കാർഷിക മേഖലയിൽ ആവേശമുയർത്തി കാലവർഷം
കൊച്ചി: ഇന്ത്യയൊട്ടാകെ കാലവർഷത്തിന്റെ ലഭ്യത മെച്ചപ്പെട്ടതോടെ ഗ്രാമീണ വിപണിയിൽ ഉണർവ് ശക്തമാകുന്നു. ഫാസ്റ്റ് മൂവിംഗ് കൺസ്യൂമർ ഗുഡ്സ്(എഫ്.എം.സി.ജി), വാഹന, വളം, ഇലക്ട്രോണിക്സ് ഉത്പന്നങ്ങളുടെ വിൽപ്പനയിൽ മികച്ച വളർച്ച നേടാൻ ഗ്രാമീണ ഉപഭോഗത്തിലെ വർദ്ധന സഹായകമാകും. കാലവർഷം ശക്തമായതോടെ രാജ്യത്തെ കാർഷിക മേഖലയിൽ ഇത്തവണ പത്ത് ശതമാനത്തിലധികം വളർച്ചയാണ് പ്രതീക്ഷിക്കുന്നത്. പച്ചക്കറി, ഭക്ഷ്യ എണ്ണകൾ, ധാന്യങ്ങൾ, പയർ വർഗങ്ങൾ എന്നിവയുടെ ഉത്പാദനം ഗണ്യമായി ഉയരുമെന്നാണ് പ്രാഥമിക വിലയിരുത്തൽ. ഗ്രാമീണ മേഖലയിലെ വരുമാന വർദ്ധന കാറുകൾ. ഇലക്ട്രോണിക്സ് ഉത്പന്നങ്ങൾ തുടങ്ങി ഗ്യഹോപകരണങ്ങളുടെ വരെ വിൽപ്പനയ്ക്ക് കരുത്താകും.
അഞ്ച് വർഷമായി ഗ്രാമീണ വിപണി കടുത്ത പ്രതിസന്ധികളിലൂടെയാണ് നീങ്ങിയത്. കാലാവസ്ഥാ വ്യതിയാനം മൂലം കാർഷിക ഉത്പാദനത്തിലുണ്ടായ ഇടിവാണ് ഗ്രാമീണ ഉപഭോഗത്തിന് തിരിച്ചടിയായത്. ഇതോടെ ഹിന്ദുസ്ഥാൻ ലിവർ, ഡാബർ തുടങ്ങിയ വൻ കമ്പനികൾക്ക് പോലും വിൽപ്പനയിൽ തിരിച്ചടി നേരിട്ടു. ചെറുകാറുകളുടെ വിൽപ്പനയിലെ ഇടിവും ഗ്രാമീണ മേഖലയിലെ വരുമാന ഇടിവ് മൂലമാണെന്ന് വിലയിരുത്തുന്നു.
1. കാർഷിക ഉത്പാദനത്തിലെ മുന്നേറ്റം ഉത്പന്നങ്ങളുടെ വില കുറയാൻ സഹായകമാകുന്നതിനാൽ നാണയപ്പെരുപ്പം നിയന്ത്രണ വിധേയമാകും
2. കർഷകരുടെ വരുമാനം കൂടുന്നതോടെ വിൽപ്പന ഉണർവുണ്ടാകുമെന്ന പ്രതീക്ഷയിൽ വാഹന, എഫ്.എം.സി.ജി കമ്പനികൾ ഉത്പാദനം ഉയർത്തുന്നു
3. ഭക്ഷ്യ ഉത്പന്നങ്ങളുടെ വില കുറയുന്നതോടെ സാമ്പത്തിക വളർച്ചയ്ക്ക് കരുത്ത് പകരാൻ റിസർവ് ബാങ്ക് വീണ്ടും പലിശ കുറച്ചേക്കും
4.കാർഷിക ഉത്പാദനവും ഗ്രാമീണ ഉപഭോഗവും കുതിക്കുന്നതോടെ നടപ്പു സാമ്പത്തിക വർഷം ജി.ഡി.പി വളർച്ച ഏഴ് ശതമാനമായേക്കും
നഗരങ്ങളിൽ ഉപഭോഗ തളർച്ച
ആഗോള മേഖലയിലെ അനിശ്ചിതത്വങ്ങളും സാമ്പത്തിക മേഖലയിലെ തളർച്ചയും പൂർണമായി ഒഴിയാത്തതിനാൽ നഗരങ്ങളിൽ ഉപഭോഗം കാര്യമായി മെച്ചപ്പെടുന്നില്ലെന്ന് എഫ്.എം.സി.ജി, വാഹന മേഖലയിലെ കമ്പനികൾ പറയുന്നു. ഇരുചക്ര വാഹനങ്ങൾ, കാറുകൾ തുടങ്ങിയ വിപണികളിൽ തളർച്ച ശക്തമാണ്. കെട്ടിട നിർമ്മാണവുമായി ബന്ധപ്പെട്ട ഉത്പന്നങ്ങളുടെ വിപണിയിലും മാന്ദ്യം ദൃശ്യമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |