തിരുവനന്തപുരം: തലസ്ഥാനത്തെ വ്യോമപാതയിലെ വിമാനങ്ങൾക്ക് ഗുരുതര ഭീഷണിയായി പക്ഷിക്കൂട്ടം. സർക്കാരും നഗരസഭയും കിണഞ്ഞുശ്രമിച്ചിട്ടും പക്ഷിശല്യം ഒഴിവാക്കാനായില്ല. ഞായറാഴ്ച എയർഇന്ത്യയുടെ ഡൽഹി വിമാനത്തിന് ലാൻഡിംഗിനിടെ പക്ഷിയിടിയെ തുടർന്ന് സാരമായ തകരാറുണ്ടായതാണ് ഒടുവിലത്തെ സംഭവം. വിമാനത്താവള പരിസരത്തെ അനധികൃത മാലിന്യശേഖരമാണ് പക്ഷിശല്യത്തിന് കാരണം. പക്ഷിയുമായി കൂട്ടിയിടിച്ചാൽ അപകടമായാണ് കണക്കാക്കുക. എൻജിൻ പ്രവർത്തനരഹിതമാവും, തീപിടിക്കാനും സാദ്ധ്യതയുണ്ട്.
കേന്ദ്രവ്യോമയാന ഏജൻസികളുടേതടക്കം അന്വേഷണങ്ങളുണ്ടാവും. പക്ഷിയിടിയുടെ അപകടാവസ്ഥ വിശദമാക്കി എയർപോർട്ട് അതോറിട്ടി സർക്കാരിന് കത്ത് നൽകിയിട്ടുണ്ട്. വിമാനത്താവള നടത്തിപ്പുകാരായ അദാനിയുടെ ഒരുകോടി രൂപ സഹായത്തോടെ പുതിയ മാലിന്യസംസ്കരണ പ്ലാന്റിനായി കോർപ്പറേഷൻ പദ്ധതിയിട്ടിരുന്നെങ്കിലും അനുമതി കിട്ടിയില്ല.
മാലിന്യശേഖരണം അദാനിയുടെ ചെലവിൽ
തെക്കുകിഴക്കായി വലിയതുറ ബീച്ചിൽ മത്സ്യബന്ധനം. പടിഞ്ഞാറുഭാഗത്ത് കുമരിച്ചന്ത മത്സ്യ-മാംസ മാർക്കറ്റ്. റൺവേയ്ക്ക് ഒരു മതിലിനപ്പുറം അറവുശാലകളും മാംസമാലിന്യ കൂമ്പാരവും. 2കി.മീ അടുത്ത് എഫ്.സി.ഐ ഗോഡൗൺ-ഇതാണ് പക്ഷികളെ ആകർഷിക്കുന്നത്.
ഇറച്ചിമാലിന്യം ശേഖരിക്കാൻ നഗരസഭ നിയോഗിച്ച ഏജൻസിക്ക് കിലോഗ്രാമിന് മൂന്നുരൂപ വീതം നൽകണം. ഒരു അറവുശാലയിൽ പ്രതിദിനം 80കിലോ മാലിന്യമുണ്ടാവും. ഇതിനുള്ള ചെലവായ ആറുലക്ഷം രൂപ 7മാസമായി അദാനിഗ്രൂപ്പാണ് നൽകുന്നത്.
2021ൽ പതിനായിരം വിമാനനീക്കങ്ങളുണ്ടാവുമ്പോഴുള്ള പക്ഷിയിടി നിരക്ക് 11.11ആയിരുന്നു.
ദേശീയതലത്തിലിത് 4.26മാത്രമാണ്. മാലിന്യനീക്കം കാര്യക്ഷമമായതോടെ പക്ഷിശല്യത്തിൽ കുറവുണ്ടായി.
പക്ഷികളെ വെടിശബ്ദം കേൾപ്പിച്ചും പടക്കംപൊട്ടിച്ചും തുരത്താൻ വിമാനത്താവളത്തിൽ
22 ജീവനക്കാരെ നിയോഗിച്ചിട്ടുണ്ട്.
പക്ഷിയിടി കണക്കുകൾ
കേന്ദ്രസർക്കാർ കണക്കുപ്രകാരം തിരുവനന്തപുരത്ത് 2018 മുതൽ 2024 വരെ പക്ഷിയുമായി കൂട്ടിയിടിച്ചത് 119 വിമാനങ്ങളാണ്. പൈലറ്റുമാർ റിപ്പോർട്ട് ചെയ്‌ത പക്ഷിയിടിക്കേസുകൾ 239 ആണെന്നാണ് എയർപോർട്ട് അതോറിട്ടിയുടെ കണക്കുകൾ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |