തിരുവനന്തപുരം: യമനിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട നഴ്‌സ് നിമിഷ പ്രിയയുടെ മോചനത്തിനായി പ്രവർത്തിക്കുന്നവരെ അഭിനന്ദിച്ച് സിപിഎം. നിമിഷപ്രിയയുടെ വധശിക്ഷ നീട്ടിവച്ചു എന്ന വിവരം ആശ്വാസകരമാണ്. ഇതിനായി മുൻകൈയെടുത്ത കാന്തപുരം അബൂബക്കർ മുസലിയാരെയും നിമിഷപ്രിയ ആക്ഷൻ കൗൺസിലിനെയും ഒപ്പമുള്ള എല്ലാ സുമനസുകളെയും അഭിനന്ദിക്കുന്നതായി സിപിഎം സംസ്ഥാന കമ്മിറ്റി അറിയിച്ചു. നിമിഷപ്രിയയുടെ മോചനത്തിൽ എത്തുന്ന വിധം ഒരുമിച്ചുള്ള പ്രവർത്തനം സുഗഗമായി മുന്നോട്ടുപോകട്ടെയെന്നും വാർത്താക്കുറിപ്പിൽ പറയുന്നു.
സിപിഎം ഫേസ്‌ബുക്ക് പേജിലെ കുറിപ്പ് ചുവടെ:
യമനിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിഞ്ഞു വന്നിരുന്ന നിമിഷ പ്രിയയുടെ വധശിക്ഷ നീട്ടിവെച്ചു എന്ന വിവരം ആശ്വാസകരമാണ്. ശിക്ഷാവിധിയിൽ നിന്ന് മുക്തി നേടാനുള്ള അവസരമാണ് നിമിഷ പ്രിയയ്ക്ക് ലഭിച്ചിരിക്കുന്നത് . കാന്തപുരം എ പി അബൂബക്കർ മുസ്ലിയാരുടെ മുൻകൈയിലും ഇടപെടലിലുമാണ് ശിക്ഷാവിധി നീട്ടിവെക്കുന്നതിലേക്കുള്ള സാഹചര്യം ഒരുങ്ങിയത്. കാന്തപുരം അബൂബക്കർ മുസ്ലിയാരെയും നിമിഷ പ്രിയ ആക്ഷൻ കൗൺസിലിനേയും അവർക്കൊപ്പം പ്രവർത്തിച്ച എല്ലാ സുമനസ്സുകളെയും അഭിനന്ദിക്കുന്നു. ലോകത്തിന്റെ നാനാഭാഗങ്ങളിൽ നിന്നും നിമിഷപ്രിയയ്ക്ക് വേണ്ടി ശ്രമം നടന്നത് സ്വാഗതാർഹമാണ്. നിമിഷ പ്രിയയുടെ മോചനത്തിൽ എത്തുന്ന വിധത്തിൽ ഒരുമിച്ചുള്ള പ്രവർത്തനം സുഗമമായി മുന്നോട്ടു പോകട്ടെ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |