ചണ്ഡിഗഡ്: വഴിയരികിൽ പാർക്ക് ചെയ്‌തിരുന്ന കാറിനുള്ളിൽ ദമ്പതികളുടെയും മകന്റെയും മൃതദേഹങ്ങൾ കണ്ടെത്തി. പഞ്ചാബിലെ പട്യാല ജില്ലയിൽ തെപ്‌ലാ ബാനൂറിൽ ദേശീയ പാതയോട് ചേർന്നാണ് ഫോർച്യൂണർ കാറിനുള്ളിൽ മൃതദേഹങ്ങൾ കണ്ടത്. മൊഹാലിയിലെ ഒരു സ്ഥലകച്ചവടക്കാരനായ സന്ദീപ് സിംഗ് (45), ഭാര്യ മൻദീപ് കൗർ (42), മകൻ അഭയ് സിംഗ് (15) എന്നിവരുടെ മൃതദേഹമാണ് കണ്ടെത്തിയത്.
സംഭവം ആത്മഹത്യയെന്ന് സംശയിക്കുന്നെന്നും എല്ലാ വഴിയിലൂടെയുള്ള അന്വേഷണവും നടത്തുമെന്നും പൊലീസ് ഓഫീസർ മഞ്ജിത്ത് സിംഗ് അറിയിച്ചു. സ്ഥലത്തെ കർഷകരാണ് പാർക്ക് ചെയ്‌ത വാഹനവും അതിൽ മൃതദേഹങ്ങളും ആദ്യം കണ്ടത്. ഇവർ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. മൂവരുടെയും ശരീരത്തിൽ വെടിയേറ്റതിന്റെ പാടുകളുണ്ട്. വാഹനത്തിലാകെ ചോര തെറിച്ചിട്ടുമുണ്ട്. ഡ്രൈവർ സീറ്റിലായിരുന്നു സന്ദീപ് സിംഗിന്റെ മൃതദേഹം. തൊട്ടടുത്ത സീറ്റിൽ ഭാര്യ മൻദീപിന്റെ മൃതദേഹവും കണ്ടു. അഭയ് സിംഗിന്റെ മൃതദേഹം പിൻസീറ്റിലാണ് ഉണ്ടായിരുന്നത്.
പൊലീസും ഫൊറൻസിക് സംഘവും സ്ഥലത്തെത്തി പരിശോധന നടത്തി. പ്രാഥമിക നിരീക്ഷണം അനുസരിച്ച് ഭാര്യയെയും മകനെയും വെടിവച്ച് കൊന്നശേഷം സന്ദീപ് സിംഗ് ആത്മഹത്യ ചെയ്‌തതാണെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഭട്ടിൻഡയിസെ സിഖ്‌വാല ഗ്രാമവാസിയാണ് സന്ദീപ് സിംഗ്. ഒരു സഹോദരനും വിദേശത്ത് ഒരു സഹോദരിയുമാണുള്ളത്. ഇവരെ സംഭവത്തിന്റെ വിവരം അറിയിച്ചിട്ടുണ്ട്. അഭയ് സിംഗിന്റെ മാനസിക പ്രശ്‌നങ്ങൾ കാരണമാണ് ആത്മഹത്യ ചെയ്‌തതെന്നാണ് സൂചനകൾ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |