ലണ്ടൻ: ഇന്ത്യൻ മദ്ധ്യനിര പൂർണമായും പരാജയപ്പെട്ടതോടെ കഴിഞ്ഞദിവസം ഉച്ചഭക്ഷണ സമയത്തിന് മുൻപുതന്നെ മൂന്നാം ടെസ്‌റ്റിൽ ഇന്ത്യ തോൽവി മണത്തിരുന്നു. എന്നാൽ ആന്റേഴ്‌സൺ-ടെൻഡുൾക്കർ ട്രോഫിയിലെ ഇതുവരെ കണ്ടതിൽ ഏറ്റവും ക്ഷമയോടെയുള്ള ഇന്നിംഗ്സ് കളിച്ച ഓൾറൗണ്ടർ രവീന്ദ്ര ജഡേജ ഇംഗ്ളണ്ട് ബൗളിംഗ് നിരയെ അവസാന സെഷൻ വരെ പിടിച്ചുനിർത്തി. 181 പന്തുകൾ നേരിട്ട ജഡേജ 61 റൺസ് നേടി പുറത്താകാതെ നിന്നു. 22 റൺസ് അകലെ ഇന്ത്യൻ ബാറ്റിംഗ് നിര വീണപ്പോൾ ജഡേജയ്‌ക്ക് പിന്തുണ നൽകിയത് 54 പന്തിൽ അഞ്ച് റൺസ് നേടിയ പത്താമൻ ബുംറയും അവസാന ബാറ്ററായ സിറാജും (30 പന്തിൽ നാല് റൺസ്) മാത്രമാണ്.
ബുംറയുടെയും സിറാജിന്റെയും പ്രതിരോധം ടെസ്റ്റ് ക്രിക്കറ്റ് ആരാധകരിൽ പലരും പ്രശംസിക്കുകയും ചെയ്‌തു. ഇതിനിടെ ജഡേജയുടെ ബാറ്റിംഗിനെ പല മുൻ കളിക്കാരും പ്രശംസിച്ചെങ്കിലും ചിലരെങ്കിലും അതിനെ വിമർശിക്കുകയും ചെയ്‌തു. ജഡേജയുടെ ഇന്നിംഗ്സിനെ പ്രശംസിച്ച ഇന്ത്യൻ ഇതിഹാസ താരം സുനിൽ ഗവാസ്‌കർ തോൽവിക്ക് കാരണം അദ്ദേഹത്തോടൊപ്പം മികച്ച കൂട്ടുകെട്ടില്ലാത്തതാണ് എന്നത് ചൂണ്ടിക്കാട്ടി.
ഇതിനിടെ ജഡേജയുടെ ബാറ്റിംഗിനെ വിമർശിച്ചിരിക്കുകയാണ് മുൻ ഇന്ത്യൻ കളിക്കാരനും കമന്റേറ്ററുമായ സഞ്ജയ് മഞ്ജരേക്കർ. ജഡേജ തന്റെ പ്രതിരോധത്തിലൂന്നി കളിക്കുന്നതിനെ സൂചിപ്പിച്ച മഞ്ജരേക്കർ പറഞ്ഞത് ഇങ്ങനെയാണ്. 'രവീന്ദ്ര ജഡേജ ഉറച്ച പ്രതിരോധത്തിലൂന്നി നന്നായി ബാറ്റ് ചെയ്‌തു. പക്ഷെ ഇന്ത്യയെ വിജയിപ്പിക്കാൻ ആവശ്യമായ റിസ്‌കുകളൊന്നും അദ്ദേഹം എടുക്കുന്നതായി ഒരിക്കലും തോന്നിയില്ല.' ജിയോ ഹോട്ട്‌സ്റ്റാറിൽ സംസാരിക്കവെയാണ് മഞ്ജരേക്കർ ഇങ്ങനെ വിമർശിച്ചത്.
'പ്രതീക്ഷയ്‌ക്കെതിരായി ഒരു കളിയായിരുന്നു ജഡേജ കളിച്ചത്. ആ കൂട്ടുകെട്ടിലെ യഥാർത്ഥ താരം ബുംറയായിരുന്നു. ഇംഗ്ളണ്ടിന്റെ ഉന്നത നിലവാരമുള്ള ബൗളിംഗിനെതിരെ ഒരു മണിക്കൂറും നാൽപത് മിനിട്ടും അദ്ദേഹം പിടിച്ചുനിന്നു.നെറ്റ്‌സെഷനിലെ അദ്ദേഹത്തിന്റെ ബാറ്റിംഗ് പരിശീലനം അങ്ങനെ ഫലവത്തായി. ബുംറയുടെ ബൗളിംഗിൽ കാണുന്ന മാനസിക കരുത്ത് ബാറ്റിംഗിലും കണ്ടു, അത് ശരിക്കും സവിശേഷമായിരുന്നു.'
ആദ്യ ഇന്നിംഗ്‌സിൽ ജഡേജ നേടിയ 70 റൺസിനെയും മഞ്ജരേക്കർ വിമർശിച്ചു. അതൊരു വേഗത്തിലുള്ള ഇന്നിംഗ്സ് ആയിരുന്നില്ല എന്നും അൻപത് മണിക്കൂർ ബാറ്റ് ചെയ്‌ത് 50 നേടുംപോലെ തോന്നിയെന്നും മഞ്ജരേക്കർ പറഞ്ഞു. അർദ്ധ സെഞ്ച്വറി ജഡേജ നേടിയപ്പോഴുള്ള ഇന്ത്യൻ ക്യാമ്പിലെ പ്രതികരണവും വിജയം വളരെ പ്രയാസമെന്ന തരത്തിലായിരുന്നു. അദ്ദേഹം ആരോപിച്ചു. ഇംഗ്ളണ്ട് ഉയർത്തിയ 192 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ 170 റൺസിന് ഓൾ ഔട്ടായി. അഞ്ച് ടെസ്റ്റുകളുടെ പരമ്പരയിൽ ഇന്നലത്തെ വിജയത്തോടെ ഇംഗ്ളണ്ട് 2-1 ന് മുന്നിലെത്തി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |