മലയാള സിനിമയിൽ ദൃശ്യങ്ങൾക്കൊണ്ട് വിസ്മയം തീർത്ത ഛായാഗ്രാഹകനാണ് എസ്.കുമാർ.1978ൽ തിരനോട്ടം എന്ന ചിത്രം പുറത്തിറങ്ങിയപ്പോൾ അന്ന് പിറവിയെടുത്തത് ചലച്ചിത്രരംഗത്തേക്കുള്ള രണ്ടുപേരുടെ സുപ്രധാന ചുവടുവയ്പ്പ് കൂടിയാണ്. ഒന്ന് മോഹൻലാൽ എന്ന മഹാനടനും മറ്റൊന്ന് കാമറയ്ക്കുപിന്നിൽ നിന്നും മനോഹരദൃശ്യങ്ങൾ ഒപ്പിയെടുത്ത എസ്.കുമാറിന്റെ അരങ്ങേറ്റവും. കിലുക്കം,താളവട്ടം,മിഥുനം, ജോണിവാക്കർ, ചിത്രം, അകലെ, ഗുരു, ചിന്താവിഷ്ടയായ ശ്യാമള,മീശമാധവൻ, ജോമോന്റെ സുവിശേഷങ്ങൾ തുടങ്ങി ഞാൻ പ്രകാശൻ വരെ എത്തി നിക്കുന്നു എസ്.കുമാറിന്റെ കാമറകണ്ണുകൾ. പ്രിയദർശൻ ചിത്രങ്ങളിലൂടെ സിനിമാ രംഗത്ത് കൂടുതൽ ശ്രദ്ധനേടി.
മലയാള സിനിമയിലെ സൂപ്പർസ്റ്റാറുകളായ മമ്മൂട്ടിയെയും മോഹൻലാലിനെയും അഭിനയം തുടക്കം മുതൽക്കേ കണ്ടറിഞ്ഞ വ്യക്തി. കുമാറിന്റെ ആദ്യ സിനിമതന്നെ മോഹൻലാലിന്റെ ആദ്യ സിനിമയായി. മമ്മൂട്ടിയുമായും അടുത്ത ബന്ധംപുലർത്തി. പഴയബന്ധങ്ങൾ ഇപ്പോഴും സൂക്ഷിക്കുന്നയാളാണ് മമ്മൂട്ടിയെന്നും എസ്.കുമാർ പറയുന്നു. ദുൽഖർ സൽമാന്റെ "ഉസ്താദ് ഹോട്ടലി"ലെ അഭിനയം കണ്ട് മമ്മൂട്ടിയെ വിളിച്ചതായും അദ്ദേഹം പറഞ്ഞു.
"ഇനി ദുൽഖറിന്റെ അച്ഛന് അഭിമാനിക്കാം,അവൻ മലയാള സിനിമയിൽ നിൽക്കുമെന്ന് ഉറപ്പാണ്. എന്ന് അദ്ദേഹത്തോട് പറഞ്ഞപ്പോൾ നീയിത് നേരിട്ട് അവനോട് പറയണമെന്ന് ആഹ്ലോദത്തോടെ പറഞ്ഞയാളാണ് മമ്മൂട്ടിക്ക".-എസ്.കുമാർ പറയുന്നു. ഒരു പ്രമുഖ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം തുറന്നുപറഞ്ഞത്.
"ഞങ്ങൾ തുടക്കത്തിലേ മമ്മൂട്ടിക്ക എന്നാണ് വിളിക്കുന്നത്. പ്രിയനെയൊക്കെ ഉയർത്തിക്കൊണ്ടുവരുന്നതിൽ അദ്ദേഹത്തിന് നല്ല പങ്കുണ്ട്. ഞങ്ങളുടെ ടീമിനെ തുടക്കം മുതൽക്കേ അഭിനന്ദിക്കുന്ന കൂട്ടത്തിലായിരുന്നു മ്മൂട്ടിക്ക. ആ പഴയ ബന്ധങ്ങൾ ഇപ്പോഴും സൂക്ഷിക്കുന്നയാളുമാണ്. മകൻ കുഞ്ഞുണ്ണി എസ്.കുമാർ ഒരു പരസ്യം ഷൂട്ട് ചെയ്തിരുന്നു. അതിൽ മ്മൂട്ടിക്കയായിരുന്നു അഭിനയിച്ചത്. ഷൂട്ടിംഗ് കഴിഞ്ഞിട്ട് ഞാൻ അദ്ദേഹത്തെ വിളിച്ചു. അവൻ എന്തെങ്കിലും ശല്യം ഉണ്ടാക്കിയോ എന്ന് ചോദിച്ചപ്പോൾ ഏയ് നിന്നെപ്പോലെയല്ല, അവന് ബുദ്ധിയുണ്ട്. മിടുക്കനാണ് എന്നായിരുന്നു മറുപടി. അപ്പോൾ ഞാൻ പറഞ്ഞു. അവൻ എന്റെ മോനാണല്ലോ. എന്റെ മോന്റെ ക്രെഡിറ്റ് എനിക്കുള്ളതാണ് എന്ന്. ഇങ്ങനെ എന്ത് തമാശയും പറയാനുള്ള സ്വാതന്ത്ര്യം ഞങ്ങളുടെ സൗഹൃദത്തിലുണ്ട്"-അദ്ദേഹം പറഞ്ഞു