SignIn
Kerala Kaumudi Online
Tuesday, 08 July 2025 11.22 AM IST

കേരളത്തിലെ വിവാഹച്ചടങ്ങുകളിൽ ഇനി ആ 'ശീലം' വേണ്ട, ഒക്ടോബറിൽ പുതിയ മാറ്റം പ്രതീക്ഷിക്കാം; പൗരബോധവും ഉണരണം

Increase Font Size Decrease Font Size Print Page
kerala

വരുന്ന ഗാന്ധിജയന്തി ദിനം മുതൽ പ്ലാസ്റ്റിക് മാലിന്യപ്രശ്‌നത്തിന് വലിയൊരളവിൽ പരിഹാരമുണ്ടാകുമെന്നാണ് പ്രതീക്ഷ. അന്നാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ മാർഗനിർദ്ദേശം പ്രാബല്യത്തിലാകുന്നത്. ഒറ്റത്തവണ ഉപയോഗത്തിനുള്ള പ്ലാസ്റ്റിക് കുടിവെള്ളക്കുപ്പികൾക്കും ഭക്ഷണ പായ്ക്കുകൾക്കുമാണ് കോടതി പ്രധാനമായും നിരോധനമേർപ്പെടുത്തിയിരിക്കുന്നത്. ഹിൽ സ്റ്റേഷനുകളിലും ഹോട്ടലുകളിലും ഓഡിറ്റോറിയങ്ങളിലും വിവാഹച്ചടങ്ങുകളിലും പൊതുസമ്മേളനങ്ങളിലും നിരോധനം ബാധകമാകും. ഉത്തരവ് നടപ്പാക്കാൻ സെപ്തംബറിനകം ചീഫ് സെക്രട്ടറിയും തദ്ദേശ ഭരണവകുപ്പ് സെക്രട്ടറിയും നടപടി സ്വീകരിക്കണമെന്നും കോടതി നിർദ്ദേശിച്ചിരുന്നു. തുടർന്ന് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം.ബി. രാജേഷും സ്പെഷ്യൽ സെക്രട്ടറി ടി.വി. അനുപമയും ചർച്ച നടത്തി. പ്ലാസ്റ്റിക്കിനെതിരേ എൻഫോഴ്സ്‌മെന്റ് സംവിധാനം ശക്തമാക്കാൻ സെക്രട്ടറിയെ ചുമതലപ്പെടുത്തി. 10 മലയോര വിനോദസഞ്ചാര കേന്ദ്രങ്ങളിൽ നിരോധനം കർശനമാക്കാനും തീരുമാനിച്ചിട്ടുണ്ട്.


നിരോധനം ബാധകമായവ
വൃത്തിയുള്ള പരിസ്ഥിതി മൗലികാവകാശമാണെന്നും അത് ഉറപ്പാക്കേണ്ടത് ഏവരുടെയും കടമയാണെന്നും ഓർമ്മിപ്പിച്ചുകൊണ്ടായിരുന്നു ഹൈക്കോടതി ഉത്തരവ്. അഞ്ച് ലിറ്ററിൽ താഴെയുള്ള പ്ലാസ്റ്റിക് കുടിവെള്ള കുപ്പികളും രണ്ട് ലിറ്ററിൽ താഴെയുള്ള ശീതളപാനീയ കുപ്പികളുമാണ് നിരോധിച്ചവയിൽ പ്രധാനം. പ്ലാസ്റ്റിക് സ്‌ട്രോകൾ, ഭക്ഷണ പായ്‌ക്കറ്റുകൾ, പ്ലാസ്റ്റിക് പ്ലേറ്റ്, കപ്പ്, ബേക്കറി ബോക്‌സുകൾ എന്നിവയക്കും വിലക്കുണ്ട്. ബന്ധപ്പെട്ടവരുടെ ലൈസൻസിൽ ഇതുസംബന്ധിച്ച വ്യവസ്ഥ ഉൾപ്പെടുത്തണമെന്നും കോടതി നി‌ർദ്ദേശിച്ചു. ഹിൽസ്റ്റേഷനുകളിൽ കുടിവെള്ള കിയോസ്‌കുകളും വാട്ടർ ഡിസ്‌പെൻസിംഗ് യന്ത്രങ്ങളും സ്ഥാപിക്കണം. ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് കൊണ്ടുപോകാൻ അനുവദിക്കരുത്. വെള്ളമെടുക്കാൻ സ്റ്റീൽ ഗ്ലാസ് പോലുള്ളവ ലഭ്യമാക്കണം. ചില്ലുകുപ്പികളിലും മറ്റും കുടിവെള്ളം വിൽക്കാൻ സൗകര്യവും ഒരുക്കണം. ജില്ലാ ഭരണകൂടവും തദ്ദേശ സ്ഥാപനങ്ങളും ഇതിനു സൗകര്യം ഒരുക്കണം. കടൽ, നദി, കനാലുകൾ എന്നിവിടങ്ങളിൽ പ്ലാസ്റ്റിക് തള്ളുന്നത് തടയണം. ജലാശയങ്ങളിലെ പ്ലാസ്റ്റിക് സന്നദ്ധ സംഘടനകളുടെ പിന്തുണയോടെ നീക്കണം. ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കിന്റെ ദോഷവശങ്ങളെക്കുറിച്ച് ജനങ്ങളെ ബോധവത്കരിക്കണം. ബദൽ സംവിധാനങ്ങളെക്കുറിച്ചും അവബോധം സൃഷ്ടിക്കണം. പ്ലാസ്റ്റിക് ഉപയോഗം വിലക്കുന്ന നിയമങ്ങൾ കർശനമായി നടപ്പാക്കണം. ഇതിന് തദ്ദേശ സ്ഥാപനങ്ങളും മലിനീകരണ നിയന്ത്രണ ബോർഡും സഹകരിക്കണമെന്നും കോടതി ഉത്തരവിട്ടിട്ടുണ്ട്.


നിയമലംഘനത്തിന് പഴുതുകൾ

അരലിറ്രറിൽ താഴെയുള്ള പ്ലാസ്റ്റിക് മിനറൽ വാട്ടറിന് കേരളത്തിൽ നേരത്തേ തന്നെ നിരോധനമുള്ളതാണ്. ഇത്തരം ചെറിയ കുപ്പികൾ കടകളിൽ വിൽപനയ്ക്കില്ലെങ്കിലും വിവാഹച്ചടങ്ങുകളിലും മറ്റും കാണാറുണ്ട്. കാലിക്കുപ്പികൾ സത്ക്കാരങ്ങൾക്ക് ശേഷം കുമിഞ്ഞുകൂടാറുമുണ്ട്. ഇതരസംസ്ഥാനങ്ങളിൽ നിന്ന് ചെക്പോസ്റ്റ് കടന്നാണ് ഇവ ഏറെയും എത്തുന്നതെന്ന് പറയുന്നു. കേരളത്തിലെ നിർമ്മാതാക്കൾ ന്യൂട്രിയന്റ് മിനറൽ വാട്ടർ എന്ന് പേരു മാറ്റി, ചെറിയ വെള്ളക്കുപ്പികൾ വിപണിയിലെത്തിക്കുന്നുമുണ്ട്. നിരോധനം മറികടക്കാൻ പഴുതുകളുണ്ടെന്നർത്ഥം.

ഒരു ലീറ്റർ, രണ്ടു ലീറ്റർ വെള്ളക്കുപ്പികൾക്കാണ് ഉപഭോക്താക്കൾ ഏറെയുള്ളത്. ശീതള പാനീയങ്ങളും കോളയും തീരെ ചെറിയ കുപ്പികളിൽപ്പോലും ലഭിക്കുന്നു. ഹൈക്കോടതിയുടെ പുതിയ ഉത്തരവിലും ഇവ കടകളിൽ വിൽക്കുന്നതിനോ ഹിൽ സ്റ്റേഷനുകൾ അല്ലാത്ത വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ഉപയോഗക്കുന്നതിനോ നിരോധനം ഏർപ്പെടുത്തിയിട്ടില്ല. അതിനാൽ ഹിൽ സ്റ്റേഷനുകളിലും ഹോട്ടലുകളിലും സത്ക്കാരങ്ങളിലും മാത്രമായി ഇവ നിയന്ത്രിക്കുന്നത് ദുഷ്കരമാകും. നിരന്തര പരിശോധനകളും വേണ്ടിവരും. ഹോട്ടലുകളുടെ ഭാഗമായിത്തന്നെ പ്രവർത്തിക്കുന്ന കടകളുണ്ട്. അവിടെ ചെറിയ ബോട്ടിലുകൾ വിൽക്കാനാകുമോ എന്നതിലും അവ്യക്തതയുണ്ട്. ഏറ്റവുമധികം പ്ലാസ്റ്റിക് ബോട്ടിലുകളും സ്പൂണുകളും റാപ്പറുകളും ഉപയോഗിക്കുന്നത് ട്രെയിനുകളിലാണ്. മതിയായ മാലിന്യ സംഭരണ സംവിധാനമില്ലാത്തതിനാൽ ട്രെയിനുകളിൽ നിന്ന് ഇവ വലിച്ചെറിയുന്നതാണ് പതിവ്. ഇത്തരം പ്രശ്നങ്ങളും കോടതി ഉത്തരവിൽ അഭിമുഖീകരിച്ചിട്ടില്ല.


പ്രാഥമികം പൗരബോധം

മാലിന്യമുക്ത കേരളം പദ്ധതി നടക്കുമ്പോഴും വഴിയരികിൽ മാലിന്യം വലിച്ചെറിയുന്ന രീതി തുടരുന്നുവെന്നതാണ് സങ്കടകരം. സമ്പൂർണ ശുചിത്വ നഗരമായി പ്രഖ്യാപിച്ച കൊച്ചിയിൽ, നാവിക വിമാനത്താവളത്തിന് മുന്നിലുള്ള റോഡിൽപ്പോലും മാലിന്യക്കൂമ്പാരമുണ്ടെന്ന് ഇതേ ഡിവിഷൻബെഞ്ച് തന്നെ ചൂണ്ടിക്കാട്ടിയിരുന്നു.

പ്ലാസ്റ്റിക് മാലിന്യങ്ങൾ പരിസ്ഥിതിക്കും ജലസ്രോതസ്സുകൾക്കും വലിയ നാശമാണുണ്ടാകുന്നത്. മഴക്കാലത്ത് കാനകളിലെ നീരൊഴുക്ക് തടസപ്പെടുത്തി വെള്ളക്കെട്ടുണ്ടാക്കുന്നതിനും പ്രധാന കാരണം പ്ലാസ്റ്റിക് മാലിന്യങ്ങളാണ്. കോടതി ഉത്തരവുകളും സർക്കാർ നിർദ്ദേശങ്ങളും ഇക്കാര്യത്തിൽ വഴികാട്ടികൾ മാത്രമാണ്. പൗരബോധം അവസരത്തിനൊത്ത് ഉയരുകയെന്നതാണ് ഏറ്റവും പ്രധാനം. ബോധവത്കരണം കൊണ്ട് നേരിയ മാറ്റം കണ്ടുതുടങ്ങിയിട്ടുണ്ട്. മിക്കവാറും വീടുകളിലും ഓഫീസുകളിലും മാലിന്യങ്ങൾ വേർതിരിച്ച് സംഭരിച്ചുതുടങ്ങി. ഉറവിട സംസ്കരണത്തിന് സൗകര്യമുള്ള താമസസ്ഥലങ്ങളുമുണ്ട്. അധികൃതർക്കൊപ്പം ജനങ്ങളും സമ്പൂർണ ഉത്തവാദിത്വം കാട്ടിയാൽ മാലിന്യമുക്ത നവകേരളം സാദ്ധ്യമാകും.

TAGS: KERALA, NEWS MALAYALAM, PLASTIC, NEWS KERALA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.