ന്യൂഡൽഹി: മിഡിൽ ഈസ്റ്റ് പ്രതിസന്ധി രൂക്ഷമാക്കിക്കൊണ്ട് ഇറാനിലെ മൂന്ന് ആണവ കേന്ദ്രങ്ങളിൽ യുഎസ് ബോംബിട്ടത് ഇന്ത്യൻ ഓഹരി വിപണിയെ ബാധിച്ചു. ആഭ്യന്തര സൂചികകൾ ആദ്യ വ്യാപാരത്തിൽ തന്നെ തകർന്നു. സെൻസെക്‌സ് ഏകദേശം 500 പോയിന്റുകൾ ഉയർന്നെങ്കിലും ഉടൻതന്നെ 800 പോയിന്റിലധികം ഇടിഞ്ഞു. നിഫ്‌റ്റി ഏകദേശം 250 പോയിന്റുകൾ ഇടിഞ്ഞു.
ഇൻഫോസിസ്, എച്ച്‌സിഎൽ ടെക്, ഹിന്ദുസ്ഥാൻ യൂണിലിവർ, ടിസിഎസ് എന്നീ കമ്പനികളാണ് കൂടുതൽ നഷ്‌ടം നേരിട്ടത്. ആഗോളതലത്തിൽ ഉണ്ടായ മാന്ദ്യത്തെ തുടർന്നാണ് ഇന്ത്യൻ വിപണികളിൽ ഇടിവ് ഉണ്ടായത്. സംഘർഷങ്ങൾ ഊർജ വിപണിയെ തളർത്തിയേക്കാമെന്നുള്ള ആശങ്കകൾക്കിടയിലാണ് സൂചികകൾ ഇടിഞ്ഞത്. ലോകത്തിലെ ക്രൂഡ് ഓയിൽ പാതകളിൽ പ്രധാനപ്പെട്ട ഹോർമുസ് കടലിടുക്ക് അടയ്‌ക്കാൻ ഇറാൻ തീരുമാനിച്ചാൽ എണ്ണവില റെക്കോർഡ് ഉയരത്തിലെത്തും. ഇന്ന് രണ്ട് ശതമാനം വർദ്ധനവ് എണ്ണവിലയിലുണ്ടായി.
എണ്ണവില കുതിച്ചുയർന്നത് കറൻസി വിപണികളെയും ബാധിച്ചു. യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം 17 പൈസ ഇടിഞ്ഞ് 86.72 ആയി. ലോകത്തിലെ ഒമ്പതാമത്തെ വലിയ എണ്ണ ഉൽപ്പാദക രാജ്യമാണ് ഇറാൻ. ഇസ്രയേൽ ആക്രമണം അവസാനിപ്പിക്കുന്നത് വരെ ടെഹ്‌റാൻ തങ്ങളുടെ ആണവ പദ്ധതിയെക്കുറിച്ചുള്ള ചർച്ചകൾക്ക് വിസമ്മതിച്ചിരുന്നു. തുടർന്ന് ഇന്നലെ പുലർച്ചെ ഇറാനിലെ മൂന്ന് പ്രധാന ആണവ കേന്ദ്രങ്ങളായ ഫോർഡോ, നതാൻസ്, എസ്‌ഫഹാൻ എന്നിവ യുഎസ് ബോംബർ ജെറ്റുകൾ ഉപയോഗിച്ച് ആക്രമിച്ചിരുന്നു.
മൂന്ന് കേന്ദ്രങ്ങൾക്കും കേടുപാടുകൾ സംഭവിച്ചതായി ഇന്നലെ വൈകിട്ട് പുറത്തുവന്ന ഉപഗ്രഹ ചിത്രങ്ങൾ വ്യക്തമാക്കിയിരുന്നു. അതേസമയം, ഇറാൻ അവരുടെ ആണവ ശേഖരം ഈ കേന്ദ്രങ്ങളിൽ നിന്ന് മാറ്റിയിരിക്കാൻ സാദ്ധ്യതയുണ്ടെന്നാണ് വിദഗ്ദ്ധർ പറയുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |