വാഷിംഗ്ടൺ: ഇന്നലെ യുഎസ് നടത്തിയ ആക്രമണത്തിൽ ഇറാന്റെ ആണവ കേന്ദ്രമായ ഫോർഡോയ്ക്ക് സാരമായ കേടുപാടുകൾ സംഭവിച്ചതായി ഉപഗ്രഹ ചിത്രങ്ങൾ സൂചിപ്പിക്കുന്നു. യുറേനിയം സമ്പുഷ്ടമാക്കുന്ന സെൻട്രിഫ്യൂജുകൾക്ക് ഉൾപ്പടെ സാരമായ കേടുപാടുകൾ സംഭവിച്ചതായും ഒരു പക്ഷെ നശിപ്പിക്കപ്പെട്ടതായും ചിത്രങ്ങൾ വ്യക്തമാക്കുന്നു. എന്നാൽ ഇതുസംബന്ധിച്ച് സ്ഥിരീകരണങ്ങൾ ഒന്നും വന്നിട്ടില്ലെന്നാണ് വിദഗ്ധർ പറയുന്നത്.
മാസീവ് ഓർഡനൻസ് പെനിട്രേറ്റർ (എംഒപി) ബോംബുകൾ ഭൂമിക്കടിയിൽ ആഴത്തിൽ സ്ഥിതി ചെയ്യുന്ന കേന്ദ്രത്തിന് കനത്ത ആഘാതം ഏൽപ്പിച്ചെന്നാണ് കരുതുന്നത്. എന്നാൽ ഭൂഗർഭ ആണവ കേന്ദ്രത്തിന്റെ നാശം സ്ഥിരീകരണം നിർണ്ണയിക്കാൻ കഴിഞ്ഞിട്ടില്ലെന്ന് ഉപഗ്രഹ ചിത്രങ്ങളിൽ വെെദഗദ്ധ്യം നേടിയ സിഎൻഎ കോർപ്പറേഷനിലെ അസോസിയേറ്റ് ഗവേഷകനായ ഡെക്കർ എവ്‌ലെത്ത് അഭിപ്രായപ്പെടുന്നു. നൂറുകണക്കിന് സെൻട്രിഫ്യൂജുകൾ സ്ഥാപിച്ചിരുന്ന ഹാളിൽ ഉണ്ടായ നാശനഷ്ടം ഉപഗ്രഹ ചിത്രങ്ങളെ മാത്രം അടിസ്ഥാനമാക്കി വിലയിരുത്താൻ കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ബങ്കർ തകർക്കുന്ന ബോംബുകൾ മല തുളച്ചുകയറിയതായി കാണപ്പെടുന്ന ആറ് ദ്വാരങ്ങളും പൊടിയും ഉപഗ്രഹ ചിത്രങ്ങളിൽ വ്യക്തമാകുന്നുണ്ട്. എന്നാൽ ആണവകേന്ദ്രങ്ങളിലെ സൗകര്യങ്ങളും ഉപകരണങ്ങളും പൂർണ്ണമായി നശിപ്പിക്കാൻ കഴിഞ്ഞില്ലെങ്കിൽ, 2003ൽ അടച്ചുപൂട്ടിയതായി യുഎസ് രഹസ്യാന്വേഷണവിഭാഗവും അന്താരാഷ്ട്ര ആണവോർജ്ജ ഏജൻസിയും പറയുന്ന ആണവകേന്ദ്രം ഇറാന് അധികം വെെകാതെ പുനരാരംഭിക്കാൻ കഴിഞ്ഞേക്കും.
'ആണവ കേന്ദ്രത്തിലേക്ക് എംഒപികൾ തുളച്ചു കയറി. കേന്ദ്രം പൂർണമായും തകർന്നുകാണുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു'- ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സയൻസ് ആൻഡ് ഇന്റർനാഷണൽ സെക്യൂരിറ്റിയുടെ തലവനും മുൻ യുഎൻ ആണവ ഇൻസ്‌പെക്ടറുമായ ഡേവിഡ് ആൽബ്രെെറ്റ് പറഞ്ഞു.
ഫൊർദോയിൽ ഞായറാഴ്ച പുലർച്ചെയുണ്ടായ ആക്രണത്തിന് മുൻപ് ഉയർന്ന അളവിലുള്ള യുറേനിയം ഇറാൻ അവിടെനിന്ന് മാറ്റുകയും അത് ഇസ്രയേൽ, യുഎസ്, യുഎൻ ആണവ ഇൻസ്‌പെക്ടർമാർക്ക് അറിയാത്ത സ്ഥലങ്ങളിൽ ഒളിപ്പിക്കുകയും ചെയ്തിരിക്കാൻ സാദ്ധ്യതയുണ്ടെന്ന് ചില വിദഗ്ധർ അവകാശപ്പെടുന്നു. ഫോർഡോയിൽ വ്യാഴാഴ്ചയും വെള്ളിയാഴ്ചയും അസാധാരണമായ പ്രവർത്തനം കാണിക്കുന്ന മക്സാർ ടെക്നോളജിയുടെ ഉപഗ്രഹ ചിത്രങ്ങളെ ചൂണ്ടിക്കാട്ടിയാണ് അവർ ഇത് അവകാശപ്പെടുന്നത്. ആണവ കേന്ദ്രത്തിന്റെ ഒരു കവാടത്തിന് പുറത്ത് വാഹനങ്ങളുടെ നീണ്ട നിര കാത്തുകിടക്കുന്നതും ചിത്രങ്ങളിലുണ്ട്. യുറേനിയത്തിന്റെ ഭൂരിഭാഗവും മാറ്റിയതിന്റെ തെളിവായി ഇത് ചൂണ്ടിക്കാണിക്കുന്നു.
'അവരുടെ ആണവ പദ്ധതി ഏതാനും വർഷത്തേക്ക് വെെകുക എന്നതിനപ്പുറം മറ്റെന്തെങ്കിലും ചെയ്യാൻ കഴിയുമെന്ന് ഞാൻ കരുതുന്നില്ല. നമുക്ക് അറിയാത്ത കേന്ദ്രങ്ങൾ തീർച്ചയായും ഇറാന് ഉണ്ടാകും.'- മോണ്ടെറിയിലെ മിഡിൽബറി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്റർനാഷണൽ സ്റ്റഡീസിലെ ജെഫ്രി ലൂയിസ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |