ആലപ്പുഴ: വില്ലേജ് ഫീൽഡ് അസിസ്റ്റന്റുമാരുടെ അമിത ജോലിഭാരം കുറയ്ക്കുന്നത് ഒഴിവാക്കണമെന്ന കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിന്റെ നിർദ്ദേശത്തിൽ നടപടി സ്വീകരിക്കാതെ സർക്കാർ. വില്ലേജ് ഓഫീസ് മാന്വൽ പ്രകാരം വി.എഫ്.എമാരെ ചുമതലപ്പെടുത്തിയിട്ടില്ലാത്തതും പരിശീലനം ലഭിച്ചിട്ടില്ലാത്തതുമായ ജോലികൾ നിർബന്ധിച്ച് ചെയ്യിക്കുന്നു എന്ന പരാതിയിലായിരുന്നു നടപടി.
കേരള റവന്യൂ വില്ലേജ് സ്റ്റാഫ് ഓർഗനൈസേഷൻ (കെ.ആർ.വി.എസ്.ഒ) നൽകിയ പരാതിയിൽ 2024 മാർച്ച് 22ന് കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണൽ അനുകൂല നടപടിയെടുത്തിരുന്നു. വിഷയം പരിശോധിച്ച് ഉത്തരവിറക്കാൻ സർക്കാരിനോട് ആവശ്യപ്പെട്ടു.
ഇതിന്റെ അടിസ്ഥാനത്തിൽ 2024 ജൂലായ് 10ന് ഇറങ്ങിയ ഉത്തരവ് പ്രകാരം ഇവരുടെ ജോലി നിർണയിച്ചു നൽകുന്നതിനായി ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ലാൻഡ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മെന്റ് (ഐ.എൽ.ഡി.എം) ഡയറക്ടറെ സർക്കാർ ചുമതലപ്പെടുത്തി. ഐ.എൽ.ഡി.എം ഡയറക്ടർ റിപ്പോർട്ട് ലാൻഡ് റവന്യൂ കമ്മിഷണർക്ക് നൽകിയെങ്കിലും ഏഴുമാസങ്ങളോളം മേശപ്പുറത്ത് കിടന്ന ശേഷം കഴിഞ്ഞ മാസം സർക്കാരിലേക്ക് പോയെങ്കിലും ഉത്തരവ് ഇറങ്ങിയിട്ടില്ല.
വില്ലേജ് ഓഫീസ് മാന്വൽ പ്രകാരം വില്ലേജ് ഫീൽഡ് അസിസ്റ്റന്റുമാർക്ക് നാല് ചുമതലകളാണ് നൽകിയിരിക്കുന്നത്. ഇതിൽ അവസാനത്തെ ചുമതലയായി പറഞ്ഞിരിക്കുന്ന വില്ലേജ് ഓഫീസർ ചുമതലപ്പെടുത്തുന്ന ഫീൾഡ് ജോലികൾ ഉൾപ്പടെ മറ്റെല്ലാ ഔദ്യോഗിക ജോലികളും നിർവഹിക്കുക എന്ന കടമ ദുരുപയോഗം ചെയ്താണ് അമിത ജോലികൾ ചെയ്പിക്കുന്നത്. ഇത് വ്യാഖ്യാനിച്ച് ക്ലറിക്കൽ ജോലികൾ വരെ വി.എഫ്.എമാരെക്കൊണ്ട് ചെയ്പിക്കുന്നുണ്ട്.
ജോലികൾ
വില്ലേജിൽ പിരിയുന്ന തുകകൾ സർക്കാർ ഖജനാവിൽ അടയ്ക്കുന്നതിന് വില്ലേജ് ഓഫീസറെ സഹായിക്കുക
നികുതിദായരുടെയോ കുടിശികക്കാരുടെയോ പേരിലുള്ള ഡിമാന്റ് നോട്ടീസുകളും മറ്റെല്ലാവിധ നോട്ടീസുകളും യഥാവിധി നടത്തുക
നികുതിദായകരിൽ നിന്ന് നികുതി ഇനത്തിലുള്ള തുകകൾ ഓൺലൈനായോ അല്ലാതെയോ സ്വീകരിച്ച് രസീത് നല്കുകയും വിവരം ബന്ധപ്പെട്ട അക്കൗണ്ടിലോ ലഡ്ജറിലോ ചേർക്കുകയും ചെയ്യുക
വില്ലേജ് ഓഫീസർ ചുമതലപ്പെടുത്തുന്ന ഫീൽഡ് ജോലികൾ ഉൾപ്പടെ മറ്റെല്ലാ ഔദ്യോഗിക ജോലികളും നിർവഹിക്കുക
വി.എഫ്.എമാരുടെ ജോലി കൃത്യമായി നിർണയിക്കുന്നത് സംബന്ധിച്ച് സർക്കാർ എത്രയും വേഗം ഉത്തരവ് ഇറക്കണം. ജോലി നിർണയിക്കുന്നതിന് പരമാവധി മൂന്ന് മാസാണ് നൽകിയത്. ഏഴുമാസമായിട്ടും നടപടി ആയിട്ടില്ല
- എസ്.രമേഷ്‌കുമാർ
പ്രസിഡന്റ്
കേരള റവന്യൂ വില്ലേജ് സ്റ്റാഫ് ഓർഗനൈസേഷൻ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |