തൃശൂർ: ഇന്ന് കർക്കടകം പിറന്നു, രാമായണ മാസാചരണത്തിന് ഇന്ന് തുടക്കം. ലക്ഷക്കണക്കിന് പേർ തീർത്ഥാടനത്തിന് എത്തുന്ന നാലമ്പല ദർശനത്തിനും ഇന്ന് തുടക്കം. തൃപ്രയാർ ശ്രീരാമ ക്ഷേത്രം, ഇരിങ്ങാലക്കുട കൂടൽമാണിക്യം, തിരുമൂഴികുളം ലക്ഷ്മണ പെരുമാൾ ക്ഷേത്രം, പായമ്മൽ ശത്രുഘ്‌ന ക്ഷേത്രം എന്നിവിടങ്ങൾ ഉൾപ്പെടുന്ന നാലമ്പല ദർശനത്തിന് ഇന്ന് മുതൽ ഒരു മാസക്കാലം വൻ ഭക്തജനത്തിരക്ക് അനുഭവപ്പെടും. പുലർച്ചെ 3.30 മുതൽ തന്നെ തൃപ്രയാർ ശ്രീരാമ ക്ഷേത്രത്തിൽ ദർശനം ആരംഭിക്കും. എല്ലാ ക്ഷേത്രങ്ങളിലും വിപുലമായ സൗകര്യങ്ങളാണ് ഏർപ്പെടുത്തിയിട്ടുള്ളത്. കെ.എസ്.ആർ.ടി.സി പ്രത്യേക സർവീസ് നടത്തുന്നുണ്ട്. ഡി.ടി.പി.സിയും നാലമ്പല ദർശന പാക്കേജിന് രൂപം നൽകിയിട്ടുണ്ട്. തൃപ്രയാറിൽ ഭക്തർക്ക് ആവശ്യമായ എല്ലാ സൗകര്യങ്ങളും ഏർപ്പെടുത്തിയിട്ടുണ്ടെന്ന് ദേവസ്വം മാനേജർ മനോജ് കെ.നായർ പറഞ്ഞു.
ചേർപ്പ് - തൃപ്രയാർ വഴി തടസം
ചിറയ്ക്കൽ പാലം നിർമ്മാണം നടക്കുന്നതിനാൽ ചേർപ്പ് - തൃപ്രയാർ വഴി തീർത്ഥാടകർക്ക് പോകാനാകില്ല. പകരം അന്തിക്കാട്, കാഞ്ഞാണി വഴിയും വാടാനപ്പിള്ളി വഴി തൃപ്രയാറിലേക്ക് എത്തിച്ചേരണം. പുള്ള്, അമ്മാടം റോഡുകളിലെ വെള്ളക്കെട്ടും യാത്രക്കാർക്ക് ദുരിതമാകും.
വടക്കുന്നാഥനിൽ ഇന്ന് കരിവീരൻമാർ നിറയും
കർക്കടകപ്പുലരിയിൽ ഇന്ന് വടക്കുന്നാഥനിൽ കരിവീരൻമാർ നിറയും. രാമായണ മാസാചരണത്തിന് തുടക്കംകുറിച്ച് വടക്കുന്നാഥന്റെ തെക്കേനടയിൽ അറുപതിലേറെ കരിവീരൻമാർക്ക് ഊട്ട് നൽകും. നാലു വർഷത്തിലൊരിക്കൽ നടക്കുന്ന ഗജപൂജയ്ക്കു ശേഷമാണ് ആനയൂട്ട്. രാവിലെ എഴിന് വെള്ള കരിമ്പടം വിരിച്ച് പങ്കെടുക്കുന്ന ആനകൾക്ക് ഗജപൂജ നടക്കും. തുടർന്ന് ഒമ്പതരയോടെ ആനയൂട്ട് ആരംഭിക്കും. 500 കിലോ അരിയുടെ ചോറാണ് തയ്യാറാക്കുന്നത്. 10 ഉരുള വീതം നൽകും. കൂടാതെ പൈനാപ്പിൾ, കരിമ്പ്, കക്കിരി, ചോളം, നേന്ത്രപ്പഴം, പത്ത് പനമ്പട്ട, ഔഷധ ചൂർണം എന്നിവ നൽകും. ക്ഷേത്രോപദേശക സമിതിയുടെ നേതൃത്വത്തിലാണ് ആനയൂട്ട്.
മഹാ ഗണപതി ഹോമം
മഹാ ഗണപതി ഹോമം പുലർച്ചെ അഞ്ചിന് ആരംഭിക്കും. 12008 നാളികേരം, 2500 കിലോ ശർക്കര, ആയിരം കിലോ അവിൽ, 250 കിലോ മലർ, നൂറുകിലോ എള്ള്, 50 കിലോ തേൻ, കരിമ്പ്, ഗണപതി നാരങ്ങ എന്നിങ്ങനെയാണ് മഹാഗണപതി ഹോമത്തിന് ഉപയോഗിക്കുന്ന ദ്രവ്യങ്ങൾ. ക്ഷേത്രം തന്ത്രി പുലിയന്നൂർ ശങ്കരനാരായണൻ നമ്പൂതിരിയുടെ മുഖ്യകാർമികത്വത്തിലാണ് ഗണപതി ഹോമം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |