ന്യൂഡൽഹി: ഇന്ത്യയുമായി ബന്ധപ്പെട്ട പാകിസ്ഥാനികളുടെ താത്പര്യങ്ങൾ കാശ്മീരിൽ മാത്രമല്ല അവസാനിക്കുന്നത്. 'ചന്ദ്രയാൻ 2' വിക്ഷേപണത്തിന്റെ കാര്യത്തിൽ ഇന്ത്യക്കാരേക്കാൾ ഏറെ ആവേശം കാട്ടിയത് പാകിസ്ഥാൻ ആയിരുന്നു എന്നാണ് ഗൂഗിൾ പറയുന്നത്. ഗൂഗിൾ ട്രെൻഡ്സ് വഴിയാണ് ഈ വിവരം പുറത്തുവന്നത്. പാതിരാത്രി ഉറങ്ങാതിരുന്നു പോലും ഇന്ത്യയുടെ 'ചന്ദ്രയാൻ 2' ദൗത്യത്തെ കുറിച്ച് പാകിസ്ഥാനികൾ ഇന്റർനെറ്റിൽ തിരയുകയായിരുന്നു എന്നാണ് ഗൂഗിൾ പറയുന്നത്. ചന്ദ്രയാൻ ലാൻഡറായ വിക്രം ചന്ദ്രോപരിതലത്തിൽ ഇറങ്ങേണ്ടിയിരുന്ന സെപ്തംബർ ഏഴിന് പാകിസ്ഥാനികളിൽ ഭൂരിഭാഗം പേരും തങ്ങളുടെ മൊബൈൽ ഫോണുകളിൽ ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ തിരഞ്ഞുകൊണ്ടിരിക്കുകയായിരുന്നു.
'ചന്ദ്രയാൻ 2', 'വിക്രം ലാൻഡർ', 'ഐഎസ്ആർഒ' എന്നിവയായിരുന്നു പാക്കിസ്ഥാനികളുടെ പ്രധാന തിരയൽ പദങ്ങൾ. ഇന്ത്യൻ സമയം പുലർച്ചെ 2 മണിക്കാണ് വിക്രം ലാൻഡർ ചന്ദ്രോപരിതലത്തിൽ ഇറങ്ങേണ്ടിയിരുന്നത്. സാധാരണ ഈ സമയത്ത് പാകിസ്ഥാനികൾ കിടന്നുറങ്ങുകയാണ് പതിവെങ്കിലും ലാൻഡർ ചന്ദ്രനിൽ ഇറങ്ങേണ്ടിയിരുന്ന ദിവസം പാകിസ്ഥാനികളിൽ ഭൂരിഭാഗം പേരും ഉറങ്ങാൻ തയാറായില്ല. പുലർച്ചെ 5:30 വരെയാണ് പാകിസ്ഥാനികൾ ഗൂഗിളിൽ ചന്ദ്രയാനെ ചൊല്ലി ഉത്കണ്ഠപ്പെട്ടത്. വിക്രം ചന്ദ്രനിൽ ലാൻഡർ ഇടിച്ചിറങ്ങിയതിനു ശേഷം ഇതുമായി ബന്ധപ്പെട്ട വാർത്തകൾക്ക് ക്രമേണ ഇന്ത്യയിൽ താത്പര്യം കുറഞ്ഞ് വന്നു. ഇന്ത്യൻ മാദ്ധ്യമങ്ങൾ ഈ സംഭവവുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും കൃത്യമായി നൽകിയിരുന്നതാണ് കാരണം.
എന്നാൽ ഇന്ത്യക്കാർ ചന്ദ്രയാനെ കുറിച്ച് ആശങ്കപ്പെട്ടതിനേക്കാൾ പാകിസ്ഥാൻ പൗരന്മാർക്ക് ഇക്കാര്യത്തിൽ പരിഭ്രമമുണ്ടായിരുന്നു എന്നാണ് ഗൂഗിൾ പറയുന്നത്. കാരണം, ചന്ദ്രയാൻ 2വിൽ ഇന്ത്യയ്ക്ക് നേരിയ തിരിച്ചടി സംഭവിച്ച ശേഷവും രണ്ടു ദിവസക്കാലത്തേക്ക് ഇതേ കാര്യം തന്നെ പാകിസ്ഥാനികൾ ഗൂഗിളിൽ തിരഞ്ഞിരുന്നു. ഇന്ത്യയുടെ ചന്ദ്രയാൻ ദൗത്യത്തിൽ തിരിച്ചടി നേരിട്ടതിനെ തുടർന്ന് പാകിസ്ഥാൻ നേതാക്കളും പാകിസ്ഥാനി പൗരന്മാരും വിമർശനവും പരിഹാസവുമായി രംഗത്തെത്തിയിരുന്നു. എന്നാൽ ഈ വിമർശനങ്ങൾക്കതിരെയും ഏതാനും പാകിസ്ഥാനികൾ രംഗത്ത് വന്നിരുന്നു. പാകിസ്ഥാൻ ബഹിരാകാശ രംഗത്ത് എന്ത് ചെയ്തുവെന്നും ഈ സമയത്ത് പരിഹസിക്കുകയല്ല വേണ്ടതെന്നും അവർ പാക് നേതാക്കൾക്ക് മറുപടി നൽകി.