കണ്ണൂർ: മൂന്നുമാസം തൊട്ട് ഒരു വർഷം വരെ നീണ്ടുപോകുന്ന ശമ്പളക്കുടിശിക. അത്യാവശ്യത്തിന് അവധി എടുക്കാനാകില്ല. സർവ വസ്തുക്കൾക്കും വാണം പോലെ വില കുതിച്ചുയരുമ്പോഴും കഴകവൃത്തി അടക്കമുള്ളവയ്ക്ക് ആവശ്യമായ സാധനങ്ങളിൽ തുടരുന്ന പഴയ അലവൻസ് -മലബാർ ദേവസ്വം ബോർഡിന് കീഴിൽ പത്ത് ലക്ഷത്തിന് താഴെ വരുമാനമുള്ള ക്ഷേത്രങ്ങളിലെ ജീവനക്കാരുടെ കാര്യത്തിൽ ഇനിയും സർക്കാർ പ്രസാദിക്കാത്ത സ്ഥിതിയാണ്.
ശമ്പളം കിട്ടിയാൽ കിട്ടി എന്നതാണ് ഈ ക്ഷേത്രങ്ങളിലെ ജീവനക്കാരുടെ ഇപ്പോഴത്തെ അവസ്ഥ. ക്ഷേത്രകാര്യങ്ങൾ മുടങ്ങരുതെന്ന നിർബന്ധത്തിൽ ജോലിക്കെത്തുന്നവരാണ് ഇവരിൽ വലിയൊരു വിഭാഗവും. പണ്ടുതൊട്ടെ തുടരുന്ന ജോലി എന്ന നിലയിലും ഇവർ തുടരുകയാണ്. വരുമാനം കുറഞ്ഞ ക്ഷേത്രങ്ങളിലെ ജീവനക്കാർക്കാണ് ഈ പ്രതിസന്ധി മുഴുവൻ. മേൽശാന്തി, കീഴ്ശാന്തി, പ്രസാദവിതരണക്കാർ, കഴകം, വാദ്യം, വെളിച്ചപ്പാട് തുടങ്ങിയ തസ്തികകളിലുള്ളവരെല്ലാം കൃത്യമായ ശമ്പളം ലഭിക്കാതെ കടുത്ത ദുരിതത്തിലാണ്. ചില ട്രസ്റ്റിമാർ ഭരിക്കുന്ന ക്ഷേത്രങ്ങളിലെ വരുമാനം കൃത്യസമയത്ത് ബോർഡിലേക്ക് നൽകാത്തതും സർക്കാരിൽ നിന്നും ലഭിക്കുന്ന ഫണ്ടിലെ കാലതാമസവും ശമ്പളകുടിശ്ശികയ്ക്ക് കാരണമാകുന്നുണ്ട്. നേരത്തെ ക്ഷേത്രങ്ങളിലെ പ്രധാന വഴിപാടുകളിൽനിന്നും ജീവനക്കാർക്ക് വിഹിതം ലഭിച്ചിരുന്നു. എന്നാൽ ഇത് നിർത്തലാക്കിയതോടെ നിത്യവൃത്തിക്കായി ബുദ്ധിമുട്ടുകയാണിവരെല്ലാം.
അവധിയോ, പകരക്കാരന് ശമ്പളം കരുതണം
അത്യാവശ്യ അവധി കിട്ടാത്ത സ്ഥിതിയും ജീവനക്കാർക്കുണ്ട്. മേൽശാന്തി മുതൽ അടിച്ചുതളി വരെയുള്ള തസ്തികകളിലുള്ളവർ ഈ അവസ്ഥയെ നേരിടുന്നുണ്ട്. രോഗം ,പുല, വാലായ്മ , എന്നി കാരണങ്ങളാൽ അവധിയെടുത്താൽ തന്നെ പകരം വരുന്നയാൾക്ക് 700 രൂപയ്ക്ക് മുകളിലെങ്കിലും ഈ ജീവനക്കാർ കരുതണം. ഇതിൽ വനിതാജീവനക്കാരാണ് കൂടുതലും പെടുന്നത്. ആർത്തവകാലങ്ങളിൽ മാറിനിൽക്കുമ്പോൾ പകരം ആളെക്കണ്ടെത്തി ജോലി ഏൽപ്പിക്കണം. തനിക്ക് ലഭിക്കുന്ന ശമ്പളത്തിന്റെ ഇരട്ടിയെങ്കിലും നൽകിയാൽ മാത്രമെ പകരക്കാരെ ലഭിക്കുകയുള്ളു. ആരുമെത്താതെ പ്രവൃത്തി മുടങ്ങിയാൽ ഇവരെ കാത്ത് ബോർഡിന്റെ നടപടിയുമുണ്ട്. മറ്റ് ദേവസ്വം ബോർഡുകളിലെല്ലാം
ലീവ് സറണ്ടർ ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ ലഭിക്കുമ്പോഴാണ് മലബാറിലെ ക്ഷേത്രങ്ങളിൽ ഈ അവസ്ഥ.
വിലവർദ്ധന ബാധകമേയല്ല
അലവൻസ് അനുവദിക്കുന്ന കാര്യത്തിൽ യാതൊരു തത്വദീക്ഷയും നിലവിൽ ബോർഡിനില്ല. കഴകപ്രവൃത്തിക്ക് ആവശ്യമായ പുഷ്പങ്ങൾ ശേഖരിക്കാൻ ഇന്നും അഞ്ഞൂറു രൂപയാണ് അനുവദിക്കുന്നത്. സർവവിധ സാധനങ്ങൾക്കും വില വർദ്ധിക്കുന്നതൊന്നും പൂക്കളുടെ കാര്യത്തിൽ ബോർഡ് പരിഗണിക്കാറില്ല.
എക്സിക്യുട്ടീവ് ഓഫീസർക്കും രക്ഷയില്ല
ദേവസ്വം ബോർഡിലെ എക്സിക്യുട്ടീവ് ഓഫീസർ തസ്തികയിൽ ജോലിചെയ്യുന്നവരും കടുത്ത പ്രതിസന്ധിയാണ് നേരിടുന്നത്. അവസാനമായി ഇവരുടെ ശമ്പളപരിഷ്കരണം നടന്നത് 2009ലാണ്.സർക്കാർ ശമ്പള പരിഷ്‌കരണത്തിലെ 2004ലെ സ്‌കെയിലിലാണ് ഇവർ ജോലിചെയ്യുന്നത്. ക്ഷേത്രഫണ്ടിൽനിന്നാണ് ഇവർക്ക് ശമ്പളം . അഞ്ച് ഡിവിഷനുകളിലായി ജോലിചെയ്യുന്ന അറുപതോളം എക്സിക്യുട്ടീവ് ഓഫീസർമാർക്ക് ഒന്നിനിലധികം ക്ലസ്റ്ററുകളിൽ ഉൾപ്പെട്ട ക്ഷേത്രങ്ങളുടെ ചുമതല വഹിക്കേണ്ടിവരുന്നുണ്ട്. ഇത്രയും ചുമതല നൽകുമ്പോഴും അർഹമായ ട്രാവലിംഗ് അലവൻസ്, ചാർജ് അലവൻസ് എന്നിവ ലഭിക്കാറില്ല. ഈ ക്ഷേത്രങ്ങളിലെ ഉത്സവങ്ങൾ നടത്തേണ്ടതും എക്സിക്യൂട്ടീവ് ഓഫീസർമാരുടെ ചുമതലയാണ്.
ഇന്നും മദ്രാസ് നിയമം
1402 പൊതുക്ഷേത്രങ്ങളുടെ ഭരണം നടത്തുന്ന മലബാർ ദേവസ്വം ബോർഡിലെ ജീവനക്കാരുടെ കാര്യങ്ങളുടെ അടിസ്ഥാനനിയമം 1951ലെ മദ്രാസ് സർക്കാരിന്റെ നിയമമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |