തിരുവനന്തപുരം: നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതോടെ കേരളത്തിൽ ഭരണമാറ്റം സംഭവിച്ച് കഴിഞ്ഞെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് എ കെ ആന്റണി. പിണറായി സർക്കാർ കേരളത്തിന്റെ കെയർ ടേക്കർ സർക്കാർ മാത്രമായിരിക്കുമെന്നും അദ്ദേഹം പ്രതികരിച്ചു. ആര് വിചാരിച്ചാലും കേരളത്തിൽ എൽഡിഎഫ് ഇനി തിരിച്ചുവരില്ലെന്നും ആന്റണി കൂട്ടിച്ചേർത്തു. നിലമ്പൂരിൽ യുഡിഎഫിന്റെ വിജയവുമായി ബന്ധപ്പെട്ട് മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
'കേരളത്തിൽ എൽഡിഎഫിന്റെ അദ്ധ്യായം അടഞ്ഞുകഴിഞ്ഞു. ഈ വിജയത്തിൽ യുഡിഎഫ് പ്രവര്‍ത്തകര്‍ അഹങ്കരിക്കരുത്. കൂടുതല്‍ വിനയാന്വിതരായി പ്രവര്‍ത്തിക്കണം. നിലമ്പൂരില്‍ യുഡിഎഫിന് വിജയം സമ്മാനിച്ച വോട്ടര്‍മാരെ അഭിനന്ദിക്കുന്നു. ആര്യാടന്‍ മുഹമ്മദിന്റെ ഓര്‍മകള്‍ നിലമ്പൂരില്‍ നിറഞ്ഞ് നില്‍ക്കുന്നു. ആര്യാടന്‍ തിരിച്ചു വന്നിരിക്കുന്നു. പിണറായി സര്‍ക്കാര്‍ ഇനി ഭരണത്തില്‍ തുടരുന്നത് സാങ്കേതികമായി മാത്രമായിരിക്കും. ജനങ്ങളെ സംബന്ധിച്ചിടത്തോളം ഭരണമാറ്റം സംഭവിച്ച് കഴിഞ്ഞു. അതിശക്തമായ ഭരണവിരുദ്ധ വികാരമാണ് കേരളത്തിലുളളത്. ഇനിയുള്ള പിണറായി സര്‍ക്കാര്‍ ഒരു കെയര്‍ടേക്കര്‍ സര്‍ക്കാര്‍ മാത്രമാണ്'- എ കെ ആന്റണി പ്രതികരിച്ചു.
മുതിർന്ന കോൺഗ്രസ് നേതാവ് കെ മുരളീധരനും നിലമ്പൂരിലെ യുഡിഎഫ് വിജയത്തിൽ മാദ്ധ്യമങ്ങളോട് പ്രതികരിക്കുകയുണ്ടായി. ഇടതുപക്ഷ സ്ഥാനാർത്ഥി എം സ്വരാജിന് ശ്രീരാമകൃഷ്ണൻ പിടിച്ച വോട്ട് പോലും പിടിക്കാന്‍ കഴിഞ്ഞില്ലെന്ന് അദ്ദേഹം പറഞ്ഞു. സ്വരാജ് ഊതിവീര്‍പ്പിച്ച ഒരു ബലൂണ്‍ ആയിരുന്നുവെന്നും മുരളീധരൻ കൂട്ടിച്ചേർത്തു. 'തൃപ്പൂണിത്തുറയിൽ ഒരു ട്രെൻഡില്‍ ജയിച്ചതാണ് സ്വരാജ്. നിലമ്പൂരില്‍ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയെ സ്‌നേഹിക്കുന്ന സാധാരണക്കാര്‍ മാറി വോട്ട് ചെയ്തിട്ടുണ്ട്. സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ അവസാനഘട്ടത്തില്‍ നടത്തിയ പ്രസ്താവന അതിനുകാരണമായി. അതില്‍ ശക്തമായ പ്രതിഷേധമുള്ള അണികള്‍ യുഡിഎഫിനും പി വി അൻവറിനും വോട്ട് ചെയ്തു. ആശാവർക്കർമാർക്കു പോലും പണം നല്‍കാത്ത സര്‍ക്കാരിനെതിരെ കേരളത്തിൽ അതിശക്തമായ വികാരമാണുള്ളത്'- അദ്ദേഹം പ്രതികരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |