ലിജോ ജോസ് പെല്ലിശേരി സംവിധാനം ചെയ്ത ചുരുളിയിൽ അഭിനയിച്ചതിന് തനിക്ക് പ്രതിഫലം ലഭിച്ചില്ലെന്ന കാര്യം തുറന്നുപറഞ്ഞ് നടൻ ജോജു ജോർജ്. ചിത്രം രണ്ട് വേർഷനുകളിൽ ചിത്രീകരിച്ചിട്ടുണ്ടെന്നും തെറി പ്രയോഗമുള്ള ഭാഗം അവാർഡിനേ അയക്കൂ എന്നായിരുന്നു പറഞ്ഞിരുന്നതെന്നും തെറി പ്രയോഗമുള്ള വേർഷൻ റിലീസ് ചെയ്യുന്ന കാര്യം മര്യാദയുടെ പേരിൽ പോലും ആരും വിളിച്ച് ചോദിച്ചില്ലെന്നും ജോജു ജോർജ് വ്യക്തമാക്കി. ദ ന്യൂ ഇന്ത്യൻ എക്സ്പ്രസിന് നൽകിയ അഭിമുഖത്തിലാണ് ജോജുവിന്റെ പ്രതികരണം.
ജോജുവിന്റെ വാക്കുകളിലേക്ക്...
'തെറി പറയുന്ന ഭാഗം അവാർഡിന് അയക്കുകയുള്ളൂ എന്ന് പറഞ്ഞാണ് അഭിനയിച്ചത്. അതിന്റെ തെറി ഇല്ലാത്ത ഒരു ഭാഗമുണ്ട്. പക്ഷേ, അവർ അത് റിലീസ് ചെയ്തു. അതും ചുമന്നുകൊണ്ടാണ് ഞാൻ ഇപ്പോൾ നടക്കുന്നത്. അത് റിലീസ് ചെയ്യുന്നുണ്ടെങ്കിൽ ഒന്ന് പറയേണ്ട മര്യാദ കാണിക്കണമായിരുന്നു. ഒരു പണം പോലും ചുരുളിയിൽ അഭിനയിച്ചതിന് ലഭിച്ചില്ല. ഇക്കാര്യം ഞാൻ നേരിട്ട് പ്രകടിപ്പിച്ചിട്ടുണ്ട്. അതിന്റെ പേരിൽ കേസ് വന്നത് എനിക്കാണ്. ഒരു മര്യാദയുടെ പേരിൽ പോലും ആരും വിളിച്ച് ചോദിച്ചിട്ടില്ല. പക്ഷേ, ഞാൻ ജീവിക്കുന്ന നാട്ടിൽ ഇതൊക്കെ വലിയ പ്രശ്നമായിരുന്നു. അതിനെക്കുറിച്ച് പറഞ്ഞിട്ട് കാര്യമില്ല. അത് അങ്ങനെ സംഭവിച്ചു'- ജോജു പറഞ്ഞു.
'ചുരുളി'യിലെ ഭാഷാ പ്രയോഗം അതിഭീകരമെന്ന് ഹൈക്കോടതി നിരീക്ഷിച്ചിരുന്നു. സിനിമയിലെ ദൃശ്യങ്ങൾ പരിശോധിച്ച ശേഷം ജസ്റ്റിസ് എൻ. നഗരേഷാണ് അഭിപ്രായം വ്യക്തമാക്കിയത്. ചിത്രം പൊതു ധാർമികതയ്ക്കു നിരക്കാത്ത അസഭ്യ വാക്കുകൾ കൊണ്ട് നിറഞ്ഞതാണെന്ന് ചൂണ്ടിക്കാട്ടി തൃശൂർ സ്വദേശിനിയായ അഭിഭാഷക പെഗ്ഗി ഫെൻ നൽകിയ ഹർജി പരിഗണിക്കവെയാണ് കോടതി ഈ പരമാർശം നടത്തിയത്. ചിത്രം ഒടിടിയിൽ നിന്ന് പിൻവലിക്കണമെന്നാണ് ഹർജിയിൽ ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഇതേ തുടർന്ന് കേന്ദ്ര സെൻസർ ബോർഡ്, സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരി, നടൻ ജോജു ജോർജ് തുടങ്ങിയവർക്ക് ഹൈക്കോടതി നോട്ടീസ് അയക്കുകയും ചെയ്തു. സിനിമയുടെ സെൻസർ ചെയ്ത പകർപ്പല്ല ഒടിടി പ്ലാറ്റ്ഫോമിൽ റിലീസ് ചെയ്തതെന്ന് സെൻസർ ബോർഡ് കോടതിയെ അറിയിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |