കൊല്ലം: ജപ്‌തി നടപടി ഒഴിവാക്കിക്കൊടുക്കാമെന്ന വാഗ്ദാനത്തിൽ ജുവലറി ഉടമയിൽ നിന്ന് 2.51 കോടി രൂപ തട്ടിയെടുത്തെന്ന കേസിൽ പ്രതിയായ അസിസ്റ്റന്റ് പൊലീസ് കമ്മിഷണർക്ക് സസ്‌പെൻഷൻ. കോഴിക്കോട് നോർത്ത് ട്രാഫിക് അസിസ്റ്റന്റ് കമ്മിഷണർ തൃശൂർ പേരിൽച്ചേരി കൊപ്പുള്ളി ഹൗസിൽ കെ എ സുരേഷ് ബാബുവിനെതിരെയാണ് നടപടി. കൊല്ലം സിറ്റി പൊലീസ് കമ്മിഷണർ കിരൺ നാരായണൻ നൽകിയ റിപ്പോർട്ടിനെത്തുടർന്നാണ് സസ്‌പെൻഷൻ.
ജുവലറി ഉടമയിൽ നിന്ന് പണം തട്ടിയ സംഭവത്തിൽ കഴിഞ്ഞ ഫെബ്രുവരി 15നാണ് കൊല്ലം ഈസ്റ്റ് പൊലീസ് കേസെടുത്തത്. സുരേഷ് ബാബുവിന്റെ ഭാര്യ തൃശൂർ ചെറുവത്തേരി ശിവാജി നഗർ കൊപ്പുള്ളി ഹൗസിൽ വി പി നുസ്രത്ത് (മാനസ), കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലെ ഡോക്‌ടർ ബാലചന്ദ്രക്കുറുപ്പ് എന്നിവർ കേസിൽ രണ്ടും മൂന്നും പ്രതികളാണ്.
കൊല്ലത്തെ എ ഐ ഇഷ ഗോൾഡ് ഇന്ത്യ കമ്പനി ഉടമ അബ്‌ദുൾ സലാം നൽകിയ പരാതിയിന്മേൽ നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പ് പുറത്തുവന്നത്. 2023ലാണ് കേസിനാസ്‌പദമായ സംഭവം നടന്നത്. അബ്‌ദുൾ സലാം ബിസിനസ് ആവശ്യത്തിനായി കൊല്ലത്തും പാരിപ്പള്ളിയിലുമുള്ള ബാങ്കിൽ നിന്ന് 49.25 കോടി രൂപ ഓവർ ഡ്രാഫ്റ്റ് ലോൺ ആയി എടുത്തിരുന്നു. എന്നാൽ കൊവിഡ് കാലത്ത് പണം തിരിച്ചടയ്ക്കാൻ കഴിയാതെ വന്നു. തുടർന്ന് പണം തിരിച്ചുപിടിക്കാൻ ബാങ്ക് ട്രൈബ്യൂണലിനെ സമീപിച്ചു.
ജപ്‌തി നടപടിയിലേയ്ക്ക് നീങ്ങുന്ന സാഹചര്യത്തിൽ അബ്‌ദുൾ സലാം പ്രശ്‌നങ്ങൾ സുഹൃത്തായ ഡോ. ബാലചന്ദ്രക്കുറുപ്പിനോട് പറഞ്ഞു. ഡോക്‌ടറാണ് അസിസ്റ്റന്റ് പൊലീസ് കമ്മിഷണർ സുരേഷ് ബാബുവിനെ പരിചയപ്പെടുത്തിയത്. 52 കോടി രൂപയുടെ ബാദ്ധ്യത 25 കോടി രൂപയാക്കി കുറച്ച് നൽകാമെന്ന് ഇവർ വാഗ്ദാനം ചെയ്തു. തുടർന്ന് ബാങ്കിൽ മുൻകൂർ അടയ്ക്കാനാണെന്ന് പറഞ്ഞ് 2.51 കോടി രൂപ വാങ്ങി വിശ്വാസവഞ്ചന കാട്ടിയെന്നാണ് അബ്‌ദുൾ സലാമിന്റെ പരാതിയിൽ പറയുന്നത്. സുരേഷ് ബാബുവിന്റെ ഭാര്യയുടെ അക്കൗണ്ടിലേയ്ക്കാണ് പണം അയച്ചുകൊടുത്തത്. കേസ് പരിഹരിക്കാൻ സാധിക്കാതെ വന്നതോടെ പണം തിരികെ ആവശ്യപ്പെട്ടപ്പോൾ കൊല്ലുമെന്നും കള്ളക്കേസിൽ കുടുക്കുമെന്നും പ്രതികൾ ഭീഷണിപ്പെടുത്തിയതായും പരാതിയിലുണ്ട്. പരാതിയിൽ ജില്ലാ ക്രൈംബ്രാഞ്ച് അന്വേഷണം നടത്തി നൽകിയ റിപ്പോർട്ടിലാണ് ആഭ്യന്തര വകുപ്പ് നടപടി സ്വീകരിച്ചത്. സുരേഷ് ബാബു ഹൈക്കോടതി മുൻപാകെ മുൻകൂർ ജാമ്യാപേക്ഷ നൽകിയെങ്കിലും പിന്നീട് പിൻവലിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |