കൊച്ചി: വിദ്യാർത്ഥികൾക്ക് യാത്രാപാസുകൾ പുന:സ്ഥാപിച്ച് കൊച്ചി മെട്രോ. ശരാശരി ടിക്കറ്റ് നിരക്കിനേക്കാൾ 33 ശതമാനം നിരക്കിളവ് അനുവദിക്കുന്ന യാത്രാപാസാണ് പുതിയതായി അവതരിപ്പിച്ചത്. വിദ്യാർത്ഥികൾക്ക് നൽകിക്കൊണ്ടിരുന്ന ഇളവുകൾ പുതിയ അദ്ധ്യായന വർഷംമുതൽ നിറുത്തിലാക്കിയ കൊച്ചി മെട്രോയുടെ നടപടി ശക്തമായ പ്രതിഷേധത്തിന് ഇടയാക്കിയ സാഹചര്യത്തിലാണ് പ്രതിമാസ പാസ് പുതിയ ആനുകൂല്യങ്ങളോടെ അവതരിപ്പിച്ചത്.
വിദ്യാർത്ഥികൾക്കുള്ള 1100 രൂപയുടെ പ്രതിമാസപാസും 3000 രൂപയുടെ ത്രൈമാസ പാസും ജൂലായ് ഒന്നുമുതൽ നിലവിൽ വരും. മെട്രോയുടെ ഏതു സ്റ്റേഷനുകളിൽനിന്നും ഏത് സ്റ്റേഷനുകളിലേക്കും ഇതുപയോഗിച്ച് യാത്രചെയ്യാം. പരമാവധി 50 യാത്രകളാണ് അനുവദിച്ചിരിക്കുന്നത്. എടുക്കുന്ന തീയതി മുതൽ 30 ദിവസമാണ് പാസിന്റെ കാലാവധി . 3000 രൂപയുടെ ത്രൈമാസപാസിന് മൂന്ന് മാസമാണ് കാലാവധി. 150 യാത്രകൾ നടത്താം
വിദ്യാർത്ഥി പാസിൽ ട്രിപ്പിന് പ്രതിദിന ശരാശരിനിരക്ക് 33 രൂപ മാത്രം. 50 യാത്രയ്ക്ക് 1650 രൂപ വേണ്ടിടത്ത് പാസ് എടുക്കുന്നതോടെ 1100 രൂപയായി കുറയും. വിദ്യാർത്ഥികൾക്ക് 550 രൂപ ലാഭിക്കാം. ത്രൈമാസപാസിൽ ആനുപാതികമായ ലാഭംകിട്ടും. പാസ് ലഭിക്കുന്നതിനുള്ള പ്രായപരിധി 30 വയസാണ്. വിദ്യാലയ മേധാവി നൽകുന്ന സാക്ഷ്യപത്രം, സ്റ്റുഡന്റ്സ് തിരിച്ചറിയൽ കാർഡ്, പ്രായം തെളിയിക്കുന്ന രേഖ സഹിതം മെട്രോ സ്റ്റേഷനുകളിൽ നിന്ന് ജൂലായ് ഒന്നുമുതൽ പാസെടുക്കാം. കൈമാറ്റം ചെയ്യാനോ ദുരുപയോഗം ചെയ്യാനോ അനുവദിക്കില്ല. തുക റീഫണ്ട് ചെയ്യാനും സാധിക്കില്ല. രാജ്യത്ത് നാഗ്പൂർ, പൂനെ, ഹൈദരാബാദ് മെട്രോകൾ മാത്രമാണ് വിദ്യാർത്ഥികൾക്ക് സൗജന്യനിരക്കിൽ യാത്രാപാസ് അനുവദിക്കുന്നതെന്നും ഹൈദരാബാദിൽ 10 ശതമാനവും മറ്റ് രണ്ടിടത്തും 30 ശതമാനവുമാണ് പരമാവധി ഇളവെന്നും കെ.എംആർ.എൽ പറയുന്നു.
കഴിഞ്ഞ വർഷങ്ങളിൽ വിദ്യാർത്ഥികൾക്ക് കൊച്ചി മെട്രോ നൽകിയിരുന്ന പ്രതിമാസ യാത്രാപാസ് മുന്നറിയിപ്പൊന്നുമില്ലാതെയാണ് നിറുത്തലാക്കിയത്. അദ്ധ്യായന വർഷാരംഭത്തിൽ വിദ്യാർത്ഥികൾ പാസെടുക്കാൻ മെട്രോസ്റ്റേഷനുകളിൽ എത്തിയപ്പോൾ അധികൃതർ തിരിച്ചയച്ചതോടെയാണ് വിവരം പുറംലോകമറിയുന്നത്. എസ്.എഫ്.ഐ ഉൾപ്പെടെയുള്ള വിദ്യാർത്ഥി സംഘടനകളും രക്ഷിതാക്കളും പ്രതിഷേധവുമായി രംഗത്തെത്തിയതോടെ കൊച്ചി മെട്രോ പ്രതിരോധത്തിലായി. പാസ് താത്കാലികമായി നിറുത്തിയതാണെന്നും പുന:സ്ഥാപിക്കുന്നത് പരിഗണനയിലാണെന്നും കെ.എം.ആർ.എൽ അറിയിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |