കൊച്ചി: ഷാർജയിലെ ഫ്ലാറ്റിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ വിപഞ്ചികയുടെയും മകൾ വൈഭവിയുടെയും മൃതദേഹങ്ങൾ നാട്ടിലെത്തിക്കണമെന്ന ഹർജിയിൽ വിപഞ്ചികയുടെ ഭർത്താവ് നിധീഷിനെ കക്ഷി ചേർക്കാൻ ഹൈക്കോടതി നിർദ്ദേശിച്ചു. മൃതദേഹം തിരികെയെത്തിച്ച് വീണ്ടും പോസ്റ്റുമോർട്ടം ചെയ്യണമെന്നാവശ്യവുമായി വിപഞ്ചികയുടെ മാതൃസഹോദരി എസ്.ഷീല സമർപ്പിച്ച ഹർജിയിലാണ് ജസ്റ്റിസ് എൻ.നഗരേഷിന്റെ നിർദ്ദേശം. മൃതദേഹങ്ങൾ ഏറ്റുവാങ്ങാൻ നിയമപരമായി അവകാശമുള്ള ഭർത്താവിനെ കേൾക്കാതെ ഇക്കാര്യത്തിൽ തീരുമാനമെടുക്കാനാകില്ലെന്ന് കോടതി വ്യക്തമാക്കി. എംബസിയുടെ നിലപാടുമറിയണം. ഹർജി ഇന്ന് വീണ്ടും പരിഗണിക്കും.ഭർതൃവീട്ടുകാരിൽ നിന്ന് വിപഞ്ചിക ശാരീരിക മാനസിക പീഡനത്തിന് ഇരയായെന്ന് ഹർജിക്കാരി വാദിച്ചു. ഈ സാഹചര്യത്തിൽ വിപഞ്ചിക ഒരു വയസുള്ള കുട്ടിയോടൊപ്പം ജീവനൊടുക്കിയെന്ന് പറയുന്നത് വിശ്വസിക്കാനാകുന്നില്ല. വിശദമായ അന്വേഷണം വേണമെന്നും ഹർജിയിലുണ്ട്. മാതാവ് ഷാർജയിലേക്ക് പോയതിനാലാണ് ഹർജി നൽകാൻ മാതൃസഹോദരിയെ ചുമതലപ്പെടുത്തിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |