മലയാള സിനിമയിലെ താരസംഘടനയായ അമ്മയുടെ നേതൃസ്ഥാനത്തേക്ക് നടൻ മോഹൻലാൽ ഇല്ലെന്ന് തീർത്ത് പറഞ്ഞതോടെ ഭരണസമിതി തിരഞ്ഞെടുപ്പിലേക്ക് കടക്കുകയാണ്. മൂന്ന് മാസത്തിന് ശേഷമായിരിക്കും തിരഞ്ഞെടുപ്പ് നടത്തുക. പുതിയ ഭരണസമിതി നിലവിലില്ലാത്തത് കൊണ്ട് മലയാള സിനിമയുമായി ബന്ധപ്പെട്ട വിഷയങ്ങളൊന്നും യോഗത്തിൽ ചർച്ചയായില്ല എന്നാണ് വിവരം. പുതിയ ഭരണസമിതിയെ തിരഞ്ഞെടുപ്പിലൂടെ കണ്ടെത്താനുള്ള തീരുമാനമുണ്ടായത് നാടകീയ സംഭവങ്ങൾക്ക് ശേഷമാണെന്നാണ് വിവരം.
കഴിഞ്ഞ ഭരണസമിതിയുടെ പ്രസിഡന്റായിരുന്ന മോഹൻലാൽ സംഘടനയുടെ തലപ്പത്തേക്ക് തിരികെയെത്തുമെന്നായിരുന്നു റിപ്പോർട്ടുകൾ. മോഹൻലാൽ വോട്ടെടുപ്പില്ലാതെ പ്രസിഡന്റ് സ്ഥാനത്ത് തുടരണമെന്ന് ജനറൽ ബോഡി തീരുമാനിക്കുമെന്നും രാജിവച്ച് അഡ്‌ഹോക്ക് കമ്മിറ്റിയായി തുടരുന്നവർ വീണ്ടും ഭരണസമിതിയിൽ വരട്ടെ എന്നുള്ള ചർച്ചകളായിരുന്നു സജീവമായത്.
എന്നാൽ പ്രസിഡന്റ് സ്ഥാനത്തേക്കില്ലെന്ന് മോഹൻലാൽ നിലപാട് സ്വീകരിച്ചു. ജനറൽ ബോഡിയിൽ 20ഓളം പേർ മോഹൻലാലിന് വേണ്ടി ശക്തമായി വാദിക്കുകയുണ്ടായി. തുടരാനില്ലെന്ന് മോഹൻലാൽ വ്യക്തമാക്കിയതോടെ അംഗങ്ങൾ ഒരേ സ്വരത്തിൽ പ്രതിഷേധിക്കുന്ന സാഹചര്യമുണ്ടായി. ചില താരങ്ങൾ ജനറൽ ബോഡിയിൽ വൈകാരികമായി പ്രതികരിച്ചെന്നും വിവരമുണ്ട്. എന്നാൽ പ്രസിഡന്റ് സ്ഥാനത്തേക്കില്ലെന്ന് മോഹൻലാൽ ഉറപ്പിച്ചു പറഞ്ഞു. തിരഞ്ഞെടുപ്പ് നടത്തി പുതിയ ആളുകൾ നേതൃനിരയിലേക്ക് വരട്ടയെന്ന് അദ്ദേഹം പറഞ്ഞതായാണ് വിവരം. ഇതോടെ അഡ്‌ഹോക്ക് കമ്മിറ്റി മൂന്ന് മാസം കൂടി തുടരാനും അതിനുശേഷം തിരഞ്ഞെടുപ്പ് നടത്താമെന്നും തീരുമാനിച്ചത്.
അംഗങ്ങൾക്കെതിരായ ലൈംഗിക ആരോപണങ്ങളിൽ അമ്മയ്ക്ക് ധാർമിക ഉത്തരവാദിത്തമുള്ളതിനാൽ നിലവിലെ ഭരണസമിതി രാജി പ്രഖ്യാപിച്ച സാഹചര്യം ഇപ്പോഴും നിലനിൽക്കുന്നുണ്ടെന്നും സംഘടന തിരഞ്ഞെടുപ്പിലേക്ക് പോകുന്നതാണ് ഉചിതമെന്നും മോഹൻലാൽ പറഞ്ഞെന്നാണ് വിവരം. എന്നാൽ ലാലിനെപ്പോലെയുള്ള ഒരു ഗജവീരനാണ് അമ്മയുടെ പ്രസിഡന്റ് ആകേണ്ടതെന്ന് സുരേഷ് ഗോപി പ്രതികരിച്ചു.
സംഘടന പ്രതിസന്ധി നേരിട്ടപ്പോൾ പ്രസിഡന്റ് എന്ന നിലയിൽ ഒറ്റപ്പെടുത്താൻ ശ്രമമുണ്ടായത് ലാലിനെ വേദനിപ്പിച്ചെന്ന് ജഗദീഷ് പറഞ്ഞു. പിന്നാലെ മോഹൻലാൽ തുടരണമെന്നുള്ളവർ കൈ പൊക്കണമെന്ന് ബൈജു സന്തോഷ് ആവശ്യപ്പെട്ടപ്പോൾ അംഗങ്ങൾ ഒന്നടങ്കം കൈ പൊക്കി. എന്നാൽ ഇനിയും സമയമുണ്ടല്ലോ, മത്സരിക്കുന്ന കാര്യമൊക്കെ പിന്നീട് തീരുമാനിക്കാമല്ലോ എന്ന് മോഹൻലാൽ പറഞ്ഞു.
അഡ്‌ഹോക് കമ്മിറ്റി ഉടൻ യോഗം ചേർന്ന് തിരഞ്ഞെടുപ്പ് തീയതിയും നടപടിക്രമങ്ങളും നിശ്ചയിക്കും. മത്സരത്തിലൂടെ തിരഞ്ഞെടുപ്പ് നടത്തും. അഡ്‌ഹോക് കമ്മിറ്റിക്ക് തുടരാവുന്ന കാലാവധി അതിക്രമിച്ച സാഹചര്യത്തിലാണ് തിരഞ്ഞെടുപ്പ് നടത്തുന്നതെന്ന് വൈസ് പ്രസിഡന്റ് ജയൻ ചേർത്തല പറഞ്ഞു. കഴിഞ്ഞ വർഷം മോഹൻലാൽ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ഭരണസമിതിയിലെ സെക്രട്ടറി സിദ്ദിഖ് പീഡനക്കേസിനെ തുടർന്ന് ആഗസ്റ്റ് 27ന് രാജി വച്ചതോടെ അഡ്‌ഹോക് കമ്മിറ്റിയാണ് തുടർന്നിരുന്നത്. അമ്മയുടെ 31ാമത് വാർഷിക പൊതുയോഗമാണ് ഇന്നലെ കൊച്ചിയിലെ ഗോകുലം കൺവെൻഷൻ സെന്ററിൽ നടന്നത്. 13 വർഷത്തിന് ശേഷം ജഗതി ശ്രീകുമാർ യോഗത്തിൽ പങ്കെടുത്തു. മമ്മൂട്ടി, ഫഹദ് ഫാസിൽ, പൃഥ്വിരാജ്, ഉണ്ണി മുകുന്ദൻ, നിവൻ പോളി, മുകേഷ് തുടങ്ങിയവർ എത്തിയില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |