ഒട്ടാവ: സംഗീത ആൽബത്തിൽ കാളീദേവിയുടെ വേഷത്തിലെത്തിയ കനേഡിയൻ റാപ്പർക്കെതിരെ സമൂഹമാദ്ധ്യമങ്ങളിൽ കടുത്ത വിമർശനം. തമിഴ്-സ്വീഡിഷ് വംശജയായ ജെനസിസ് യാസ്‌മിൻ മോഹൻരാജ് എന്ന ടോമി ജെനസിസ് ആണ് രൂക്ഷവിമർശനങ്ങൾക്കിരയാവുന്നത്. ടോമിയുടെ കഴിഞ്ഞദിവസം പുറത്തിറങ്ങിയ'ട്രൂ ബ്ളൂ' എന്ന ഗാനത്തിന്റെ വീഡിയോ രംഗങ്ങളാണ് ചർച്ചയാവുന്നത്. താരത്തിന്റേതായി പുറത്തിറങ്ങാനിരിക്കുന്ന 'ജെനസിസ്' എന്ന ആൽബത്തിൽ ഉൾപ്പെട്ടിട്ടുള്ള പാട്ടാണ് ട്രൂ ബ്ളൂ. ഇതിൽ കാളീദേവിയായാണ് ഗായിക പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.
“ഇന്റർനെറ്റിലെ ഏറ്റവും വിമതയായ അണ്ടർഗ്രൗണ്ട് റാപ്പ് രാജ്ഞി” എന്ന് അറിയപ്പെട്ടിരുന്ന ഗായികയാണ് ടോമി. ശരീരം മുഴുവൻ നീല നിറത്തിലെ പെയിന്റടിച്ച് സ്വർണാഭരണങ്ങളും സ്വർണ നിറത്തിലെ ബിക്കിനിയുമാണ് ഗായിക ആൽബത്തിൽ അണിഞ്ഞിരിക്കുന്നത്. ചുവന്ന നിറത്തിലെ പൊട്ടും വച്ചിട്ടുണ്ട്.
ആൽബത്തിൽ കാളീദേവിയെ ആക്ഷേപകരമായി ചിത്രീകരിച്ചുവെന്നാണ് ഒരുവിഭാഗം ആരോപിക്കുന്നത്. ഗായിക കയ്യിൽ കുരിശും പിടിച്ചിട്ടുണ്ട്. ഇതും വിമർശനങ്ങൾക്കിടയാക്കുന്നുണ്ട്. പാട്ടിനിടെ ടോമി കുരിശിൽ നക്കുകയും കയ്യ് കൂപ്പുകയും ചെയ്യുന്നുണ്ട്. ഗാനത്തിന് കടുത്ത വിമർശനമാണ് ലഭിക്കുന്നത്. ഗാനത്തിൽ ഹിന്ദുക്കളെയും ക്രിസ്‌ത്യാനികളെയും ഒരുപോലെ ആക്ഷേപിച്ചുവെന്ന് ചിലർ ആരോപിച്ചു. 'ഇത് ദൈവനിന്ദയാണ്, ഹിന്ദു വികാരങ്ങളെ വ്രണപ്പെടുത്തുന്നത് ഒരു ഫാഷനായി മാറിയിരിക്കുന്നു. ആരും എതിർക്കില്ലെന്ന് അവർക്കറിയാം'- എന്ന് മറ്റുചിലർ കമന്റ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |