തിരുവനന്തപുരം: ഭാരതീയരുടെ ബഹിരാകാശ സ്വപ്നങ്ങൾക്ക് പുതിയ ചിറകുകൾ നൽകി ശുഭാംശു ശുക്ള ഭൂമിയിൽ തിരിച്ചെത്തി. 18 ദിവസം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ കഴിഞ്ഞശേഷമാണ് മടങ്ങിയെത്തിയത്. അമേരിക്കയിൽ പസഫിക് സമുദ്രത്തിലെ തിരമാലകളിലേക്കാണ് ഇന്നലെ വൈകിട്ട് 3.01ന് ശുഭാംശുവിനെയും മറ്റു മൂന്നുപേരെയും വഹിച്ചുകൊണ്ടുള്ള ഗ്രേസ് ഡ്രാഗൺ പേടകം വന്നിറങ്ങിയത്.
ഇതോടെ ബഹിരാകാശനിലയം സന്ദർശിച്ച ആദ്യ ഇന്ത്യൻ ഗഗനചാരിയായി ശുഭാംശു ചരിത്രത്തിൽ ഇടംനേടി. ലോകമെമ്പാടുമുള്ള ഇന്ത്യക്കാർ ആ ധന്യമുഹൂർത്തത്തിന്റെ ദൃശ്യങ്ങൾ തൽസമയം വീക്ഷിച്ച് അഭിമാനഭരിതരായി.
കടലിൽ നിന്ന് വീണ്ടെടുത്ത പേടകം കപ്പലിലേക്ക് മാറ്റിയതോടെ, വാതായനങ്ങൾ തുറന്ന് ശുഭാംശു പുറത്തേക്ക്. പുഞ്ചിരി തൂകി കൈകൾ വീശി ലോകത്തെ അഭിവാദ്യം ചെയ്തു.
ഹെലികോപ്ടറിൽ കരയിലേക്കു വന്ന സംഘം ഹൂസ്റ്റണിലുള്ള നാസയുടെ ജോൺസൺ സ്പെയ്സ് സെന്റിലെ പോസ്റ്റ് സ്പെയ്സ് ട്രീറ്റ്മെന്റ് കേന്ദ്രത്തിലേക്ക് യാത്രയായി. അമേരിക്കൻ ആസ്ട്രനോട്ട് പെഗ്ഗി വിറ്റ്സൺ, പോളണ്ട് സ്വദേശി സ്ലാവോസ് ഉസ്നാൻസ്‌കി, ഹംഗറിയിൽ നിന്നുള്ള ടിബോർ കാപു എന്നീ സഹയാത്രികരും ഒപ്പമുണ്ട്.
വിവിധ കായിക പരിശീലനങ്ങളിലൂടെ ഭൂമിയിലെ അന്തരീക്ഷവുമായി പൊരുത്തപ്പെടുകയും ശാരീരിക ക്ഷമത വീണ്ടെടുക്കുകയും ചെയ്തശേഷം ഇന്ത്യയിൽ തിരിച്ചെത്തും.ശുഭാംശുവിനെ പരിചരിക്കാൻ ഐ.എസ്.ആർ.ഒയുടെ മെഡിക്കൽ സംഘവും അമേരിക്കയിലുണ്ട്.
രാകേഷ് ശർമ്മയ്ക്കു ശേഷം ബഹിരാകാശ യാത്ര നടത്തുന്ന ആദ്യഇന്ത്യക്കാരനും ബഹിരാകാശത്ത് ഏറ്റവും കൂടുതൽ കാലം ചെലവഴിച്ച ഇന്ത്യക്കാരനുമാണ് ശുഭാംശു.
ജൂൺ 26ന് ആക്സിയം 4 മിഷിന്റെ ഭാഗമായാണ് ബഹിരാകാശനിലയത്തിലെത്തിയത്. ഇന്ത്യയുടെ ഗഗൻയാൻ ദൗത്യത്തിന്റെ മുന്നൊരുക്കത്തിനായുള്ള ഈ യാത്രയ്ക്കായി ഭാരതസർക്കാർ 550കോടിരൂപയാണ് ആക്സിയം സ്പേസിന് നൽകിയത്.
ജൂൺ 26നാണ് സംഘം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെത്തിയത്. കേരളത്തിൽ നിന്ന് കൊണ്ടുപോയ ആറ് വിത്തിനങ്ങളുടെ പരീക്ഷണമടക്കം ലക്ഷ്യമിട്ട 60 പരീക്ഷണങ്ങളും പൂർത്തിയാക്കി.വിവിധ പരീക്ഷണങ്ങളുടെ ഭാഗമായ സാമ്പിളുകളടക്കം 236കിലോഗ്രാം കാർഗോ ഭൂമിയിലേക്ക് മടക്കിക്കൊണ്ടുവന്നു. 14 ദിവസമാണ് ബഹിരാകാശനിലയത്തിൽ തങ്ങാൻ നിശ്ചയിച്ചതെങ്കിലും 18ദിവസം വരെ തുടർന്നു.
'ശുഭാംശു ശുക്ലയെ സ്വാഗതം ചെയ്യുന്നതിൽ ഞാനും രാജ്യത്തോടൊപ്പം ചേരുന്നു. മനുഷ്യനെ ബഹിരാകാശത്തെത്തിക്കുന്ന ഇന്ത്യയുടെ സ്വന്തം ദൗത്യമായ ഗഗൻയാനിലേക്കുള്ള മറ്റൊരു ചുവടുവയ്പാണിത്. '
-പ്രധാനമന്ത്രി നരേന്ദ്രമോദി
22.5 മണിക്കൂർ മടക്കയാത്ര
ജൂലായ് 14 വൈകിട്ട് 4.45: ഡ്രാഗൺ പേടകത്തിൽ സ്പെയ്സ് സ്റ്റേഷനിൽ നിന്ന് ഭൂമിയിലേക്ക്
15ന് ഉച്ചതിരിഞ്ഞ് 2.26: പേടകം ഡീ ഓർബിറ്റിനായി റിവേഴ്സ് ത്രസ്റ്റ് പ്രയോഗിച്ച് താഴേക്ക്. 7മിനിട്ട് ആശയവിനിമയം നിലച്ചു.
2.30: ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് പ്രവേശിച്ചു
2.45: ആദ്യഘട്ട പാരച്യൂട്ട് പ്രവർത്തനക്ഷമമാക്കി 5.7കിലോമീറ്റർ മുകളിൽ
2. 57:ഭൂമിക്ക് രണ്ട് കിലോമീറ്റർ മുകളിൽ രണ്ടാംഘട്ട പാരച്യൂട്ട് വിടർത്തി
3.01:കാലിഫോർണിയ തീരത്ത് സാൻഡിയാഗോയിൽ പസഫിക് സമുദ്രത്തിൽ പേടകം സ്‌പ്ലാഷ് ഡൗൺ ചെയ്തു
3.10: പേടകം സ്പെയ്സ് എക്സിന്റെ ബോട്ടുകൾ വീണ്ടെടുത്ത് കപ്പലിൽ എത്തിച്ചു.
3.53: പേടകം തുറന്ന് ശുഭാംശു സുസ്മേരവദനനായി പുറത്തേക്ക്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |