തിരുവനന്തപുരം: മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ മാറ്റിനിറുത്തി കേരളത്തിന് ഒരു ചരിത്രമില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ പറഞ്ഞു. പി.ടി.ചാക്കോ രചിച്ച ഉമ്മൻചാണ്ടിയുടെ രാഷ്ട്രീയ ജീവചരിത്രം 'വിസ്മയ തീരത്ത്" എന്ന പുസ്തകം സൂര്യ കൃഷ്ണമൂർത്തിക്ക് നൽകി പ്രകാശനം ചെയ്യുകയായിരുന്നു അദ്ദേഹം.
ജനങ്ങളുമായി ഇഴുകിചേർന്ന ഭരണാധികാരിയായിരുന്നു ഉമ്മൻചാണ്ടി. തങ്ങൾക്ക് മാതൃകയാക്കാൻ കഴിയുന്നതിനും അപ്പുറത്തുള്ള നേതാവാണ് അദ്ദേഹം. ജനങ്ങളുടെ ആവശ്യത്തിന് വേണ്ടി ഏതറ്റംവരെയും പോകുന്ന പ്രകൃതം. നിയമപരമായ തടസങ്ങൾക്കുപോലും തീർപ്പുണ്ടാക്കുന്നതും പ്രശ്നങ്ങൾക്ക് പരിഹാരമുണ്ടാക്കുന്നതും അത്രമേൽ വേഗതയിലായിരിക്കും. മുഖ്യമന്ത്രിയായിരുന്നപ്പോഴും പ്രതിപക്ഷ നേതാവായിരുന്നപ്പോഴും അടുത്തുനിന്ന് കണ്ട അപൂർവം സന്ദർഭങ്ങളാണ് പി.ടി.ചാക്കോ പുസ്തകത്തിൽ വിവരിച്ചിരിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. മുൻമന്ത്രി എം.എം.ഹസൻ, സി.എം.പി ജനറൽ സെക്രട്ടറി സി.പി.ജോൺ, എഴുത്തുകാരി റോസ്‌മേരി, ചലച്ചിത്ര നിർമ്മാതാവ് രഞ്ജിത്ത്, പ്രസാദ് കുറ്റിക്കോണം തുടങ്ങിയവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |