കൊച്ചി ബ്ളൂ ടൈഗേഴ്സ് ടീമിന്റെ ക്യാപ്ടനായി ചേട്ടൻ സലി സാംസൺ, സഞ്ജു സാംസൺ വൈസ് ക്യാപ്ടൻ
കൊച്ചി : വർഷങ്ങൾക്ക് മുമ്പ് ഡൽഹിയിൽ നിന്ന് അച്ഛനൊപ്പം തിരുവനന്തപുരത്തേക്ക് ക്രിക്കറ്റ് പരിശീലനത്തിനെത്തിയ രണ്ട് കുട്ടികൾ. ക്രിക്കറ്റ് സ്റ്റാറ്റിസ്റ്റീഷ്യൻ സുധീർ അലിയാണ് അവരെ പരിശീലകൻ ബിജു ജോർജിനരികിലേക്കയച്ചത്. മെഡിക്കൽ കോളേജ് ഗ്രൗണ്ടിലെ സായ് കോച്ചിംഗ് സെന്ററിലേക്കുള്ള ആ യാത്രകളിൽ തന്റെ അനിയൻ സഞ്ജുവിനെ കൈപിടിച്ച് നയിച്ചത് സലിയാണ്. കളിക്കളത്തിൽ പക്ഷേ അനിയൻ സഞ്ജു സലിയേക്കാൾ മേലേ പറന്നു. ഇന്ത്യൻ ടീമിലെത്തി. ഐ.പി.എൽ നായകനായി. സലിയും കളിതുടർന്നെങ്കിലും സംസ്ഥാന തലത്തിലേക്കുമാത്രമായിരുന്നു. ഇപ്പോഴിതാ ചേട്ടനും അനിയനും ഒരേ ടീമിൽ കളിക്കാനൊരുങ്ങുന്നു. കേരള ക്രിക്കറ്റ് ലീഗിന്റെ രണ്ടാം സീസണിൽ കൊച്ചി ബ്ളൂ ടൈഗേഴ്സിലാണ് ഇവർ ഒരുമിക്കുന്നത്. അതിലേറെ കൗതുകം ഇന്ത്യൻ താരമായ അനിയനെ നയിക്കാൻ ചേട്ടനാണ് അവസരം നൽകിയിരിക്കുന്നതെന്നതാണ്.
ബ്ളൂ ടൈഗേഴ്സിന്റെ നായകസ്ഥാനത്ത് ജേഷ്ഠൻ സലി സാംസണും ഉപനായക സ്ഥാനത്ത് അനുജൻ സഞ്ജു സാംസണുമാണെന്ന് ടീമുടമ സുഭാഷ്.ജി.മാനുവലാണ് പ്രഖ്യാപിച്ചത്. കഴിഞ്ഞ സീസണിലും ബ്ളൂ ടൈഗേഴ്സിനായി കളിച്ച താരമാണ് പേസ് ബൗളിംഗ് ആൾറൗണ്ടറായ സലി. സഞ്ജുവിന്റെ ആദ്യ കെ.സി.എൽ സീസണാണിത്.റെക്കാഡ് തുകയായ 26.8 ലക്ഷം മുടക്കിയാണ് ബ്ളൂ ടൈഗേഴ്സ് സഞ്ജുവിനെ ടീമിലെത്തിച്ചത്. 75000 രൂപയ്ക്കാണ് സലിയെ സ്വന്തമാക്കിയത്.
കേരളത്തിനായി അണ്ടർ 16,19 ടീമുകളിൽ സലിയും സഞ്ജുവും ഒരുമിച്ച് കളിച്ചിട്ടുണ്ട്. ഒരു വർഷം സലി ഉൾപ്പെട്ട അണ്ടർ 19 ടീമിന്റെ നായകനും സഞ്ജുവായിരുന്നു. എന്നാൽ സലിയുടെ ക്യാപ്ടൻസിക്ക് കീഴിൽ സഞ്ജു പ്രൊഫഷണൽ മത്സരത്തിൽ കളിക്കാനിറങ്ങുന്നത് ആദ്യമാണ്. അണ്ടർ 15 മുതൽ അണ്ടർ 25 വരെയുള്ള കേരള ടീമുകളിൽ കളിച്ചിട്ടുള്ള സലി അണ്ടർ 16 ദേശീയ സൗത്ത് സോൺ ടീമിലും ഇടം നേടിയിരുന്നു. ഏജീസ് ഓഫിസിൽ സീനിയർ ഓഡിറ്ററും ഏജീസ് ടീമിലെ മുഖ്യ ബൗളറുമാണ്.
സലിയും സഞ്ജുവും വൈകാരികമായി വളരെ അടുപ്പമുള്ളവരാണ്. ഇരുവരും തമ്മിലുള്ള ആത്മബന്ധം ചെറുപ്പത്തിലേ അടുത്തറിയാം. ഇരുവരും ഒരുമിച്ചുള്ളത് ബ്ളൂ ടൈഗേഴ്സിന് കരുത്തുപകരും.
- റെയ്ഫി വിൻസന്റ് ഗോമസ്
കൊച്ചി ബ്ളൂ ടൈഗേഴ്സ് കോച്ച്
2023 ഡിസംബർ 21ന് സഞ്ജു ദക്ഷിണാഫ്രിക്കയ്ക്ക് എതിരെ ഏകദിനത്തിൽ സെഞ്ച്വറി നേടിയ ദിവസം സലി ജില്ലാ ഡിവിഷൻ മത്സരത്തിൽ സെഞ്ച്വറി നേടിയിരുന്നു. കഴിഞ്ഞവാരവും സലി ജില്ലാ ലീഗിൽ സെഞ്ച്വറിയടിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |