തിരുവനന്തപുരം: നാടകീയമായ നീക്കങ്ങൾക്കൊടുവിലാണ് വിപഞ്ചികയുടെ കുഞ്ഞ് വൈഭവിയുടെ സംസ്‌കാരം ഷാർജയിൽ നടത്താനുള്ള നിതീഷിന്റെ നീക്കം തടഞ്ഞത്. സംസ്‌കാര ചടങ്ങുകൾ ഇന്നലെ ഷാർജയിൽ നടത്തുകയാണെന്നും വിപഞ്ചികയുടെ കുടുംബാംഗങ്ങൾക്ക് വേണമെങ്കിൽ പങ്കെടുക്കാം എന്നും കാണിച്ച് നിതീഷ് വിപഞ്ചികയുടെ ബന്ധുവിന് സന്ദേശമയച്ചിരുന്നു. നടപടിക്രമങ്ങൾ പൂർത്തിയാക്കി കുഞ്ഞിന്റെ മൃതദേഹം ഏറ്റുവാങ്ങുകയാണെന്നും വ്യക്തമാക്കിയിരുന്നു.
എന്നാൽ പലതലത്തിലുള്ള സഹായ അഭ്യർത്ഥനകളും ഫലം കാണാതെ വന്നതോടെ വിപഞ്ചികയുടെ അഭിഭാഷകൻ അഡ്വ.മനോജ് കുമാർ മുൻ വിദേശകാര്യസഹമന്ത്രി വി മുരളീധരനോട് സഹായം തേടി. വി മുരളീധരൻ ദുബായിലെ ഇന്ത്യൻ കോൺസുൽ ജനറലുമായി അപ്പോൾത്തന്നെ ബന്ധപ്പെട്ടു. ഭർത്താവും അച്ഛനും എന്ന നിലയിൽ മൃതദേഹങ്ങൾ വിട്ടുകിട്ടാൻ നിതീഷിനാണ് നിയമപരമായ അവകാശം എന്നത് കോൺസുലേറ്റ് മുരളീധരനെ അറിയിച്ചു.
എന്നാൽ വിപഞ്ചിക വിവാഹമോചന നീക്കമടക്കം നടത്തിയിരുന്നു എന്ന് മുരളീധരൻ കോൺസുലേറ്റ് ഉദ്യോഗസ്ഥരെ ബോദ്ധ്യപ്പെടുത്തി. ഇക്കാര്യം ദുബായ് പൊലീസ് അധികൃതരെ അറിയിക്കണം എന്ന് അഭ്യർത്ഥിച്ചു. ഇതേത്തുടർന്നാണ് ഇന്ത്യൻ കോൺസുലേറ്റിൽ നിന്ന് ധ്രുതഗതിയിലുള്ള നീക്കങ്ങൾ ഉണ്ടായത്. കോൺസുലേറ്റ് ഉദ്യോഗസ്ഥർ കാര്യങ്ങൾ പൊലീസിനെ ബോദ്ധ്യപ്പെടുത്തുമ്പോഴേക്കും കുഞ്ഞിന്റെ മൃതദേഹവുമായി ആംബുലൻസ് പുറപ്പെട്ടിരുന്നു.
പിന്നാലെ പോയ പൊലീസ് ആംബുലൻസ് തടഞ്ഞ് മൃതദേഹം മോർച്ചറിയലേക്ക് തിരികെ അയച്ചു. നാട്ടിലെത്തിച്ച് സംസ്‌കാരം നടത്തണമെന്ന വിപഞ്ചികയുടെ കുടുംബാംഗങ്ങളുടെ ആവശ്യം ന്യായമാണെന്നും അവർക്കൊപ്പം നിൽക്കുമെന്നും വി മുരളീധരൻ പ്രതികരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |