞ്ഞു. യാത്രാക്കാരും ഇടപെട്ടതോടെ തന്റെ ബാഗ് അവിടെ നിന്ന് നീക്കിയാല്‍ വിമാനം തകര്‍ക്കുമെന്നു വരെ അവര്‍ പറഞ്ഞു.
ഇതോടെ ക്യാപ്റ്റന്‍ സുരക്ഷാ ജീവനക്കാരെയും സി.ഐ.എസ്.എഫിനെയും വിവരമറിയിച്ചു. തുടര്‍ന്ന് സ്ത്രീയെ പുറത്തിറക്കി. ഉച്ചയ്ക്ക് 2.45ന് ആരംഭിച്ച പ്രശ്‌നങ്ങള്‍ വൈകുന്നേരം 5.30ഓടെയാണ് അവസാനിച്ചത്. എയര്‍പോര്‍ട്ട് പൊലീസ് സ്റ്റേഷനിലെത്തിച്ചപ്പോഴും അവര്‍ ഉദ്യോഗസ്ഥരെ അസഭ്യം പറഞ്ഞു.
നഗരത്തിലെ ഒരു വിദ്യാഭ്യാസ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന യുവതിയുടെ ഭര്‍ത്താവ് ഇതിനിടെ പൊലീസ് സ്റ്റേഷനിലെത്തി. നേരത്തെയും ഇവര്‍ പൊതുസ്ഥലത്ത് പ്രശ്‌നങ്ങളുണ്ടാക്കിയിട്ടുണ്ടെന്ന് അറിയിച്ചു. പൊലീസ് അന്വേഷണം ആരംഭിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |