മലപ്പുറം: നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫ് വിജയിച്ചതിൽ പ്രതികരിച്ച് 2021ൽ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥിയും മുൻ ഡിസിസി പ്രസിഡന്റും ആയിരുന്ന വി വി പ്രകാശിന്റെ മകൾ നന്ദന പ്രകാശ്. 'അച്ഛാ നമ്മൾ ജയിച്ചൂട്ടോ, അന്നും ഇന്നും എന്നും പാർട്ടിക്കൊപ്പം'- എന്നാണ് ഫേസ്‌ബുക്കിൽ വി വി പ്രകാശിന്റെ ചിത്രം പങ്കുവച്ച് നന്ദന കുറിച്ചത്.
നിലമ്പൂരിൽ സ്വതന്ത്രനായി മത്സരിച്ച് മൂന്നാം സ്ഥാനത്തെത്തിയ പി വി അൻവർ വിവി പ്രകാശിന്റെ വീട്ടിലെത്തിയാണ് പ്രചാരണപരിപാടികള്‍ക്ക് തുടക്കം കുറിച്ചത്. എടക്കരയിലെ വീട്ടിലെത്തിയ അന്‍വര്‍ പ്രകാശിന്റെ ഭാര്യ സ്മിതയോടും മകളോടും വോട്ട് അഭ്യര്‍ത്ഥിച്ചു. വോട്ട് ചോദിച്ച് എത്തിയ അന്‍വര്‍ മടങ്ങിയ ശേഷം ഈ വിഷയത്തില്‍ പ്രകാശിന്റെ ഭാര്യ സ്മിത പ്രതികരിക്കുകയും ചെയ്തു. 'എന്നും കോണ്‍ഗ്രസിനൊപ്പം നില്‍ക്കും, പ്രകാശ് മരിച്ചപ്പോള്‍ പുതപ്പിച്ചത് കോണ്‍ഗ്രസ് പതാകയാണ്. ആ പാര്‍ട്ടി തന്നെയായിരിക്കും ഞങ്ങളുടെ മരണംവരെയും. ഞങ്ങള്‍ എന്നും കോണ്‍ഗ്രസ് പാര്‍ട്ടിക്കൊപ്പമാണ്. അതില്‍കൂടുതല്‍ ഒന്നും പറയാനില്ല' - എന്നായിരുന്നു സ്മിത പറഞ്ഞത്. എൽഡിഎഫ് സ്ഥാനാർത്ഥിയായിരുന്ന എം സ്വരാജും പ്രകാശിന്റെ വീട്ടിലെത്തിയിരുന്നു. എന്നാൽ യുഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിച്ച് വിജയിച്ച ആര്യാടൻ ഷൗക്കത്ത് പ്രകാശിന്റെ വീട് സന്ദർശിച്ചിരുന്നില്ല. ഇക്കാര്യം പ്രചാരണത്തിലുടനീളം എൽഡിഎഫ് ആയുധമാക്കുകയും ചെയ്തിരുന്നു. ആര്യാടൻ ഷൗക്കത്തിന്റെ ഇടപെടലിലാണ് കഴിഞ്ഞതവണ പ്രകാശ് തോറ്റതെന്ന പ്രചാരണവും ശക്തമായിരുന്നു.
2021ല്‍ 2700 വോട്ടുകള്‍ക്കാണ് വി വി പ്രകാശ് ഇടതുസ്വതന്ത്രനായിരുന്ന പി വി അന്‍വറിനോട് പരാജയപ്പെട്ടത്. 2016ല്‍ അന്‍വറിനോട് മത്സരിച്ച് പരാജയപ്പെട്ട ആര്യാടന്‍ ഷൗക്കത്ത് 2021ലും സ്ഥാനാര്‍ത്ഥിത്വം ആഗ്രഹിച്ചിരുന്നു. എന്നാല്‍ ജയസാദ്ധ്യതയില്ലെന്ന് കണ്ട് ഈ ആവശ്യം പാര്‍ട്ടി നിരാകരിക്കുകയായിരുന്നു. വി വി പ്രകാശ് മത്സരിച്ചാല്‍ മണ്ഡലം തിരിച്ചുപിടിക്കാനാകുമെന്ന് പാര്‍ട്ടി നേതൃത്വം കണക്ക് കൂട്ടിയെങ്കിലും വാശിയേറിയ പോരാട്ടത്തിനൊടുവില്‍ 2700 വോട്ടുകള്‍ക്ക് അന്‍വര്‍ വിജയിക്കുകയായിരുന്നു.
തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കുന്നതിന് മുമ്പ് തന്നെ വി വി പ്രകാശ് മരണപ്പെടുകയും ചെയ്തിരുന്നു. 2021ല്‍ നേരിയ വ്യത്യാസത്തില്‍ ജനകീയനായ പ്രകാശ് തോറ്റതിന് പിന്നില്‍ ആര്യാടന്‍ ഷൗക്കത്ത് വിഭാഗം കാലുവാരിയതാണെന്നാണ് ഉയര്‍ന്ന ആരോപണം. ഈ വിഷയം ഉന്നയിച്ച് അദ്ദേഹത്തിന്റെ മരണത്തിന് ശേഷം ഇടത് മുന്നണിയും ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |