ജൂണിൽ വിലക്കയറ്റത്താേത് ആറ് വർഷത്തിലെ കുറഞ്ഞ തലത്തിൽ
കൊച്ചി: ചില്ലറ വില സൂചിക അടിസ്ഥാനമായ നാണയപ്പെരുപ്പം ജൂണിൽ ആറ് വർഷത്തിനിടെയിലെ താഴ്ന്ന തലമായ 2.1 ശതമാനത്തിലെത്തി. ഭക്ഷ്യ ഉത്പന്നങ്ങളുടെ വിലയിടിവും ബേസ് ഇഫക്‌ടിലെ ആനുകൂല്യവുമാണ് നാണയപ്പെരുപ്പത്തിൽ ആശ്വാസമായത്. നടപ്പു സാമ്പത്തിക വർഷം റിസർവ് ബാങ്ക് ലക്ഷ്യമിടുന്ന നാല് ശതമാനത്തിന് താഴെയാണ് അഞ്ച് മാസമായി നാണയപ്പെരുപ്പം തുടരുന്നത്.
ഉപഭോക്തൃ വില സൂചിക കണക്കാക്കുന്നതിൽ 50 ശതമാനത്തിലധികം പങ്കാളിത്തമുള്ള ഭക്ഷ്യ ഉത്പന്നങ്ങളുടെ വിലയിൽ 1.06 ശതമാനം കുറവുണ്ടായി. മേയിൽ ഭക്ഷ്യ ഉത്പന്നങ്ങളുടെ വില 0.99 ശതമാനം കൂടിയിരുന്നു. പച്ചക്കറികൾ, ധാന്യങ്ങൾ, പയർവർഗങ്ങൾ, മീൻ, ഇറച്ചി, പാൽ, സുഗന്ധവ്യഞ്ജനങ്ങൾ എന്നിവയുടെ വില കുറഞ്ഞതാണ് അനുകൂല ഘടകമായത്. മുൻവർഷം ജൂണിൽ ചില്ലറ വില സൂചിക 5.08 ശതമാനമായിരുന്നു.
വിലക്കയറ്റത്തിൽ കേരളം ഒന്നാമത്
ജൂണിൽ ചില്ലറ വില സൂചിക അടിസ്ഥാനമായ വിലക്കയറ്റത്തോതിൽ കേരളം ഒന്നാം സ്ഥാനം നിലനിറുത്തി. പഞ്ചാബ്, ജമ്മു ആൻഡ് കാശ്‌മീർ, ഉത്തരാഖണ്ഡ്, ഹരിയാന എന്നിവയാണ് ഉയർന്ന വിലക്കയറ്റമുള്ള മറ്റ് സംസ്ഥാനങ്ങൾ. കേന്ദ്ര സർക്കാരിന്റെ കണക്കുകൾ അനുസരിച്ച് കേരളത്തിലെ ചില്ലറ വില സൂചിക 6.71 ശതമാനമാണ്.
ഉയർന്ന വില സൂചികയുള്ള സംസ്ഥാനങ്ങൾ
കേരളം: 6.71 ശതമാനം
പഞ്ചാബ്: 4.67 ശതമാനം
ജമ്മു ആൻഡ് കാശ്‌മീർ: 4.38 ശതമാനം
ഉത്തരാഖണ്ഡ്: 3.4 ശതമാനം
ഹരിയാന: 3.10 ശതമാനം
പലിശ വീണ്ടും കുറച്ചേക്കും
ജൂണിൽ നാണയപ്പെരുപ്പം ആറ് വർഷത്തിനിടെയിലെ താഴ്ന്ന തലത്തിലെത്തിയതോടെ റിസർവ് ബാങ്കിന്റെ അടുത്ത ധന നയ രൂപീകരണ യോഗത്തിൽ മുഖ്യ പലിശ നിരക്ക് കാൽ ശതമാനം കുറച്ചേക്കും. വിലക്കയറ്റം നിയന്ത്രണ വിധേയമായതോടെ പലിശ കുറച്ച് സാമ്പത്തിക മേഖലയ്ക്ക് ഉണർവ് പകരാൻ സമ്മർദ്ദമേറുകയാണ്. ഫെബ്രുവരിയ്‌ക്ക് ശേഷം മൂന്ന് തവണയായി റിസർവ് ബാങ്ക് പലിശ നിരക്ക് ഒരു ശതമാനം കുറച്ചിരുന്നു.
അനുകൂല ഘടകങ്ങൾ
1. ഫെബ്രുവരിയ്ക്ക് ശേഷം പലിശ നിരക്ക് ഒരു ശതമാനം കുറഞ്ഞു
2.ട്രംപിന്റെ തീരുവ നടപടികൾ കാരണം കാർഷിക കയറ്റുമതി കുറയുന്നു
3. കാലവർഷം മെച്ചപ്പെട്ടതോടെ ഭക്ഷ്യ ഉത്പന്നങ്ങളുടെ ഉത്പാദനം കൂടി
4. സാമ്പത്തിക മേഖലയിലെ തളർച്ച ഉപഭോഗം കുറയാൻ ഇടയാക്കി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |