കൊച്ചി: കണ്ടെയ്‌നർ ലോറിയിൽ സഞ്ചരിച്ച് എ.ടി.എം മെഷീനുകൾ കവർച്ച ചെയ്യുന്ന 'മേവാദ് സംഘം" കൊച്ചിയിൽ പിടിയിലായി. ലോറിയും ഇതിലുണ്ടായിരുന്ന ഗ്യാസ് കട്ടറും സിലിണ്ടറും പനങ്ങാട് പൊലീസ് കസ്റ്റഡിയിലെടുത്തു.
ഹരിയാന, രാജസ്ഥാൻ സ്വദേശികളായ മൂന്നു പേരാണ് അറസ്റ്റിലായത്. ഇവരിൽ ഒരാൾ പൊലീസ് സ്റ്റേഷനിലെ ടോയ്ലെറ്റിന്റെ ജനലിളക്കി രക്ഷപ്പെട്ടെങ്കിലും അഞ്ച് മണിക്കൂറിനകം കണ്ടെത്തി. ഹരിയാനയിലെ കുപ്രസിദ്ധ എ.ടി.എം കൊള്ളക്കാരാണ് മേവാദ് സംഘം. കഴിഞ്ഞ വർഷം തൃശൂരിൽ എ.ടി.എം കവർച്ച നടത്തിയവരുമായി ഇവർക്ക് ബന്ധമുണ്ടെന്നു സംശയിക്കുന്നു. മൂവരെയും ഇന്ന് കോടതിയിൽ ഹാജരാക്കും.
ഹരിയാന മോവാദ് സ്വദേശി സദ്ദാം (38), ഹരിയാന നൂഹ് സ്വദേശി നജീർ അഹമ്മദ് (33), രാജസ്ഥാൻ ഭരത്പൂർ സ്വദേശി സൈക്കൂൾ (32) എന്നിവരാണ് പിടിയിലാണ്. സൈക്കൂളാണ് ജനലിളക്കി രക്ഷപ്പെട്ടത്. ഇയാൾക്കെതിരെ ഡൽഹിയിൽ പത്ത് വാഹനമോഷണ കേസുകളുണ്ട്. കൃഷ്ണഗിരിയിൽ നിന്ന് ഫോർഡ് ഇക്കോ സ്പോർട്ട് കാർ മോഷ്ടിച്ച്, കണ്ടെയ്‌നർ ലോറിയിൽ കയറ്റി കേരളത്തിലേക്ക് കടന്നിട്ടുണ്ടെന്നും കൊള്ളയാണ് ലക്ഷ്യമെന്നുമുള്ള തമിഴ്‌നാട് പൊലീസിന്റെ സന്ദേശം തിങ്കളാഴ്ച അർദ്ധരാത്രി ലഭിച്ചതോടെ നഗരമാകെ പൊലീസ് നിരീക്ഷണത്തിലായിരുന്നു.
ഇതിനിടെയാണ് നെട്ടൂരിൽ ദേശീയപാതയോട് ചേർന്ന് നിറുത്തിയിട്ട രാജസ്ഥാൻ രജിസ്‌ട്രേഷനുള്ള കണ്ടെയ്‌നർ ലോറി പട്രോളിംഗ് സംഘത്തിന്റെ ശ്രദ്ധയിൽപ്പെട്ടത്. ലോറിയിൽ ഉറക്കത്തിലായിരുന്നു പ്രതികൾ. നെട്ടൂരിൽ ലോഡിറക്കാനെത്തിയതാണെന്നും മറ്റും പറഞ്ഞെങ്കിലും സംഘത്തെ പനങ്ങാട് പൊലീസ് കസ്റ്റഡിയിലെടുത്തു.പുലർച്ചെ മൂത്രമൊഴിക്കാനെന്ന വ്യാജേന സൈക്കൂൾ ടോയ്ലെറ്റിൽ കയറി ജനൽ പൊളിച്ച് രക്ഷപ്പെടുകയായിരുന്നു.മരട് എസ്.ഐ സുധീറിന്റെ നേതൃത്വത്തിലുള്ള സംഘം ഇയാളെ പനങ്ങാട് പൊലീസ് സ്റ്റേഷന്റെ സമീപത്തെ ആളൊഴിഞ്ഞ ചതുപ്പിലാണ് കണ്ടെത്തിയത്. ബലം പ്രയോഗിച്ച് കീഴ്‌പ്പെടുത്തുകയായിരുന്നു. കണ്ടെയ്‌നർ നിറയെ മുന്തിയ കമ്പനിയുടെ എ.സികളായിരുന്നു. ഇവ നീക്കി പരിശോധിച്ചപ്പോഴാണ് ഗ്യാസ് കട്ടറും സിലിണ്ടറും കണ്ടെത്തിയത്. ഡൽഹിയിൽ നിന്നാണ് ഇവരെത്തിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |