അഞ്ചു ദിവസം കൊണ്ട് മുംബയിൽ നിന്ന് ഗോവയിലേക്ക് സൈക്കിൾ യാത്ര പൂർത്തിയാക്കി 60കാരൻ. നടനും മോഡലും ഫിറ്റ്നസ് ഐക്കണുമായ മിലിന്ദ് സോമനാണ് തന്റെ അതിരുകൾ ഭേദിച്ച് ലക്ഷ്യ സ്ഥാനത്തെത്തിയത്. അഞ്ചു ദിവസത്തിലധികം കാൽനടയായും സൈക്കിളിലുമാണ് മിലിന്ദ് സഞ്ചരിച്ചത്. ജൂൺ 26ന് മുംബയിലെ ശിവാജി പാർക്കിൽ നിന്ന് ആരംഭിച്ച് ദിവസവും 90 കിലോമീറ്റർ സൈക്കിൾ ചവിട്ടിയും 21 കിലോമീറ്റർ നടന്നുമാണ് ഗോവയിലേക്കുള്ള 600 കിലോമീറ്റർ പൂർത്തിയാക്കിയത്.
ഫിറ്റ് ഇന്ത്യ ഫ്രീഡം റണ്ണിന്റെ അഞ്ചാം പതിപ്പിന്റെ ഭാഗമായിട്ടായിരുന്നു യാത്ര. മഹാരാഷ്ട്രയിലെ കൊങ്കൺ മേഖലയിലൂടെ സഞ്ചരിച്ച് പെൻ, കൊളാഡ്, ചിപ്ലൂൺ, രത്‌നഗിരി, കങ്കവലി എന്നിവിടങ്ങൾ സന്ദർശിച്ച ശേഷമാണ് ജൂൺ 30ന് ഗോവയിൽ യാത്ര അവസാനിച്ചത്. യാത്രയെക്കുറിച്ചുള്ള ഒരു കുറിപ്പും അദ്ദേഹം ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവച്ചിരുന്നു.
ഇത്തരം വെല്ലുവിളി നിറഞ്ഞ യാത്രകൾ ഇതിനു മുമ്പും താൻ ചെയ്തിട്ടുണ്ടെന്ന് അദ്ദേഹം കുറിച്ചു. തന്റെ സാഹസികമായ യാത്രകൾ പലരെയും സ്വാധീനിക്കാറുണ്ടെന്നും പറഞ്ഞു.ജീവിതം കൂടുതൽ ആസ്വദ്യകരമാക്കാൻ എല്ലാ ഇന്ത്യക്കാരും ഫിറ്റായിരിക്കട്ടെയെന്നും സോഷ്യൽ മീഡിയ കുറിപ്പിലൂടെ മിലിന്ദ് കുറിച്ചു.
ശാരീരികക്ഷമതയുള്ള ഒരു ശരീരം ഒരാളുടെ ദൈനംദിന ജീവിതത്തിന്റെ ഭാഗമാക്കാൻ ആളുകളെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ 2020ൽ ആരംഭിച്ച കേന്ദ്രസർക്കാർ പദ്ധതിയാണ് ഫിറ്റ് ഇന്ത്യ ഫ്രീഡം റൺ. വളരെക്കാലമായി മിലിന്ദ് സോമൻ ഈ പദ്ധതിയുടെ ഭാഗമാണ്. കൂടാതെ ഫിറ്റ്നസ് പ്രേമികളെ പദ്ധതി സ്വാധീനിക്കുകയും ചെയ്യുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |