ന്യൂഡൽഹി: സമഗ്ര വോട്ടർപട്ടിക പരിഷ്‌കരണത്തിനെതിരെ (എസ്.ഐ.ആർ) എൻ.ഡി.എ സഖ്യകക്ഷിയായ തെലുങ്കു ദേശം പാർട്ടി (ടി.ഡി.പി). ബീഹാറിലേതുപോലെ തിരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രമുള്ളപ്പോൾ എസ്.ഐ.ആർ നടപ്പാക്കരുതെന്ന് ടി.ഡി.പി തിരഞ്ഞെടുപ്പ് കമ്മിഷന് നൽകിയ കത്തിൽ ആവശ്യപ്പെട്ടു. ബീഹാറിലെ വോട്ടർപട്ടിക പരിഷ്‌കരണത്തെ പ്രതിപക്ഷം ശക്തമായി വിമർശിക്കുന്നതിനിടെയാണ് എൻ.ഡി.എ സഖ്യകക്ഷിയും ആശങ്ക അറിയിച്ചത്.
എസ്.ഐ.ആറിന്റെ ലക്ഷ്യം പൗരത്വ രജിസ്‌ട്രേഷനല്ല, വോട്ടർപട്ടിക ശുദ്ധീകരണം മാത്രമാണെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ വ്യക്തമാക്കണമെന്നും ടി.ഡി.പി ആവശ്യപ്പെട്ടു. എസ്.ഐ.ആർ നടപ്പാക്കുന്ന രീതിയിൽ ആശങ്ക പ്രകടിപ്പിച്ച് ലോക്‌സഭയിലെ ടി.ഡി.പി കക്ഷിനേതാവ് ലാവു ശ്രീകൃഷ്ണ ദേവരായലുവാണ് മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിന് കത്ത് നൽകിയത്.
ആധാർ ഉപയോഗിച്ച് വോട്ടർ ഐ.ഡി നമ്പർ സ്ഥിരീകരിക്കണം, രേഖകൾ നൽകാൻ സമയം നൽകണം, പട്ടികയിലെ പിഴവുകൾ കണ്ടെത്താൻ എല്ലാ വർഷവും സി.എ.ജിയുടെ മേൽനോട്ടത്തിൽ മൂന്നാം കക്ഷി ഓഡിറ്റ് നടത്തണം തുടങ്ങിയ നിർദേശങ്ങളും ടി.ഡി.പി മുന്നോട്ടുവച്ചു. എസ്.ഐ.ആർ നടപടികളിൽ വ്യക്തത വേണമെന്നും മുൻ തിരഞ്ഞെടുപ്പിന്റെ വോട്ടർപട്ടികയിലുണ്ടായിരുന്നവരെ വ്യക്തമായ കാരണമില്ലാതെയും അന്വേഷണം നടത്താതെയും ഒഴിവാക്കരുതെന്നും ആവശ്യപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |