മലയാള സിനിമയിൽ നിന്ന് ആരും വിളിക്കുന്നില്ലെന്ന് നടി പ്രിയങ്ക അനൂപ്. മലയാളത്തിൽ അവസരങ്ങൾ കുറവാണ്. എന്താണ് സംഭവിക്കുന്നതെന്നറിയില്ല. സീരിയലിലൂടെയും കൊളാബിലൂടെയും മറ്റും വരുമാനം കിട്ടുന്നുണ്ട്. വിധിച്ചതാണെങ്കിൽ കിട്ടിയിരിക്കും. മറ്റ് ഭാഷകളിൽ അവസരം കിട്ടാൻ കാത്തിരിക്കുകയാണെന്നും വിജയ്‌യുടെ സിനിമയിൽ അഭിനയിക്കണമെന്നാണ് ഏറ്റവും വലിയ ആഗ്രഹമെന്നും നടി വ്യക്തമാക്കി. ഒരു മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു പ്രിയങ്ക.
സുരേഷ് ഗോപിയുടെ ഇപ്പോഴത്തെ രീതികളോട് ഒട്ടും യോജിക്കുന്നില്ലെന്നും പ്രിയങ്ക പറഞ്ഞു. 'സുരേഷേട്ടനെ അന്ന് കണ്ടതുപോലെയായിരിക്കുമെന്ന് കരുതിയാകും ആളുകൾ വോട്ട് ചെയ്തത്. ഇപ്പോഴുള്ള രീതികൾ കാണുമ്പോൾ നമുക്കും വിഷമമാണ്. മാദ്ധ്യമപ്രവർത്തകരോടൊക്കെ എന്തെങ്കിലും പറയണമെങ്കിൽ സമാധാനത്തോടെ പറയാലോ. നിങ്ങളെ വെറുപ്പിച്ചിട്ടെന്തിനാണ്. രാഷ്ട്രീയത്തിൽ ഇറങ്ങിയതുകൊണ്ട് കുഴപ്പമില്ല, പക്ഷേ ജനങ്ങൾക്ക് വേണ്ടി എന്തെങ്കിലും നല്ലത് ചെയ്യണം. നമ്മൾ ജനങ്ങളുടെ ഇടയിൽ വെറുപ്പ് സമ്പാദിക്കരുത്. ഈ ജനങ്ങൾ തന്നെയാണ് നാളെ നമുക്ക് വോട്ട് ചെയ്യേണ്ടത്.'- പ്രിയങ്ക പറഞ്ഞു.
തനിക്കൊരു പ്രശ്നം വന്നപ്പോൾ കെ ബി ഗണേശ് കുമാർ കൂടെ നിന്നെന്നും നടി വ്യക്തമാക്കി. 'ഗണേശേട്ടൻ ഞങ്ങളുടെ കുടുംബവുമായി നല്ല ബന്ധമുള്ളയാളാണ്. എനിക്കൊരു പ്രശ്നം വന്നപ്പോൾ ഗണേശേട്ടൻ ഒറ്റ വാക്കേ പറഞ്ഞിട്ടുള്ളൂ. ആ കുട്ടിയെ ഒന്നും ചെയ്യരുത്, അവൾ നിരപരാധിയാണെന്ന്. കേസിന്റെ ജഡ്ജ്‌മെന്റ് വന്നപ്പോൾ ആദ്യം ഗണേശേട്ടനെയാണ് വിളിച്ചത്. ചേട്ടൻ പറഞ്ഞതുപോലെ ഞാൻ നിരപരാധിയാണെന്ന് പറഞ്ഞു. ആര് എന്തൊക്കെ പറഞ്ഞാലും ആ ഒരു നന്ദി ഇപ്പോഴും ഉണ്ട്. രാഷ്ട്രീയപരമായി പറയുകയാണെങ്കിൽ അദ്ദേഹം എത്രയോ നല്ല കാര്യങ്ങൾ ചെയ്തിട്ടുണ്ട്.'- പ്രിയങ്ക പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |