SignIn
Kerala Kaumudi Online
Monday, 21 July 2025 4.20 AM IST

തെരുവു നായ്‌ക്കളുടെ വിളയാട്ടം

Increase Font Size Decrease Font Size Print Page
dfas

തെരുവുനായ ശല്യം സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചുകൂടേ എന്ന് ഒടുവിൽ ഹൈക്കോടതി ചോദിച്ചിരിക്കുന്നു. ഓരോ ദിവസം കഴിയുന്തോറും നായ്‌ക്കളുടെ കടിയേൽക്കുന്നവരുടെ എണ്ണം കൂടിവരികയാണ്. സംസ്ഥാന ആരോഗ്യവകുപ്പ് ഡയറക്ടറേറ്റ് ബാലാവകാശ കമ്മിഷൻ മുമ്പാകെ സമർപ്പിച്ച ഔദ്യോഗിക കണക്കിൽത്തന്നെ പറയുന്നത് കഴിഞ്ഞ നാലുമാസത്തിടെ 1.31 ലക്ഷം പേർക്ക് കടിയേറ്റിട്ടുണ്ടെന്നാണ്. സംസ്ഥാനത്ത് ഈ വർഷം ഇതുവരെ 25 പേർ പേവിഷബാധയേറ്റ് മരണമടഞ്ഞു. കഴിഞ്ഞ വർഷം 26 പേരാണ് മരിച്ചത്. ഈ വർഷം തീരാൻ ഇനിയും മാസങ്ങൾ ശേഷിക്കെ പേവിഷബാധയേറ്റ് മരിച്ചവരുടെ എണ്ണം റെക്കാഡാകാനാണ് സാദ്ധ്യത. പ്രതിരോധ വാക്‌സിൻ എടുത്തവരും മരണമടഞ്ഞവരിൽ ഉൾപ്പെടുന്നു എന്നത് അതീവ ആശങ്ക ജനിപ്പിക്കുന്നതാണ്.

ഈ വർഷം നായയുടെ കടിയേറ്റ് മരിച്ചവരിൽ ഒമ്പതു പേർ വാക്‌സിൻ എടുത്തവരാണ്. പ്രതിരോധ വാക്സിനുകൾ കൃത്യമായി എടുത്തിട്ടും മരണം സംഭവിച്ചതായി ആരോഗ്യവകുപ്പു തന്നെ സമ്മതിക്കുന്നുണ്ട്. വൈറസ് അതിവേഗം ശരീരത്തിൽ വ്യാപിച്ചതിനാൽ നൽകിയ പ്രതിരോധ മരുന്നുകൾ ഫലപ്രദമായില്ലെന്നാണ് അധികൃതർ വിശദീകരിക്കുന്നത്. റാബീസ് വൈറസിന് പഴയതിൽ നിന്ന് തീവ്രത കൂടത്തക്കവണ്ണം ഏതെങ്കിലും തരത്തിലുള്ള വ്യതിയാനം സംഭവിച്ചിട്ടുണ്ടോ എന്നതു സംബന്ധിച്ച് ഗവേഷണ പഠനങ്ങൾ നടത്തേണ്ടതും അതനുസരിച്ച് പ്രതിരോധ മരുന്നിൽ മാറ്റങ്ങൾ വരുത്തേണ്ടതുണ്ടോ എന്നതും ഗൗരവമായി അധികൃതർ കണക്കിലെടുക്കേണ്ട വിഷയങ്ങളാണ്. കഴിഞ്ഞ വർഷം സർക്കാർ ആശുപത്രികളിൽ മാത്രം നായ്‌ക്കളുടെ കടിയേറ്റ് ചികിത്സ തേടിയത് 3.16 ലക്ഷം പേരാണ് എന്നത് കേരളത്തിൽ തെരുവുനായ്‌ക്കളുടെ ശല്യം എത്രത്തോളം ഗൗരവമേറിയതാണ് എന്നതിലേക്ക് വിരൽചൂണ്ടുന്നതാണ്.

നായ് ശല്യത്തിൽനിന്ന് നാടിനെ മോചിപ്പിക്കാൻ യുദ്ധകാലാടിസ്ഥാനത്തിലുള്ള തീവ്രയത്‌ന പരിപാടികളാണ് വേണ്ടതെന്നിരിക്കെ നിയമപ്രശ്നങ്ങളുടെ പേരുപറഞ്ഞ് അതെല്ലാം വലിച്ചുനീട്ടിക്കൊണ്ടു പോകുന്ന സമീപനമാണ് ദൗർഭാഗ്യവശാൽ സർക്കാരും സ്വീകരിക്കുന്നത്. തെരുവ് നായ്‌ക്കളുടെ പ്രജനനം കുറയ്ക്കാൻ ഉദ്ദേശിച്ച് കൊണ്ടുവന്ന വന്ധ്യംകരണ പദ്ധതിയായ എ.ബി.സി എന്ന 'അനിമൽ ബർത്ത് കൺട്രോൾ" ഫലപ്രദമായി ഇവിടെ നടക്കുന്നില്ല. സംസ്ഥാനത്ത് രണ്ട് ഡസനിലേറെ എ.ബി.സി കേന്ദ്രങ്ങൾ ഉണ്ടെങ്കിലും ഇവയുടെ പ്രവർത്തനം കാര്യക്ഷമമല്ല. മാത്രമല്ല കേന്ദ്ര നിയമ പ്രകാരം നായ്‌ക്കളെ പിടികൂടി സംരക്ഷിക്കുന്നിടത്തൊക്കെ പ്രാദേശികമായ എതിർപ്പ് വളരെ രൂക്ഷവുമാണ്. വലിച്ചെറിയപ്പെടുന്ന ഭക്ഷണാവശിഷ്ടങ്ങളുടെയും മറ്റ് മാലിന്യങ്ങളുടെയും ലഭ്യത തെരുവുകളിൽ കൂടിവരുന്നതാണ് നായ്‌ക്കളുടെ എണ്ണം ഇത്രയധികം പെരുകാൻ ഇടയാക്കുന്നത്. രാത്രിയിൽ ഒറ്റയ്ക്ക് നടന്നുപോകുന്നവരെ കൂട്ടമായി ആക്രമിക്കുന്നതു മാത്രമല്ല,​ ഇരുചക്ര വാഹനങ്ങളുടെ മുന്നിൽ ചാടി പല റോഡപകടങ്ങൾക്കും ഇവർ കാരണക്കാരാകുന്നുണ്ട്.

പേവിഷ പ്രതിരോധ വാക്‌സിന്റെ ഗുണനിലവാരത്തിൽ ആശങ്ക വേണ്ട എന്നാണ് ആരോഗ്യവകുപ്പ് അവകാശപ്പെടുന്നത്. വാക്‌സിന് പൊതുവായ ഗുണമേന്മ ഉണ്ടെന്നാണ് കേന്ദ്ര സർക്കാർ നിയോഗിച്ച വിദഗ്ദ്ധ സമിതിയും കണ്ടെത്തിയത്. എന്നാൽ വാക‌്‌സിൻ സൂക്ഷിക്കുന്നതു മുതൽ കുത്തിവയ്‌പ് എടുക്കുന്നതുവരെ പാലിക്കേണ്ട പല നിർദ്ദേശങ്ങളും കേന്ദ്രം നൽകിയിട്ടുണ്ടെങ്കിലും അതൊന്നും ശരിയാംവണ്ണം ഇവിടെ പാലിക്കപ്പെടുന്നില്ല. നിശ്ചിത താപനിലയിൽ വേണം നിർമ്മാണം മുതൽ വിതരണം വരെ വാക്‌സിൻ സൂക്ഷിക്കേണ്ടത്. ഇതിനുള്ള ശാസ്‌ത്രീയമായ സംവിധാനങ്ങൾ മെഡിക്കൽ സർവീസ് കോർപ്പറേഷന്റെ ഗോഡൗണുകളിലും പ്രധാന ആശുപത്രികളിലും ഉണ്ടാക്കേണ്ടതും അത് വീഴ്ചയില്ലാതെ പ്രവർത്തിക്കുന്നു എന്ന് ഉറപ്പാക്കേണ്ടതും ആരോഗ്യവകുപ്പിന്റെ ചുമതലയാണ്.

TAGS: STREET DOG
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.