തിരുവനന്തപുരം: പാർട്ടി അച്ചടക്കം ലഘിച്ചതിന് മന്ത്രി എ.കെ. ശശീന്ദ്രനെയും എൻ.സി.പി സംസ്ഥാന അദ്ധ്യക്ഷൻ തോമസ് കെ.തോമസ് എം.എൽ.എയെയും എൻ.സി.പി അജിത് പവാർ പക്ഷം ആറു വർഷത്തേക്ക് പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്തു. ഇരുവരും എം.എൽ.എ സ്ഥാനം രാജിവയ്ക്കണമെന്ന് പാർട്ടി ദേശീയ വർക്കിംഗ് പ്രസിഡന്റ് പ്രഫുൽ പട്ടേൽ അയച്ച കത്തിൽ ആവശ്യപ്പെട്ടു. എന്നാൽ തങ്ങൾ ശരദ്പവാറിനൊപ്പമെന്ന നിലപാടിലാണ് ശശീന്ദ്രനും തോമസും. അയോഗ്യതയുടെ കാര്യത്തിൽ നിയമസഭാസ്പീക്കറാണ് തീരുമാനമേടുക്കേണ്ടതെന്നും തോമസ് കെ.തോമസ് വ്യക്തമാക്കി.
തോമസ് കെ.തോമസ് തുടർച്ചയായി പാർട്ടി വിരുദ്ധ പ്രവർത്തനം നടത്തുകയാണെന്ന് കത്തിൽ കുറ്റപ്പെടുത്തുന്നു. മറ്റൊരു പാർട്ടിയുടെ സംസ്ഥാന പ്രസിഡന്റായി ചുമതലയേറ്റു. മന്ത്രി എ.കെ.ശശീന്ദ്രനെതിരെ കത്തിൽ ചൂണ്ടിക്കാട്ടുന്നതും പാർട്ടി വിരുദ്ധ പ്രവർത്തനമാണ്. എൻ.സി.പിയുടെ ക്ളോക്ക് ചിഹ്നത്തിൽ മത്സരിച്ചാണ് ഇരുവരും 2021-ൽ നിയമസഭാംഗങ്ങളായതെന്ന കാര്യവും ഓർമ്മപ്പെടുത്തുന്നുണ്ട്. എം.എൽ.എ സ്ഥാനത്തു നിന്നുള്ള രാജി ആവശ്യപ്പെട്ടിട്ടും മറുപടി നൽകാത്തതിനാലാണ് അച്ചടക്ക കമ്മിറ്റി ആറു വർഷത്തെ വിലക്ക് ഏർപ്പെടുത്തിയത്. ഒരാഴ്ചയ്ക്കുള്ളിൽ രാജി വച്ചില്ലെങ്കിൽ അയോഗ്യരാക്കും.
എൻ.സി.പിയിലെ പിളർപ്പാണ് നടപടികൾക്ക് പിന്നിൽ. ശരദ്പവാറിന്റെയും അജിത് പവാറിന്റെയും നേതൃത്വത്തിൽ രണ്ട് വിഭാഗമായി മാറുകയായിരുന്നു. ഔദ്യോഗിക വിഭാഗമായി തിരഞ്ഞെടുപ്പ് കമ്മിഷൻ അംഗീകരിച്ചിട്ടുള്ളത് അജിത് പവാർ പക്ഷത്തെയാണ്. ക്ളോക്ക് ചിഹ്നം അനുവദിച്ചതും ഈ പക്ഷത്തിനാണ്. മേയ് 31 ന് മുമ്പ് രാജിവയ്ക്കണമെന്ന പ്രഫുൽപട്ടേലിന്റെ ആവശ്യം ഇരു നേതാക്കളും അനുസരിക്കാതിരുന്നതോടെയാണ് തുടർ നടപടികളിലേക്ക് നീങ്ങിയത്. പ്രഫുൽ പട്ടേൽ അയച്ചുവെന്ന് പറയപ്പെടുന്ന കത്ത് തങ്ങൾക്ക് ലഭിച്ചിട്ടില്ലെന്നും കത്ത് കിട്ടിയാൽ തന്നെ മറുപടി നൽകില്ലെന്നും തോമസ് കെ.തോമസ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |