ന്യൂഡല്‍ഹി: ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ ഈ സീസണ്‍ മാറ്റിവയ്ക്കുന്നുവെന്ന റിപ്പോര്‍ട്ടില്‍ പ്രതികരിച്ച് സൂപ്പര്‍താരം സുനില്‍ ഛേത്രി. നിലവിലെ അവസ്ഥയില്‍ ആശങ്കയും നിരാശയുമുണ്ടെന്ന് ഛേത്രി പ്രതികരിച്ചു. സമൂഹമാദ്ധ്യമമായ എക്‌സില്‍ പങ്കുവെച്ച കുറിപ്പിലാണ് താരം ഇത്തരത്തില്‍ അഭിപ്രായം പങ്കുവച്ചത്. ഭാവിയില്‍ ഇന്ത്യന്‍ ഫുട്ബാള്‍ മെച്ചപ്പെടുമെന്ന പ്രതീക്ഷയും താരം പങ്കുവെച്ചു. സമീപകാലത്തെ സംഭവവികാസങ്ങള്‍ ഇന്ത്യന്‍ ഫുട്‌ബോളിന് ശുഭവാര്‍ത്തകളല്ല സമ്മാനിക്കുന്നത്.
ദേശീയ ടീം ദുര്‍ബലരായ എതിരാളികളോട് പോലും വിജയിക്കാന്‍ ബുദ്ധിമുട്ടുകയാണ്. തുടര്‍ തോല്‍വികള്‍ക്ക് പിന്നാലെ പരിശീലകന്‍ മനോലോ മാര്‍ക്കസ് സ്ഥാനമൊഴിഞ്ഞിരുന്നു. ഫിഫ റാങ്കിംഗില്‍ ഇന്ത്യ വളരെ താഴേക്ക് പതിക്കുകയും 133ാം സ്ഥാനത്തേക്ക് വീഴുകയും ചെയ്തിരുന്നു.
'ഇന്ത്യന്‍ ഫുട്ബാളിന്റെ നിലവിലെ അവസ്ഥ വളരെ ആശങ്കാജനകമാണ്. താരങ്ങള്‍, സ്റ്റാഫ് അംഗങ്ങള്‍, ഫിസിയോകള്‍ എന്നിവരില്‍ നിന്നെല്ലാം ധാരാളം സന്ദേശങ്ങള്‍ ലഭിക്കുന്നുണ്ട്. എന്റെ ക്ലബില്‍നിന്ന് മാത്രമല്ല, മറ്റ് ക്ലബുകളില്‍ നിന്നും. നമ്മള്‍ നേരിടുന്ന അനിശ്ചിതത്വത്തെക്കുറിച്ച് ഇന്ത്യന്‍ ഫുട്ബാള്‍ ലോകത്തെ എല്ലാവര്‍ക്കും ആശങ്കയുണ്ട്, വേദനയുണ്ട്, ഭയമുണ്ട്' -ഛേത്രി എക്‌സില്‍ കുറിച്ചു.
ഐഎസ്എല്‍ നടത്തിപ്പുകാരായ ഫുട്ബാള്‍ സ്‌പോര്‍ട്‌സ് ഡെവലപ്‌മെന്റ് ലിമിറ്റഡും (എഫ്.എസ്.ഡി.എല്‍) അഖിലേന്ത്യ ഫുട്ബാള്‍ ഫെഡറേഷനും തമ്മിലെ സംപ്രേഷണ തര്‍ക്കം പരിഹരിക്കപ്പെടാത്ത സാഹചര്യത്തിലാണ് 2025-26 സീസണ്‍ അനിശ്ചിതമായി നീട്ടിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |