പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്മദിനം ആഘോഷിക്കുന്ന വേളയിൽ ഹനുമാന് 1.25 കിലോയുടെ സ്വർണ കിരീടം സമർപ്പിച്ച് മോദി ഭക്തൻ. വാരണാസി സ്വദേശിയായ അരവിന്ദ് സിംഗ് എന്നയാളാണ് ഇവിടുത്തെ സങ്കത് മോഹൻ ക്ഷേത്രത്തിൽ ഈ കിരീടം സമർപ്പിച്ചത്. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ മോദി രണ്ടാം തവണയും അധികാരത്തിൽ എത്തിയാൽ സ്വർണ കിരീടം ക്ഷേത്രത്തിലേക്ക് നൽകാമെന്ന് താൻ നേർന്നിരുന്നതായി ഇയാൾ പറഞ്ഞു. വരണാസിയാണ് പ്രധാനമന്ത്രിയുടെ ലോക്സഭാ മണ്ഡലം.
കഴിഞ്ഞ 75 വർഷത്തിനിടെ രാജ്യത്തിന്റെ ഏറ്റവും മികച്ച വളർച്ച സാദ്ധ്യമാക്കിയത് മോദിയാണെന്നും ഈ കാരണം കൊണ്ടാണ് താൻ മോദിക്ക് അദ്ദേഹത്തിന്റെ ജന്മദിനത്തിൽ സ്വർണകിരീടം സമർപ്പിക്കുന്നതെന്നും അരവിന്ദ് സിംഗ് വ്യക്തമാക്കി. മോദിയും ഇന്ത്യയും സ്വർണം പോലെയാണ് തിളങ്ങേണ്ടതെന്നും പ്രധാനമന്ത്രിക്ക് കാശിയിലെ ജനങ്ങൾ നൽകുന്ന ആദരവാണ് ഈ സ്വർണ കിരീടമെന്നും ഇയാൾ പറയുന്നു.
പ്രധാനമന്ത്രി തന്റെ 69ാം ജന്മദിനത്തിൽ തന്റെ സംസ്ഥാനമായ ഗുജറാത്തിൽ വിവിധ പരിപാടികളിൽ പങ്കെടുക്കും. അഹമ്മദാബാദിൽ എത്തുന്ന നരേന്ദ്ര മോദി എന്നത്തേയും പോലെ തന്റെ അമ്മ ഹീരാ ബെന്നിനെ സന്ദർശിക്കുകയും സ്നേഹം പങ്കുവയ്ക്കുകയും ചെയ്യും. ഇതിനുശേഷം സർദാർ സരോവർ അണക്കെട്ടും 'സ്റ്റാച്യു ഒഫ് യൂണിറ്റി' പ്രതിമയും സന്ദർശിക്കും. ഇതിനൊപ്പം തന്നെ നിലവിൽ നിർമ്മാണത്തിലിരിക്കുന്ന വിവിധ പദ്ധതികളും അദ്ദേഹം വിലയിരുത്തും. 'നമാമി നർമദ മഹോത്സവ്' ഉത്ഘാടനം ചെയ്യുന്ന പ്രധാനമന്ത്രിക്ക് കേവഡിയായിൽ വച്ച് ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കാനും പദ്ധതിയുണ്ട്.