സന: നിമിഷപ്രിയയ്‌ക്ക് മാപ്പില്ലെന്ന് കൊല്ലപ്പെട്ട യമൻ പൗരൻ തലാൽ അബ്‌ദോ മഹ്‌ദിയുടെ സഹോദരൻ അബ്ദുൽഫത്താ മഹ്ദി. ഒരു ഒത്തുതീർപ്പിനും തയ്യാറല്ലെന്നാണ് കുടുംബത്തിന്റെ പ്രതികരണം. വധശിക്ഷയിൽ കുറഞ്ഞതൊന്നും അംഗീകരിക്കില്ല. അനുരഞ്ജന ശ്രമങ്ങളെക്കുറിച്ചുള്ള ഞങ്ങളുടെ നിലപാട് വ്യക്തമാണ്. ദൈവത്തിന്റെ നിയമം നടപ്പിലാക്കണമെന്ന് ഞങ്ങൾ നിർബന്ധിക്കുന്നുവെന്നും ബിബിസി അറബിക്കിന് തിങ്കളാഴ്‌ച നൽകിയ അഭിമുഖത്തിൽ തലാലിന്റെ സഹോദരൻ പറഞ്ഞു. നിമിഷപ്രിയയുടെ വധശിക്ഷ നീട്ടിവച്ച വിധി വന്നതിന് മുമ്പായിരുന്നു അബ്ദുൽഫത്താ മഹ്ദിയുടെ പ്രതികരണം.
'ക്രൂരവും ഭയാനകവും ഹീനവുമായ കുറ്റകൃത്യമാണ് നടന്നത്. ഈ കേസിന്റെ ഭാഗമായി ഞങ്ങളുടെ കുടുംബം ഏറെ പ്രതിസന്ധികളിലൂടെയാണ് കടന്നുപോയത്. കുറ്റകൃത്യത്തെ ന്യായീകരിക്കുന്നതിനായി സത്യത്തെ വളച്ചൊടിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ട്. പ്രത്യേകിച്ച് കുറ്റവാളിയെ ഇരയായി ചിത്രീകരിക്കുകയാണ് ഇന്ത്യൻ മാദ്ധ്യമങ്ങൾ.
അതിൽ ഞങ്ങൾക്ക് ഖേദമുണ്ട്. പൊതുജനാഭിപ്രായത്തെ സ്വാധീനിക്കുകയാണ് അവരുടെ ലക്ഷ്യമെന്ന് ഞങ്ങൾക്ക് വ്യക്തമാണ്. എന്ത് തർക്കമായാലും അതിന്റെ കാരണങ്ങൾ എത്ര വലുതായാലും ഒരു കൊലപാതകത്തെ ന്യായീകരിക്കാനാകില്ല. മൃതദേഹം വെട്ടിമുറിക്കുക, വികൃതമാക്കുക, ഒളിപ്പിച്ചുവയ്‌ക്കുക, ഇതിനെക്കുറിച്ചൊന്നും കൂടുതൽ പറയണ്ടല്ലോ' - അബ്ദുൽഫത്താ മഹ്ദി പറഞ്ഞു.
2017ലാണ് നിമിഷപ്രിയ തലാൽ അബ്‌ദോ മഹ്‌ദിയെ കൊലപ്പെടുത്തിയത്. നഴ്‌സായിരുന്നു നിമിഷപ്രിയ യമനിൽ മഹ്‌ദിയുമായി ചേർന്ന് ഒരു ക്ലിനിക്ക് ആരംഭിച്ചിരുന്നു. ഇയാൾ നിരന്തരം നിമിഷപ്രിയയെ മാനസിക പീഡനത്തിനും ലൈംഗിക വൈകൃതങ്ങള്‍ക്ക് ഇരയാക്കി, തോക്കുചൂണ്ടി ഭീഷണിപ്പെടുത്തുകയും ചെയ്തു. നിമിഷപ്രിയയെ വഞ്ചിച്ച് ലക്ഷക്കണക്കിന് രൂപ ഇയാൾ തട്ടിയെടുത്തു. പാസ്പോര്‍ട്ട് പിടിച്ചുവച്ച് നാട്ടില്‍ വിടാതെ പീഡിപ്പിച്ചു.
നിമിഷപ്രിയയുടെ സഹപ്രവര്‍ത്തകയായിരുന്ന ഹനാന്‍ എന്ന യമനി യുവതിയും മഹ്ദിയുടെ മര്‍ദനത്തിന് നിരന്തരം ഇരയായിരുന്നു. തുടർന്ന് മഹ്‌ദിയെ മയക്കുമരുന്ന് കുത്തിവച്ച് മയക്കിയ ശേഷം രക്ഷപ്പെടാൻ ശ്രമിച്ചു. എന്നാൽ, മരുന്ന് ഫലപ്രദമായില്ല. തലാൽ മയക്കുമരുന്നിന് അടിമയായതിനാലായിരുന്നു ഇത്. ശേഷം വീണ്ടും മരുന്ന് കുത്തിവച്ചതാണ് മരണത്തിലേക്ക് നയിച്ചത്.
അതേസമയം, നിമിഷപ്രിയയുടെ വധശിക്ഷ നീട്ടിവച്ചു എന്നകാര്യം ഇന്നലെ പുറത്തുവന്നിരുന്നെങ്കിലും ഇക്കാര്യത്തിൽ ഒരു പരസ്യ പ്രതികരണത്തിന് കേന്ദ്രം തയ്യാറായില്ല. യമനിലെ സാഹചര്യമാണ് ഇതിന് കാരണം. യമനിലെ സാഹചര്യങ്ങൾ സങ്കീർണമാണ്. അനാവശ്യ തർക്കങ്ങൾ മോചനത്തിനുള്ള ശ്രമത്തെ ബാധിക്കുമെന്നും കേന്ദ്രം അറിയിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |