@ ഒരുവർഷം നീക്കിയത് 29 ലക്ഷം കിലോ മാലിന്യം
കോഴിക്കോട്: അഴകുള്ള നാടൊരുക്കാൻ കർമ്മനിരതരായ ഹരിതസേന ശേഖരിച്ച മാലിന്യം വിറ്റു നേടിയത് 41 ലക്ഷം. പ്ളാസ്റ്റിക് മാലിന്യം ഉൾപ്പെടെ വീടുകൾ, സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ നിന്ന് ശേഖരിച്ച് ക്ളീൻ കേരള കമ്പനിയ്ക്ക് കൈമാറിയാണ് 2024-25 വർഷത്തിൽ ഹരിതകർമ്മ സേനാംഗങ്ങൾ 41,52, 402 ലക്ഷം അക്കൗണ്ടിലാക്കിയത്. തൊട്ടു മുമ്പുള്ള വർഷം 32 ലക്ഷമായിരുന്നു. 2967006 കിലോ മാലിന്യമാണ് 78 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ നിന്നായി നീക്കം ചെയ്തത്. ഇതിൽ 452608 കിലോ തരംതിരിച്ച പ്ലാസ്റ്റിക് മാലിന്യമാണ്. 2023-24ൽ 1973189.505 കിലോ മാലിന്യംനീക്കം ചെയ്തതിൽ 1542340.35 കിലോ പ്ലാസ്റ്റിക്കാണ് ശേഖരിച്ചത്. 3312 ഹരിത കർമ്മ സേന അംഗങ്ങളാണ് ജില്ലയിലുള്ളത്. ഇവർ മാലിന്യം ശേഖരിച്ച് ശുചിത്വ മിഷന് കീഴിലുള്ള ക്ലീൻ കേരള കമ്പനിയ്ക്ക് കെെമാറുകയും ഇവർ റീസൈക്കിൾ ചെയ്ത് മൂല്യവർദ്ധിത ഉത്പന്നങ്ങളായി മാറ്റുന്നതിന് വിവിധ ഏജൻസികൾക്ക് വിൽക്കുകയുമാണ് ചെയ്യുന്നത്. തരംതിരിച്ച് വിൽക്കാനാകാത്ത പ്ളാസ്റ്റിക് മാലിന്യം പൊടിച്ച് റോഡ് നിർമ്മാണത്തിനായി നൽകും. പ്ളാസ്റ്റിക് കൂടാതെ ഇ വേസ്റ്റ്, ചില്ല്, തുണി മാലിന്യം, സ്ക്രാപ്പ് എന്നിവയാണ് ശേഖരിക്കുന്നത്.
ശേഖരിച്ച മാലിന്യം ( 2024- 2025)
തരംതിരിച്ച പ്ലാസ്റ്റിക്.............. 452608.378
ഇ- വേസ്റ്റ്.......................................13940.96
ചില്ലു മാലിന്യം............................110165
തുണികൾ......................................137150
സ്ക്രാപ്പ്.........................................61542
നിഷ്ക്രിയ മാലിന്യം....................2191600
ജില്ലയിലെ ഹരിത കർമ്മസേന അംഗങ്ങൾ 3312
ഇനി ഇ-മാലിന്യവും ശേഖരിക്കും
ഇ മാലിന്യങ്ങളും ഇനി പണം നൽകി ഹരിത കർമസേന ശേഖരിക്കും.വീടുകളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും നിശ്ചിത വില നിശ്ചയിച്ച് ഇ മാലിന്യങ്ങൾ (ഇലക്ട്രോണിക് മാലിന്യം) ശേഖരിക്കുന്ന പദ്ധതിയ്ക്ക് ജില്ലയിൽ തുടക്കം. ജില്ലയിലെ ഏഴ് നഗരസഭകളിലാണ് പദ്ധതി നടപ്പിലാക്കുന്നത്. ആദ്യഘട്ടത്തിന് കൊയിലാണ്ടി മുനിസിപ്പാലിറ്റിയിൽ തുടക്കമായി. ഫ്രിഡ്ജ്, ലാപ്‌ടോപ്പ്, എൽ.സി.ഡി/ എൽ.ഇ.ഡി ടി.വി, വാഷിംഗ് മെഷീൻ തുടങ്ങി 44 ഇനങ്ങളാണ് ശേഖരിക്കുക. ഉപഭോക്താവിൽ നിന്ന് ശേഖരിക്കുന്ന സാധനങ്ങളിന്മേൽ കിലോയ്ക്ക് ഇനം തിരിച്ച് നിശ്ചിത വില നൽകും. ക്ലീൻ കേരളയ്ക്ക് കൈമാറുന്ന മാലിന്യത്തിന് കമ്മിഷൻ അടക്കമുള്ള വിഹിതം ഹരിതകർമ്മ സേനയ്ക്ക് നൽകും. ഇവയിൽ ഉപയോഗിക്കാൻ സാധിക്കുന്നവ പുനരുപയോഗത്തിന് കൈമാറും. അല്ലാത്തവ നശിപ്പിക്കാൻ ഗവ.അംഗീകൃത എജൻസികൾക്ക് നൽകും. അടുത്ത മാസം 15 വരേയാണ് മാലിന്യം ശേഖരിക്കുക. നേരത്തേ ഹരിതകർമ്മ സേന ഇ മാലിന്യം ശേഖരിച്ചിരുന്നെങ്കിലും ഏറ്റെടുക്കാൻ ആരും വരാത്തതിനാൽ വിജയകരമായിരുന്നില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |