കണ്ണൂർ: ജില്ലയിലെ ഭൂഗർഭ ജലനിരപ്പ് ക്രമാതീതമായി കുറയുന്നത് ഒഴിവാക്കാൻ ജല സംരക്ഷണ പ്രവർത്തനങ്ങൾക്ക് രൂപം നൽകാൻ കണ്ണൂർ കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന നവകേരളം കർമ്മ പദ്ധതി ജില്ലാ മിഷൻ യോഗത്തിൽ തീരുമാനം. ജലചൂഷണം വർദ്ധിക്കുന്ന പാനൂർ , തലശ്ശേരി , കണ്ണൂർ ബ്ലോക്ക് പഞ്ചായത്ത് എന്നിവിടങ്ങളെ ക്രിട്ടിക്കൽ ( നിർണായക ) വിഭാഗമായി പ്രഖ്യാപിക്കാനുള്ള സാദ്ധ്യതയെ തുടർന്നാണ് ഇവിടങ്ങളിൽ ജലസംരക്ഷണപ്രവർത്തനം ഊർജ്ജിതമാക്കാനുള്ള തീരുമാനം.
ദേശീയ സ്ഥാപനമായ നാഷണൽ കംപൈലേഷൻ ഓൺ ഡൈനാമിക് ഗ്രൗണ്ട് വാട്ടർ റിസോഴ്‌സസ് ഓഫ് ഇന്ത്യ നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് മൂന്ന് ബ്ളോക്കുകളിലും നഗരസഭകളിലും അമിതജലചൂഷണം നടക്കുന്നതായി കണ്ടെത്തിയത്. വാർഷിക ഭൂഗർഭജല പുനരുജ്ജീവനത്തേക്കാൾ കൂടുതൽ ജലചൂഷണം നടക്കുന്ന പ്രദേശങ്ങളെയാണ് ഈ വിഭാഗത്തിൽ പെടുത്തുന്നത്. നിലയിൽ പാനൂർ, തലശ്ശേരി , കണ്ണൂർ ബ്ലോക്കുകളും ഈ പരിധിയിലെ നഗരസഭകളും സെമി ക്രിട്ടിക്കൽ വിഭാഗത്തിലുള്ളത്..ഭൂജല ഉപയോഗത്തിന്റെയും ഭൂഗർഭ ജല റീചാർജ്ജിന്റെയും അടിസ്ഥാനത്തിൽ പ്രദേശങ്ങളെ സുരക്ഷിതം, സെമി -ക്രിട്ടിക്കൽ, ക്രിട്ടിക്കൽ എന്നിങ്ങനെയാണ് തരം തിരിക്കാറുള്ളത്.
യോഗത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.കെ.കെ.രത്നകുമാരി അദ്ധ്യക്ഷത വഹിച്ചു. ജില്ലാ കളക്ടർ അരുൺ കെ.വിജയൻ,ഹരിത കേരളം ജില്ലാ മിഷൻ കോ ഓഡിനേറ്റർ ഇ.കെ. സോമശേഖരൻ , കല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.പി.ഷാജിർ , തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടർ ടി.ജെ.അരുൺ , പ്ലാനിംഗ് ഓഫീസർ നിനോജ് എന്നിവർ പങ്കെടുത്തു.
ജലസംരക്ഷണപ്രവർത്തനം ഇങ്ങനെ
കുഴൽ കിണറുകൾക്ക് കർശന നിയന്ത്രണം
.ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ ജല സാക്ഷരതാ പ്രവർത്തനം
ജില്ലയിലെ 21 ഹയർ സെക്കൻഡറി സ്ക്കൂളുകളിലെ ജലഗുണ പരിശോധനാ ലാബുകൾ സജീവമാക്കും
ജില്ലാതല ജലബഡ് ജറ്റ് തയ്യാറാക്കും
മാപ്പത്തോൺ മാപ്പിംഗ് പൂർത്തീകരിച്ച തദ്ദേശ ഭരണ സ്ഥാപനങ്ങളിലെ നീർച്ചാലുകൾ പുനരുദ്ധരിക്കും
ആഗസ്ത് അവസാനത്തോടെ സമ്പൂർണ പച്ചത്തുരുത്ത് ജില്ല
മികച്ച പച്ചത്തുരുത്തുകൾ കണ്ടെത്തുന്നതിനായി ജില്ലാതല വിദഗ്ധ സമിതി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |