തിരുവനന്തപുരം: വിസിയുടെ ഉത്തരവ് തള്ളി ഔദ്യോഗിക വാഹനത്തിൽ തന്നെ സർവകലാശാലയിലെത്തി രജിസ്‌ട്രാർ ഡോ.കെ.എസ്.അനിൽകുമാർ. അനിൽകുമാറിന്റെ ഔദ്യോഗിക കാർ തിരിച്ചെടുക്കാൻ വി.സി ഡോ.മോഹനൻ കുന്നുമ്മേൽ ഉത്തരവിട്ടിരുന്നു. ഔദ്യോഗിക വാഹനം സർവകലാശാലയുടെ ഗാരേജിൽ സൂക്ഷിക്കാനും നിർദ്ദേശിച്ചിരുന്നു. സെക്യൂരിറ്റി ഓഫീസർ കാറിന്റെ താക്കോൽ ഡ്രൈവറിൽ നിന്ന് തിരിച്ചു വാങ്ങി രജിസ്ട്രാറുടെ ചുമതല കൈമാറിയ ഡോ.മിനി കാപ്പന് നൽകാനായിരുന്നു വിസിയുടെ നിർദ്ദേശം. എന്നാൽ തനിക്ക് സ്വന്തം വാഹനമില്ലെന്നാണ് അനിൽ കുമാറിന്റെ വിശദീകരണം.
രജിസ്‌ട്രാറുടെ ഔദ്യോഗിക വാഹനം ഉപയോഗിക്കുന്നത് തടയാൻ വി.സിക്ക് അധികാരമില്ലെന്നാണ് സിൻഡിക്കേറ്റ് ചൂണ്ടിക്കാട്ടുന്നത്. സർവകലാശാലയിലെ ഏതൊരു വസ്‌തുവിന്റെയും നിയന്ത്രണാധികാരം സിൻഡിക്കേറ്റിനാണെന്നും ചട്ടങ്ങൾ നിരത്തി ഇടത് അംഗങ്ങൾ വ്യക്തമാക്കുന്നു.
ഭാരതാംബ ചിത്ര വിവാദത്തിൽ ഗവർണറുടെ സെനറ്റ് ഹാളിലെ പരിപാടിക്ക് അനുമതി നിഷേധിച്ചതിനെത്തുടർന്ന് സസ്പെൻഷനിലാണ് രജിസ്‌ട്രാർ ഡോ.കെ.എസ്.അനിൽകുമാർ. ഓഫീസിൽ കയറരുതെന്ന വി.സിയുടെ നിർദ്ദേശം അവഗണിച്ച് ഇന്നലെയും രജിസ്ട്രാർ ഓഫീസിലെത്തിയിരുന്നു.
കെട്ടിക്കിടക്കുന്ന ആയിരത്തോളം ബിരുദ സർട്ടിഫിക്കറ്റിനുള്ള അപേക്ഷകളിൽ തീരുമാനമെടുക്കാൻ വ്യാഴാഴ്ച വി.സി സർവകലാശാലയിലെത്തിയേക്കുമെന്നാണ് വിവരം. തടയുമെന്ന് എസ്.എഫ്.ഐ പ്രഖ്യാപിച്ച സാഹചര്യത്തിൽ മതിയായ പൊലീസ് സുരക്ഷയൊരുക്കാൻ ഗവർണർ ഡിജിപിയോട് നിർദ്ദേശിച്ചിരിക്കുകയാണ്. കാര്യവട്ടം ക്യാമ്പസിലെ ഡെമോഗ്രാഫി വിഭാഗത്തിന്റെ സെമിനാറിന് ഇന്നലെ വി.സി അനുമതി നൽകി. വകുപ്പു മേധാവി നേരിട്ടാണ് അനുമതിക്കായുള്ള ഫയൽ വി.സിക്കയച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |