കഴിഞ്ഞ ദിവസം, കേരള ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ സംസ്ഥാനത്തെ അത്യുന്നതനായ ഒരു ഉദ്യോഗസ്ഥനുമായി ടെലിഫോണിൽ ബന്ധപ്പെട്ട അവസരത്തിൽ ആ ഉദ്യോഗസ്ഥൻ പ്രതികരിച്ചത് ഗവർണർക്ക് പ്രണാമം അർപ്പിച്ചുകൊണ്ടാണ്. അതു കേട്ട ഗവർണറുടെ മറുപടി, പ്രണാമം എന്നു പറഞ്ഞാൽ അങ്ങ് പ്രതിരോധത്തിലാവുമോ എന്ന ആശങ്ക അറിയിച്ചുകൊണ്ടായിരുന്നു. "പ്രണാമം എന്ന് അങ്ങ് പറയുന്നത് കേൾക്കുമ്പോൾ എനിക്കുള്ളിൽ ഭയമാണ് തോന്നുന്നത് " എന്ന് പ്രസ്താവിച്ച ശേഷം ഗവർണർ വിഷയത്തിലേക്ക് കടന്നു.
ഉന്നതോദ്യോഗസ്ഥന് പെട്ടെന്നു തന്നെ കാര്യം പിടി കിട്ടി. ഗവർണറുടേത് നർമ്മത്തിൽ ചാലിച്ച പരിഹാസമായിരുന്നു. അടുത്തിടെ സംസ്ഥാനത്ത് ഉയർത്തിയ ചില വിവാദങ്ങളുടെയും, അവയുടെ ഭാഗമായി അരങ്ങേറിയ കോലാഹലങ്ങളുടെയും കോപ്രായങ്ങളുടെയും പശ്ചാത്തലാത്തിൽ ഗവർണർ ഉന്നയിച്ച ആശങ്ക ഉദ്യോഗസ്ഥനും അതേ 'സ്പിരിറ്റി"ൽ ഉൾക്കൊണ്ടതായി തോന്നി. അതിലടങ്ങിയ ആക്ഷേപഹാസ്യവും അദ്ദേഹം ആസ്വദിച്ചിട്ടുണ്ടാവണം.
പ്രണാമം, നമസ്തെ, നമസ്കാരം തുടങ്ങിയ അഭിവാദന രീതികൾ തികച്ചും ഭാരതീയമാണ്. അതിൽ ആത്മീയതയുണ്ട്. ആദ്ധ്യാത്മികമായി അത്തരം അഭിസംബോധനയ്ക്ക് വ്യാഖ്യാന സാദ്ധ്യതകൾ ഏറെയാണ്. ഇവിടെ പ്രസക്തമല്ലാത്തതുകൊണ്ട് അതിലേക്ക് ഇപ്പോൾ കടക്കുന്നില്ല. എങ്കിലും കാലിക പ്രസക്തമായ മറ്റു ചിലത് ഇവിടെ എഴുതാതെ വയ്യ. അതുകൊണ്ടാണ് ആദരണീയനായ ഗവർണർ ആർലേക്കറുടെ ഫോൺ സംഭാഷണത്തിലെ പരാമർശം ആമുഖമായി ഉദ്ധരിച്ചത്.
ഭാരതാംബ വിവാദം കെട്ടടങ്ങാൻ അനുവദിക്കാതെ ആളിക്കത്തിച്ചുകൊണ്ടിരിക്കെയാണ് ഗുരുപൂജ പുതിയൊരു വിവാദമാക്കുന്നത്. പണ്ടൊരു പാശ്ചാത്യ പത്രപ്രവർത്തകൻ അഭിപ്രായപ്പെട്ടതുപോലെ, 'വിവാദ വ്യവസായത്തിന് വളക്കൂറുള്ള മണ്ണാണ്"കേരളമെന്ന് അനുദിനം തെളിയിച്ചു കൊണ്ടിരിക്കുകയാണ് നമ്മുടെ സംസ്ഥാനത്തെ സംഭവ വികാസങ്ങൾ.
ആഷാഢ മാസത്തിലെ പൗർണമി ഗുരുപൂർണിമ ആയിട്ടാണ് ഭാരതത്തിൽ ചിരപുരാതന കാലമായി ആചരിച്ചു വരുന്നത്. വേദവ്യാസന്റെ ജന്മദിനം കൂടി ആയതിനാൽ വ്യാസപൂർണിമ എന്നും ഈ പുണ്യദിനം അറിയപ്പെടുന്നു. വ്യാസ മഹർഷി ബ്രഹ്മസൂത്രം എഴുതി പൂർത്തിയാക്കിയത് ഈ ദിവസത്തിലാണെന്നും വിശ്വസിക്കപ്പെടുന്നു. ഭഗവാൻ ബുദ്ധൻ ബോധോദയത്തെ തുടർന്ന്, തന്റെ ശിഷ്യന്മാർക്ക് ആദ്യോപദേശം നൽകിയതും ഗുരു പൂർണിമ ദിനത്തിലാണത്രെ. അന്നുതൊട്ട് ഇന്നുവരെ ഗുരുശിഷ്യബന്ധം ഊട്ടിയുറപ്പിക്കുന്നതിനും അതിന്റെ പരിപാവനത വിളിച്ചറിയിക്കുന്നതിനും ഗുരുപൂർണിമ വ്യാപകമായി ആചരിച്ചു വരുന്നു.
എന്നാൽ ഇക്കഴിഞ്ഞ ഗുരുപൂർണിമ ദിനത്തിൽ കേരളത്തിൽ ചില വിദ്യാലയങ്ങളിൽ നടന്ന ഗുരുപൂജാ ചടങ്ങ് വിവാദമായി. ഇത്തരം ചടങ്ങുകൾ കേരളത്തിന്റെ പാരമ്പര്യത്തിന് യോജിക്കുന്നതല്ലെന്ന് വാദിച്ചുകൊണ്ടാണ് വിദ്യാർത്ഥികളുടെ ഗുരുവന്ദനത്തെ എതിർക്കുന്നത്. എതിർപ്പ് പരസ്യമായി പ്രകടിപ്പിക്കുക മാത്രമല്ല, ഗുരുവന്ദനം സംഘടിപ്പിച്ച വിദ്യാലയങ്ങളോട് വിശദീകരണം ആരായുമെന്നും പ്രഖ്യാപനമുണ്ടായി. ചില വിദ്യാലയങ്ങളിലെ പ്രധാന അദ്ധ്യാപകരെ, ഗുരുപൂർണിമ ദിനത്തിൽ വിദ്യാർത്ഥികൾ ഗുരുക്കന്മാർക്ക് പാദപൂജ ചെയ്തു എന്ന കാരണത്താൽ പോലീസ് സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി എന്നുവരെ പരാതിയുണ്ട്. ഇതിനകം തിടുക്കത്തിൽ ബാലവകാശ കമ്മിഷൻ ചില വിദ്യാലയങ്ങളുടെ അധികൃതർക്കെതിരെ ബാലപീഡനത്തിന് കേസെടുത്തു.
" മാതാ പിതാ ഗുരു ദൈവം" എന്ന് പറഞ്ഞു പഠിച്ചാണ് നാമൊക്ക വളർന്നതും വളരുന്നതും. ത്രിമൂർത്തികളായ ബ്രഹ്‌മാ, വിഷ്ണു, മഹേശ്വരന്മാരായി ഗുരുക്കന്മാരെ വാഴ്ത്തുന്നതാണ് നമ്മുടെ പ്രാതസ്മരണയും പ്രാർത്ഥനയും തന്നെ. ജാതിക്കും മതത്തിനും പ്രാദേശിക പരിഗണകൾക്കും ഒക്കെ അതീതമാണ് ഗുരുവിനെ പാദപൂജ ചെയ്ത് ആദരിക്കുക എന്നത്. ആദരിക്കുന്നവരെ കാൽ തൊട്ട് വണങ്ങുക പതിവാണ്. അടുത്ത കാലത്തായി നമ്മുടെ കമ്മ്യൂണിസ്റ്റുകാരനായ മുഖ്യമന്ത്രിയെയും അവാർഡ് ദാനവേദികളിലും വിവാഹചടങ്ങുകളിലും മറ്റും ചിലർ അദ്ദേഹത്തിന്റെ പാദത്തിൽ തൊട്ട് വണങ്ങി ആദരവ് പ്രകടിപ്പിക്കുന്നത് കാണാറുണ്ട്. അദ്ദേഹം അത് വിലക്കി കണ്ടതുമില്ല. പെസഹാ വ്യാഴാഴ്ച ദിനത്തിൽ പള്ളികളിൽ കാൽ കഴുകൽ ശുശ്രൂഷ ഒരാചാരമാണ്. ആചാരത്തെക്കാളേറെ ഇതൊക്കെ ജനതയുടെ വികാരവും വിശ്വാസവുമാണ്. അതിനെയൊക്കെ വർഗീയവൽക്കരിക്കുകയും രാഷ്ട്രീയവൽക്കരിക്കുകയും ചെയ്യുന്നത് ആർക്കാണ് ഗുണം ചെയ്യുക?
ഇങ്ങനെയെങ്കിൽ ആചാരങ്ങളും വിശ്വാസങ്ങളും ഓരോന്നായി ഇനി വിവാദങ്ങളിലേക്ക് വലിച്ചിഴയ്ക്കപ്പെടും. നാടും നാട്ടാരും അതിന് വലിയ വില നൽകേണ്ടിയും വരും. ഇങ്ങനെ വന്നാൽ പുരാതന സ്ഥലനാമങ്ങൾ വരെ മാറ്റേണ്ടതായി വരും. തിരുവനന്തപുരം, തൃപ്പാദപുരം, ഗുരുവായൂർ തുടങ്ങിയ സ്ഥലപ്പേരുകളിൽ പോലും വർഗീയത ആരോപിക്കപ്പെടാം.ഗുരുവന്ദനത്തിൽ വർഗീയത ആരോപിച്ച് വിവാദം ഉയർത്തുമ്പോൾ, ഇവർ ചെയ്യുന്നതെന്തെന്ന് ഇവർക്ക് അറിയില്ല എന്ന ക്രിസ്തുവചനം ഉദ്ധരിക്കാനാണ് തോന്നുന്നത്. വനിതാ പ്രിൻസിപ്പൽ പിരിഞ്ഞുപോകുന്ന ദിവസം കലാലയത്തിനു മുന്നിൽ പ്രതീകാത്മകമായി പട്ടട ഒരുക്കിയതും, മറ്റൊരു പ്രിൻസിപ്പലിന്റെ കസേര കത്തിച്ചതുമൊക്കെ അജ്ഞത കൊണ്ടാണ് എന്നു കരുതുന്നതാണ് മനസിന് സുഖം. അവയൊക്കെ പൊറുക്കേണമേ എന്ന് പ്രാർത്ഥിക്കാം. പക്ഷെ മറക്കാനാവുമോ, മനസാക്ഷിയുള്ളവർക്ക്? ഗുരു പരമ്പരയോട് പ്രാർത്ഥിച്ച്, നമ്മെ നാമാക്കിയ ഗുരുക്കന്മാരുടെ പാദങ്ങൾ കണ്ണീർകൊണ്ട് കഴുകി പ്രായശ്ചിത്തം ചെയ്യാനേ ഇനിയിപ്പോൾ കഴിയൂ, പശ്ചാത്താപം തോന്നുവർക്ക്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |