കോഴിക്കോട്: വാഹനങ്ങളുടെ തലങ്ങും വിലങ്ങുമുള്ള ഓട്ടം മെഡി. കോളേജ് ജംഗ്ഷനിൽ അപകടക്കെണിയാവുന്നു. ഡോക്ടറെ കാണൽ, ലാബ് പരിശോധന, മരുന്നുവാങ്ങൽ തുടങ്ങി ദിനംപ്രതി ആയിരക്കണക്കിന് ആളുകൾ വന്നുപോകുന്ന സ്ഥലത്താണ് വാഹനങ്ങളുടെ ഈ പരക്കംപാച്ചിൽ. റോഡ് മുറിച്ചുകടക്കാൻ സൗകര്യമില്ലാത്തതും സീബ്രാലെെനുകൾ മാഞ്ഞതും അപകട സാദ്ധ്യത കൂട്ടുകയാണ്. പുതിയ കാഷ്വാലിറ്റി പരിസരംപോലും അപകട മേഖലയായി. ആശുപത്രിയുടെ പ്രധാന കവാടത്തിലൂടെ പുറത്തേക്കിറങ്ങുന്നവരെ വാഹനങ്ങളിടിച്ച് തെറിപ്പിക്കാത്തത് ഭാഗ്യം കൊണ്ട് മാത്രം. ജംഗ്ഷനിൽ റൗണ്ട് എബൗട്ടിൽ ബസുകൾ തോന്നുംപോലെ നിർത്തുന്നതും യാത്രക്കാരെ ഇറക്കുന്നതും അപകടക്കെണിയാവുകയാണ്.
ഓട്ടോ, ടാക്സി എന്നീ വാഹനങ്ങൾ പ്രത്യേകം അടയാളപ്പെടുത്തിയ സ്ഥലത്തു മാത്രം നിർത്തി ആളെ കയറ്റണമെന്ന നിബന്ധനയും ലംഘിക്കുകയാണ്. നടപ്പാത കൈയേറിയുള്ള വഴിയോര കച്ചവടവും പൊടിപൊടിക്കുകയാണ്.
മാഞ്ഞാൽ പിന്നെ വരക്കില്ല
മെഡി.കോളേജ് -മായനാട് റൂട്ടിൽ ആശുപത്രിയ്ക്ക് മുന്നിലെ സീബ്രലെെൻ മാഞ്ഞിട്ട് മാസങ്ങളായി. മാത്രമല്ല, ഫൂട്ട്ഓവർ ബ്രിഡ്ജിന് അടിവശത്തെ സീബ്രലെെനുകളും മാഞ്ഞ് തുടങ്ങിയിട്ടുണ്ട്. മാഞ്ഞുപോയ വരകളുടെ എണ്ണം പി.ഡബ്യൂ.ഡി അധികൃതർക്ക് നൽകിയെങ്കിലും വരക്കാനുള്ള നടപടിയുണ്ടായിട്ടില്ലെന്നാണ് ട്രാഫിക് പൊലീസ് പറയുന്നത്.
വേണം ബസ് സ്റ്റാൻഡ്
വയനാട് , മുക്കം, താമരശ്ശേരി , മാവൂർ , അരീക്കോട് തുടങ്ങിയ ഭാഗത്ത് നിന്ന് മാത്രം നൂറുകണക്കിന് വാഹനങ്ങളാണ് ഇതിലൂടെ കടന്ന് പോകുന്നത്. പാളയം, പുതിയ സ്റ്റാൻഡ് ഭാഗത്തേക്കുള്ള ബസുകൾ രണ്ടും മൂന്നും നിരയായി റോഡിൽ നിർത്തിയിടുന്നതിനാൽ ഗതാഗതക്കുരുക്ക് മാത്രമല്ല യാത്രക്കാർക്ക് റോഡ് മുറിച്ച് കടക്കാൻ കഴിയാത്ത സ്ഥിതിയാണ്. ഇവിടെ സിറ്റി ബസുകൾക്ക് ബസ് ബേയില്ലാത്തതും സ്ഥിതി വഷളാക്കുന്നു. മാവൂർ ഭാഗത്തെ ബസ് സ്റ്റോപ്പ് പൊളിച്ച് നീക്കിയതോടെ നടു റോഡിൽ നിന്നാണ് യാത്രക്കാരെ കയറ്റുന്നതും ഇറക്കുന്നതും. ഇതിനിടയിലൂടെയാണ് യാത്രക്കാരുടെ റോഡ് മുറിച്ചുകടക്കൽ. മെഡിക്കൽ കോളേജ് ഭാഗത്തേക്കുള്ള സിറ്റി ബസുകളുടെ സർവീസിനായി ഒരു പ്രത്യേക ബസ് സ്റ്റാൻഡ് തുറക്കുന്നതോടെ മാത്രമേ സങ്കീർണമായ ജംഗ്ഷനിലെ തിരക്ക് അവസാനിക്കൂ.
ഫൂട്ട് ഓവർ ബ്രിഡ്ജും നിലം പൊത്തും
വാഹനങ്ങളെ ഭയക്കാതെ സുരക്ഷിതമായി ബസ് സ്റ്റോപ്പുകളിലേക്ക് എത്താവുന്ന ആശുപത്രിയ്ക്ക് മുന്നിലെ ഫൂട്ട് ഓവർ ബ്രിഡ്ജും ഏത് നിമിഷവും പൊട്ടിപ്പൊളിയാവുന്ന തരത്തിലാണ്. മേൽപ്പാലത്തിന്റെ പല ഇടങ്ങളിലും പൊട്ടിയിട്ടുണ്ട്. കാഷ്വാലിറ്റിയിൽ നിന്ന് നേരെ പാലം കടന്ന് ഇറങ്ങാച്ചെന്നാൽ ബസ് സ്റ്റോപിലെത്താവുന്ന രീതിയിലാണ്. എന്നാൽ ഭയം മൂലം പലരും റോഡ് മുറിച്ച് കടക്കുകയാണ്. ഇതും അപകടം വരുത്തി വയ്ക്കുന്നു.
'' വയ്യാത്ത രോഗിയെയും കൊണ്ട് പോവുകയാണെങ്കിൽ പോലും ഒരു വാഹനവും നിർത്തുകയോ വേഗത കുറക്കുകയോ ഇല്ല. റോഡിനപ്പുറം കടക്കാൻ റോഡിന് മദ്ധ്യത്തിൽ കയറി നിന്ന് കെെ കാണിക്കണം. എന്നാലും ചിലർ നിർത്താറില്ല. പിന്നെ ജീവനും കൊണ്ട് ഒരോട്ടമാണ്''- ബിന്ദു, രോഗിയുടെ കൂട്ടിരിപ്പുകാരി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |