ഡോക്ടർമാർക്കും കുടുംബത്തിനും വാക്‌സിനേഷൻ
കൊച്ചി: പകർച്ചവ്യാധികൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ വാക്‌സിനേഷന്റെ പ്രാധാന്യം പൊതുജനങ്ങളിൽ എത്തിക്കുന്നതിനും, ആതുരസേവന രംഗത്തുള്ള ഡോക്ടർമാർക്കും അവരുടെ കുടുംബത്തിനും സുരക്ഷയൊരുക്കുന്നതിനും ലക്ഷ്യമിട്ട് ഐ.എം.എ. കൊച്ചിൻ ഷീൽഡ് എന്ന പേരിൽ വാക്‌സിനേഷൻ പദ്ധതിയുമായി ഐ.എം.എ. കൊച്ചി. ഡോക്ടർമാർക്കും അവരുടെ കുടുംബാംഗങ്ങൾക്കും, ആറു മാസത്തിന് മുകളിൽ പ്രായമുള്ള കുഞ്ഞുങ്ങൾക്കും ഉൾപ്പെടെയാണ് വാക്‌സിനേഷൻ നൽകുക. 27ന് രാവിലെ 9 മുതൽ കലൂർ ഐ.എം.എ. ഹൗസിലാണ് പദ്ധതി. ഈ പദ്ധതിയിലൂടെ അഞ്ച് തരം വാക്‌സിനുകളാണ് നൽകുന്നത്.
ന്യൂമോകോക്കൽ, ഇൻഫ്‌ളുവൻസ, ഷിംഗിൾസ്, എച്ച്.പി.വി., ഹെപ്പറ്റൈറ്റിസ് എ എന്നിവയാണവ. പൊതുജനങ്ങൾക്ക് സബ്‌സിഡി നിരക്കിൽ ഈ വാക്‌സിനുകൾ ലഭ്യമാക്കാനുള്ള ശ്രമങ്ങളും ഐ.എം.എ. നടത്തുന്നുണ്ട്. ഇതിനായി മരുന്നുകമ്പനികളുമായും സർക്കാരുമായും സംഘടന ചർച്ചകൾ നടത്തും.
പ്രധാന വാക്‌സിനുകൾ
1. ന്യൂമോകോക്കൽ വാക്‌സിൻ: മരണം വരെ സംഭവിക്കാവുന്ന ന്യൂമോണിയ, സെപ്‌സിസ് തുടങ്ങിയ രോഗങ്ങളെ പ്രതിരോധിക്കാൻവാക്‌സിൻ സഹായിക്കും. 50 വയസിന് മുകളിലുള്ളവർക്കും, പ്രമേഹം, ഗുരുതര രോഗങ്ങൾ, പുകവലി, മദ്യപാനം എന്നിവയുള്ളവർക്കും ഇത് നിർദ്ദേശിക്കപ്പെടുന്നു.
2. ഇൻഫ്‌ളുവൻസ വാക്‌സിൻ: എച്ച്.വൺ.എൻ.വൺ., എച്ച്.ത്രീ.എൻ.ടു., ഇൻഫ്‌ളുവൻസ ബി., ഇൻഫ്‌ളുവൻസ ന്യൂമോണിയ എന്നിവയ്ക്ക് പ്രതിരോധമായി ഇത് ഉപയോഗിക്കാം. ഈ വാക്‌സിൻ ഹൃദയാഘാത സാദ്ധ്യത കുറയ്ക്കുമെന്നും പഠനങ്ങൾ സൂചിപ്പിക്കുന്നു. ആറ് മാസത്തിന് മുകളിൽ പ്രായമുള്ള ആർക്കും ഈ വാക്‌സിൻ എടുക്കാം.
3. ഹെപ്പറ്റൈറ്റിസ് എ വാക്‌സിൻ: കുട്ടികളിൽ ഉൾപ്പെടെ ഹെപ്പറ്റൈറ്റിസ് എ വ്യാപിക്കുന്നതിനാൽ ഈ വാക്‌സിൻ ഏറെ പ്രധാനപ്പെട്ടതാണ്. 40 വയസിന് മുകളിലുള്ളവർക്കാണ് ഇത് പ്രധാനമായും നിർദ്ദേശിക്കുന്നതെങ്കിലും, അത്യാവശ്യ ഘട്ടങ്ങളിൽ യുവാക്കൾക്കും എടുക്കാവുന്നതാണ്.
4. എച്ച്.പി.വി. വാക്‌സിൻ: 9 നും 26 നും ഇടയിൽ പ്രായമുള്ളവർക്കാണ് ഈ വാക്‌സിൻ നിർദ്ദേശിക്കപ്പെടുന്നത്. സെർവിക്കൽ കാൻസറിന്റെ സാദ്ധ്യതകൾ ഇല്ലാതാക്കാൻ കഴിവുള്ള ഈ വാക്‌സിൻ കുട്ടികളിലും യുവാക്കളിലും അടിയന്തര പ്രതിരോധ മാർഗമായും ഉപയോഗിക്കാറുണ്ട്.
5. ഷിംഗിൾസ് വാക്‌സിൻ: 50 വയസിന് മുകളിലുള്ള എല്ലാവർക്കും നിർദ്ദേശിക്കപ്പെടുന്ന വാക്‌സിനാണിത്. രണ്ട് മുതൽ ആറ് മാസം വരെയുള്ള കാലയളവിൽ രണ്ട് ഡോസുകളാണ് നൽകുന്നത്.
രോഗങ്ങൾക്കുള്ള പ്രതിരോധമായി വാക്‌സിന്റെ എടുക്കേണ്ടതിന്റെ ആവശ്യകത ജനങ്ങൾക്ക് ബോധ്യമാകുന്നതിനും ഡോക്ടർമാരുടെ ആരോഗ്യം സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യം കണക്കിലെടുത്തുമാണ് ക്യാമ്പയിൻ
ഡോ. ജേക്കബ് എബ്രഹാം
ഐ.എം.എ കൊച്ചി, പ്രസിഡന്റ്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |