ലക്നൗ: അഞ്ചുവയസുകാരിയുടെ കൊലപാതകത്തിന് പിന്നിൽ അമ്മയും കാമുകനും എന്ന് പൊലീസ് കണ്ടെത്തി. ഉത്തർപ്രദേശിൽ നടന്ന സംഭവത്തിൽ അമ്മ റോഷ്നി, കാമുകൻ ഉദിത് എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. റോഷ്നിയുടെ ഭർത്താവ് ഷാരൂഖാണ് കൊലപാതകം നടത്തിയത് എന്നായിരുന്നു റോഷ്നി ആരോപിച്ചത്. പൊലീസിന്റെ ചോദ്യം ചെയ്യലിലാണ് ഇരുവരും കുറ്റം സമ്മതിച്ചത്.
റോഷ്നിയുടെയും ഷാരൂഖിന്റെയും മകൾ സൈനയാണ് കൊല്ലപ്പെട്ടത്. ജൂലായ് 13നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഷാരൂഖിന്റെ സുഹൃത്തായ ഉദിതുമായി റോഷ്നി ബന്ധം പുലർത്തിയിരുന്നു. സംഭവ ദിവസം ഷാരൂഖ് വീട്ടിൽ ഇല്ലെന്ന വിവരം മനസിലാക്കിയ ഉദിത് റോഷ്നിയെ കാണാൻ എത്തുകയായിരുന്നു. ഇതിനിടെ ഇരുവരെയും കാണാൻ പാടില്ലാത്ത സാഹചര്യത്തിൽ അഞ്ചു വയസുകാരി സൈന കണ്ടു. ഇതു മനസിലാക്കിയ റോഷ്നിയും ഉദിതും ചേർന്ന് കുഞ്ഞിനെ പിടികൂടി വായിൽ തൂവാല തിരുകയായിരുന്നു. റോഷ്നി കുഞ്ഞിന്റെ വായിൽ തുണി തിരുകയും ഉദിത് കുഞ്ഞിന്റെ വയറ്റിൽ ചവിട്ടിപ്പിടിക്കുകയും ചെയ്തു. കുഞ്ഞു മരിച്ചെന്ന് ഉറപ്പായ ശേഷം ഇരുവരും കുളിച്ചുവന്ന് കുഞ്ഞിന്റെ മൃതദേഹത്തിനരികിലിരുന്ന് മദ്യപിച്ചു. തുടർന്ന് ലൈംഗികബന്ധത്തിലേർപ്പെട്ടു. ഭക്ഷണം കഴിച്ച് അവിടെത്തന്നെ കിടന്നുറങ്ങുകയായിരുന്നു.
കുട്ടിയുടെ അച്ഛൻ ഷാരൂഖാണ് കൊലപാതകം നടത്തിയതെന്നായിരുന്നു റോഷ്നി ആരോപിച്ചത്. ഷാരൂഖ് കെട്ടിടത്തിന് പുറത്തു കൂടി വലിഞ്ഞു കയറി നാലാംനിലയിലെത്തി കുഞ്ഞിനെ കൊലപ്പെടുത്തി എന്നായിരുന്നു റോഷ്നിയുടെ മൊഴി, എന്നാൽ അടുത്തിടെ നടന്ന അപകടത്തെ തുടർന്ന് കാലിന് മാരകമായി പരിക്കേറ്റ ഷാരൂഖിന് നടക്കാൻ പോലും കഴിയാത്ത സ്ഥിതിയായിരുന്നു. സമീപത്തെ സിസി ടിവി ദൃശ്യങ്ങളിലും ഷാരൂഖ് ഉണ്ടായിരുന്നില്ല, തുടർന്നാണ് പൊലീസ് റോഷ്നിയെ കസ്റ്റിഡയിലെടുത്ത് ചോദ്യം ചെയ്തതും ഇവർ കുറ്റം സമ്മതിച്ചതും. കുഞ്ഞിനെ കൊന്ന് കുറ്റം ഷാരൂഖിന്റെ തലയിൽ കെട്ടിവച്ചാൽ ഭർത്താവിന്റെയും കുഞ്ഞിന്റെയും ശല്യം ഒരുമിച്ച് തീരുമെന്നും തങ്ങൾക്ക് പിന്നീട് സുഖമായി കഴിയാം എന്നുമായിരുന്നു പ്രതികളുടെ കണക്കുകൂട്ടൽ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |