ടെഹ്‌റാൻ: 12 ദിവസം നീണ്ട ഇറാൻ - ഇസ്രയേൽ ഏറ്റുമുട്ടലിന് അന്ത്യമാകുന്നു. ഇറാനും ഇസ്രയേലും തമ്മിലുള്ള വെടിനിർത്തൽ നിലവിൽ വന്നു. അമേരിക്കൽ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ആണ് വെടിനിർത്തൽ ആദ്യം ലോകത്തെ അറിയിച്ചത്. പിന്നാലെ ഇറാനും ഇസ്രയേലും വെടിനിർത്തൽ സ്ഥിരീകരിച്ചു.
ഇപ്പോൾ വെടിനിർത്തൽ പ്രാബല്യത്തിൽ വന്നുവെന്നും ഇരുരാജ്യങ്ങളും ഇത് ലംഘിക്കരുതെന്നും ഡൊണാൾഡ് ട്രംപ് എക്‌സിൽ പോസ്റ്റിട്ടു. ഇന്ന് രാവിലെ ട്രൂത്ത് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമിലൂടെയാണ് ആറ് മണിക്കൂറിന് ശേഷം വെടിനിർത്തൽ എന്ന് ട്രംപ് പ്രഖ്യാപിച്ചിരുന്നത്. പിന്നാലെ ഇറാൻ വിദേശകാര്യ മന്ത്രിയുടെ പ്രഖ്യാപനവും വന്നു. ഇസ്രയേൽ ആക്രമണം നിർത്തിയാൽ തങ്ങളും തയ്യാറാണെന്നായിരുന്നു അത്. അതിന് പിന്നാലെ ഇറാന്റെ ദേശീയ മാദ്ധ്യമങ്ങൾ വെടിനിർത്തൽ നിലവിൽ വന്നതായി സ്ഥിരീകരിച്ചു.
പിന്നാലെ ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും വാർത്താക്കുറിപ്പ് ഇറക്കി. ആണവായുധങ്ങൾ, ബാലിസ്റ്റിക് മിസൈലുകൾ എന്നിവകൊണ്ട് ഇറാൻ ഉയർത്തിയ ഭീഷണിയെ ഇസ്രയേൽ വിജയകരമായി ചെറുത്തു. ഇറാൻ ഭീഷണിയായി മുൻനിർത്തിയ കേന്ദ്രങ്ങളെല്ലാം നശിപ്പിച്ചു. പ്രതിരോധത്തിന് സഹായിച്ചതിന് അമേരിക്കൻ പ്രസിഡന്റിനും അമേരിക്കയിലെ ജനങ്ങൾക്കും വാർത്താക്കുറിപ്പിൽ നന്ദിയും അറിയിച്ചിട്ടുണ്ട്. ഉഭയകക്ഷി വെടിനിർത്തലിനുള്ള അമേരിക്കയുടെ തീരുമാനത്തോട് ഇസ്രയേൽ യോജിക്കുന്നുവെന്നും കുറിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്. ഇനി ഇറാന്റെ ഭാഗത്ത് നിന്ന് ഏതെങ്കിലും വിധത്തിൽ ലംഘനമുണ്ടായാൽ തങ്ങളുടെ പ്രതികരണം അതിശക്തമായിരിക്കുമെന്നും ഇസ്രയേൽ വ്യക്തമാക്കി.
ഇറാനിലെ 450 മനുഷ്യരുടെ ജീവനാണ് 12 ദിവസം നീണ്ട ഇറാൻ - ഇസ്രയേൽ ഏറ്റുമുട്ടലിൽ നഷ്‌ടമായത്. 29പേരുടെ ജീവൻ ഇസ്രയേലിലും നഷ്‌ടമായി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |