കുളത്തൂർ: ഐ.ടി നഗരമായ കഴക്കൂട്ടത്ത് എം.ഡി.എം.എ അടക്കമുള്ള മാരക ലഹരിമരുന്നുകളുടെ വില്പനയും ഉപയോഗവും വ്യാപിച്ചിട്ടും എക്സൈസ് നടപടിയെടുക്കുന്നില്ലെന്ന് പരാതി. കഴിഞ്ഞയാഴ്ച പൊലീസിന്റെ ഡാൻസാഫ് സംഘം എക്സൈസ് ഓഫീസിന് തൊട്ടടുത്തുനിന്ന് എം.ഡി.എം.എയുമായി പ്രതികളെ പിടികൂടിയിരുന്നു.
കഴക്കൂട്ടം റെയിൽവേ സ്റ്റേഷനിൽ ട്രെയിനിറങ്ങി വില്പനകേന്ദ്രത്തിലേക്ക് പോകാൻ തുനിയവെ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസിന്റെ പരിശോധനയും അറസ്റ്റുമുണ്ടായത്.ഇത്തരത്തിൽ നിരവധിതവണയാണ് എക്സൈസിന്റെ മൂക്കിൻതുമ്പത്തു നിന്ന് ലഹരി സംഘങ്ങളെ പൊലീസ് പിടികൂടുന്നത്.
കഴക്കൂട്ടം റെയിൽവേ സ്റ്റേഷൻ കേന്ദ്രീകരിച്ച് വലിയ അളവിൽ കഞ്ചാവും എം.ഡി.എം.എയും എത്തുന്നുണ്ട്. റെയിൽവേ സ്റ്റേഷന് തൊട്ടുചേർന്നാണ് കഴക്കൂട്ടം എക്സൈസ് ഓഫീസ് സ്ഥിതിചെയ്യുന്നത്. എന്നാൽ എക്സൈസ് സംഘം ഇവിടെ വേണ്ടത്ര പരിശോധനകൾ നടത്താറില്ല. കഴക്കൂട്ടത്ത് രാത്രികാലങ്ങളിൽ ദൂരെസ്ഥലങ്ങളിൽ നിന്നുപോലും ലഹരിസംഘങ്ങൾ ഒത്തുക്കൂടുന്നത് പതിവാണ്. പേരിനുപോലും എക്സൈസ് സംഘത്തിന്റെ പരിശോധനകൾ നടത്താറില്ല.നേരത്തെയും കഴക്കൂട്ടം എക്സൈസിനെതിരെ നിരവധി ആരോപണങ്ങൾ ഉയർന്നിരുന്നെങ്കിലും ക്രിയാത്മകമായ ഇടപെടൽ ഉണ്ടാകുന്നില്ലെന്ന് നാട്ടുകാർ പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |