കോഴിക്കോട്: പന്തീരങ്കാവിലെ സ്വകാര്യബാങ്കിൽ നിന്ന് മോഷ്ടിച്ച 39 ലക്ഷം രൂപ ആളൊഴിഞ്ഞ പറമ്പിൽ കുഴിച്ചിട്ട നിലയിൽ കണ്ടെത്തി. കേസിൽ മുഖ്യപ്രതി ഷിബിൻലാലിന്റെ പന്തീരങ്കാവ് കുന്നത്ത് പാലത്തുള്ള വീട്ടിൽ നിന്ന് 500 മീറ്റർ അകലെയാണ് ഇയാൾ പണം കുഴിച്ചിട്ടത്. ഒരുമാസവും നാലു ദിവസവുമാണ് ഇത് മണ്ണിൽ കിടന്നത്.
ഇന്നലെ രാവിലെയാണ് പണം കണ്ടെത്തിയത്. പ്ലാസ്റ്റിക്ക് കവറിൽ പൊതിഞ്ഞ് ബാഗിലാക്കിയിരുന്ന നോട്ടുകളിൽ പലതും കുതിർന്നിരുന്നു. 500 രൂപയുടെ കെട്ടുകളാണ് കണ്ടെത്തിയത്. ഷിബിൻലാലിന്റെ ഭാര്യ കൃഷ്ണലേഖ, ബന്ധു ദിൻ രഞ്ജു എന്നിവരാണ് മറ്റ് പ്രതികൾ. പ്രതികളെ പിടിച്ചിട്ടും പണം കണ്ടെത്താനാകാത്തത് പൊലീസിനെ കുഴക്കിയിരുന്നു. ഒരു മാസത്തെ അന്വേഷണത്തിലാണ് തുക കണ്ടെത്തിയത്. കഴിഞ്ഞ ജൂൺ 11നായിരുന്നു മോഷണം. സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽ പണയം വച്ച സ്വർണം സ്വകാര്യ ബാങ്കിലേക്ക് മാറ്റാൻ 40 ലക്ഷം ആവശ്യമുണ്ടെന്ന് തെറ്റിദ്ധരിപ്പിച്ചാണ് ജീവനക്കാരിൽ നിന്ന് ഷിബിൻ ലാൽ പണം തട്ടിച്ചത്. തുടർന്ന് ഒളിവിൽപ്പോയ ഷിബിൻ ലാലിനെ രണ്ട് ദിവസത്തിന് ശേഷമാണ് പൊലീസ് പിടികൂടിയത്. രണ്ട് തവണ കസ്റ്റഡിയിൽ ചോദ്യം ചെയ്‌തെങ്കിലും എവിടെയാണ് പണം ഒളിപ്പിച്ചതെന്ന് ഇയാൾ പറഞ്ഞിരുന്നില്ല. 40 ലക്ഷത്തിൽ 55,000 രൂപ ഷിബിൻലാലും 45,000 രൂപ ദിൻ രഞ്ജും എടുത്തിരുന്നു. ബാക്കിയാണ് കുഴിച്ചിട്ടത്.
രഹസ്യവിവരം കിട്ടിയത് കമ്മിഷണർക്ക്
പണം കുഴിച്ചിട്ട സ്ഥലത്തെക്കുറിച്ച് കോഴിക്കോട് സിറ്റി പൊലീസ് കമ്മിഷണർക്ക് കഴിഞ്ഞ ദിവസം രഹസ്യ വിവരം ലഭിച്ചിരുന്നു. തുടർന്നായിരുന്നു പൊലീസ് പരിശോധന. നഗരത്തിലെ വിവിധ സ്വകാര്യ ബാങ്കുകളിലായി ഒന്നരകോടി രൂപയുടെ ബാദ്ധ്യതയാണ് ഷിബിൻ ലാലിനുണ്ടായിരുന്നത്. 70 ലക്ഷത്തിന്റെ ബാദ്ധ്യതയുണ്ടായിരുന്ന ബാങ്കിൽ 35 ലക്ഷം രൂപ തന്ന് വായ്പ തീർക്കാമോ എന്ന് ഷിബിൻലാൽ ഒരു സുഹൃത്ത് വഴി അന്വേഷിച്ചിരുന്നു. ഇക്കാര്യമറിഞ്ഞതോടെയാണ് ഷിബിൻലാൽ പണം ഒളിപ്പിച്ചിട്ടുണ്ടെന്ന നിഗമനത്തിൽ പൊലീസെത്തിയത്. ഫറോക്ക് എ.സി.പി എ.എം. സിദ്ദിഖിന്റെ മേൽനോട്ടത്തിൽ പന്തീരങ്കാവ് സി.ഐ കെ. ഷാജുവിന്റെ നേതൃത്വത്തിലായിരുന്നു അന്വേഷണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |