തിരുവനന്തപുരം: താൽക്കാലിക വൈസ് ചാൻസിലർമാരെ സർക്കാർ നൽകുന്ന പട്ടികയിൽ നിന്നല്ലാതെ നിയമിക്കാൻ പാടില്ലെന്ന ഹൈക്കോടതി വിധി ഗവർണർ നടത്തുന്ന രാഷ്ട്രീയ കളിക്കുള്ള തിരിച്ചടിയാണെന്ന് എൽ.ഡി.എഫ് കൺവീനർ ടി.പി രാമകൃഷ്ണൻ പ്രസ്താവനയിൽ പറഞ്ഞു. കേരള സാങ്കേതിക സർവ്വകലാശാലയിലും, ഡിജിറ്റൽ സർവ്വകലാശാലയിലും താൽക്കാലിക വി.സിമാരെ നിയമിച്ചത് നിയമപരമല്ലെന്ന സിംഗിൾ ബെഞ്ച് വിധിയെയാണ് ഡിവിഷൻ ബെഞ്ച് ശരിവച്ചിരിക്കുന്നത്. സംസ്ഥാന സർക്കാർ നൽകുന്ന പട്ടികയിൽ നിന്നാണ് താൽക്കാലിക വി.സി നിയമനം വേണ്ടതെന്ന സംസ്ഥാന നിയമം കേന്ദ്ര നിയമത്തിനോ, ഭരണഘടനക്കോ എതിരല്ലെന്ന് കോടതി പ്രഖ്യാപിച്ചിരിക്കുകയാണ്.
കേരളത്തിലെ സർവ്വകലാശാലകളിൽ ഗവർണറെ ഉപയോഗിച്ചുകൊണ്ട് ഭരണ സ്തംഭനം നടത്താനുള്ള നീക്കങ്ങളേയും കോടതി തടഞ്ഞിട്ടുണ്ട് എന്നതും ശ്രദ്ധേയമാണ്. വൈസ് ചാൻസിലറുടെ നിയമനം വേഗതയിലാക്കണമെന്ന കോടതിയുടെ നിർദ്ദേശം ഇതിലേക്ക് വിരൽ ചൂണ്ടുന്നതാണ്. കേരളത്തിലെ സർവ്വകലാശാലകളുടെ നിലവാരം വലിയ തോതിൽ വളർന്നുകൊണ്ടിരിക്കുന്ന ഘട്ടത്തിലാണ് ഗവർണ്ണറുടെ രാഷ്ട്രീയ താൽപര്യത്തോടെയുള്ള ഇടപെടൽ വന്നുകൊണ്ടിരിക്കുന്നത്. ഉന്നത വിദ്യാഭ്യാസ മേഖലയെ ലോകോത്തര നിലവാരത്തിലേക്ക് വളർത്തിയെടുക്കുന്നതിന് നിരവധി പരിഷ്‌കാരങ്ങളും, കോഴ്സുകളും ആരംഭിക്കുന്നതിന് സർക്കാർ ശ്രമിച്ചുകൊണ്ടിരിക്കുന്ന ഘട്ടത്തിലാണ് ഗവർണ്ണറുടെ തെറ്റായ ഇടപെടലുണ്ടാവുന്നത്. സർവ്വകലാശാലയെ കാവിവൽക്കരിക്കുന്നതിനുള്ള ശ്രമങ്ങളും ഇതോടൊപ്പം ഗവർണ്ണർ നടത്തിക്കൊണ്ടിരിക്കുന്നുണ്ട്. ഇത്തരം ഇടപെടലുകൾക്കെതിരേയും ശക്തമായ പ്രതിഷേധം ഉയർന്നുവരണമെന്ന് ടി.പി രാമകൃഷ്ണൻ പ്രസ്താവനയിൽ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |